ബെംഗളൂരു: ആൾബലവും സ്വാധീനവുമുള്ള രണ്ട് നേതാക്കൾ. ഇവരിൽ ആരെ മുഖ്യമന്ത്രി കസേരയിൽ വാഴിക്കുമെന്ന തർക്കമാണ് കർണാടക രാഷ്ട്രീയത്തെ ഇപ്പോൾ പിടിച്ചു കുലുക്കുന്നത്. ബിജെപിയെ തറപറ്റിച്ച് വിജയിച്ച കോൺഗ്രസ് സിദ്ധരാമയ്യയെയോ അതോ ഡി കെ ശിവകുമാറിനെയോ തിരഞ്ഞെടുക്കുക എന്ന ആശയക്കുഴപ്പത്തിലാണ്. എംഎൽഎമാരുടെ പിന്തുണയിൽ മുന്നിൽ സിദ്ധരാമയ്യ ആണെങ്കിലും ഹൈക്കമാൻഡിന് താൽപ്പര്യം ഡി കെ ശിവകുമാറിനെയാണ്. അദ്ദേഹമാണ് യഥാർഥ വിജയശിൽപ്പിയെന്നാണ് വിലയിരുത്തൽ അതുകൊണ്ട് തന്നെ കർണാടകയിൽ സസ്‌പെൻസ് തുടരുകയാണ്.

ഇന്നലെ ചേർന്ന നിയമസഭാകക്ഷിയോഗത്തിൽ ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തിൽ തീരുമാനമായില്ല. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെയും കെപിസിസി. അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെയും പേരുകൾ യോഗത്തിൽ ഉയർന്നു. ഇതോടെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചുതലപ്പെടുത്തുന്ന പ്രമേയം പാസാക്കി യോഗം പിരിഞ്ഞു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട 135 പേരും പങ്കെടുത്ത യോഗം ഐകകണ്‌ഠ്യേന ഈ തീരുമാനമെടുത്തത്. കോൺഗ്രസ് ദേശീയ നേതൃത്വം നിരീക്ഷകരായി അയച്ച നേതാക്കൾ തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ഒറ്റയ്‌ക്കൊറ്റയ്ക്ക് കാണ്ടിട്ടുണ്ട്. തുടർന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. ഇതുകൂടി പരിഗണിച്ചാവും അന്തിമതീരുമാനം. സിദ്ധരാമയ്യയ്ക്കാണ് ഭൂരിഭാഗം എംഎ‍ൽഎ.മാരുടെയും പിന്തുണയെന്നാണ് സൂചന. മുതിർന്ന നേതാവെന്ന പരിഗണനയും ജനകീയനെന്ന പ്രതിച്ഛായയും അദ്ദേഹത്തിന് അനുകൂലഘടകങ്ങളാണ്. ഒരുതവണ മുഖ്യമന്ത്രിയായതിന്റെ പരിചയസമ്പത്തും അദ്ദേഹത്തിനുവേണ്ടി വാദിക്കുന്നവർ ഉയർത്തിക്കാട്ടുന്നു.

2013-ലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായത്. അന്നത്തെ സർക്കാർ ഇന്ദിരാ കാന്റീൻ പോലുള്ള ജനകീയ പദ്ധതികൾ നടപ്പാക്കി സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്നിരുന്നു. 75 വയസ്സുള്ള അദ്ദേഹത്തിന് ഒരുതവണകൂടി അവസരം നൽകണമെന്നാണ് പിന്തുണയ്ക്കുന്നവർ ആവശ്യപ്പെടുന്നത്. ഇത്തവണത്തേത് അവസാന തിരഞ്ഞെടുപ്പാണെന്ന് സിദ്ധരാമയ്യ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരിൽ പലരും, മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഡി.കെ. ശിവകുമാറിനെ അനുകൂലിക്കുന്നവരാണ്. പുതുമുഖങ്ങളായ പലർക്കും മത്സരിക്കാൻ അവസരമൊരുക്കിയത് അദ്ദേഹമാണ്. 135 സീറ്റുമായി പാർട്ടിയെ വൻവിജയത്തിലേക്ക് നയിച്ചത് ശിവകുമാറാണെന്ന് അവർ വാദിക്കുന്നു. പാർട്ടി ഹൈക്കമാൻഡിന്റെ പിന്തുണയും അദ്ദേഹത്തിനാണ്. മറ്റു സംസ്ഥാനങ്ങളിൽ പാർട്ടി പ്രതിസന്ധി നേരിടുമ്പോൾ തന്ത്രപരമായി പരിഹരിക്കാൻ ദേശീയനേതാക്കൾ സഹായം തേടുന്നയാളാണ് ശിവകുമാർ.

പാർട്ടിയെ സംഘടനാപരമായി മുന്നോട്ടുനയിക്കുന്ന മികവും അനുകൂലഘടകമാണ്. എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ശിവകുമാറിനൊപ്പം നിൽക്കുമെന്നാണ് വിലയിരുത്തൽ. 2013-ൽ മല്ലികാർജുൻ ഖാർഗെ മുഖ്യമന്ത്രിപദത്തിനടുത്തെത്തിയപ്പോൾ അദ്ദേഹത്തെ തട്ടിമാറ്റിയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായത്. ആദ്യഘട്ടത്തിൽ സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നൽകുകയും പിന്നീട് കെപിസിസി. അധ്യക്ഷൻ ഡി.കെ. ശിവകുമാറിന് കൈമാറുകയും ചെയ്യാമെന്ന അഭിപ്രായവുമുയരുന്നുണ്ട്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായാൽ ശിവകുമാറിന് ആഭ്യന്തരവകുപ്പ് ഉൾപ്പെടെയുള്ള ഉപമുഖ്യമന്ത്രിസ്ഥാനം നൽകാൻ നേതൃത്വം തയ്യാറായേക്കുമെന്നാണ് സൂചന.

നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിന് പാർട്ടി നിയമിച്ച നിരീക്ഷകരായ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിന്ദേ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ്, ദീപക് ബാബറിയ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരും പങ്കെടുത്തു.

വൻ വിജയത്തിന്റെ ശോഭ കെടുത്തിയ പോസ്റ്റർ യുദ്ധം

അതേസമയം വൻ വിജയത്തിന്റെ ശോഭ കെടുത്തമോ രണ്ട് നേതാക്കൾ തമ്മിലുള്ള ശക്തിപ്രകടനമെന്ന ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. സിദ്ധരാമയ്യ, ഡി.കെ ശിവകുമാർ പക്ഷങ്ങളുടെ ശക്തിപ്രകടനം കണ്ടാണ് ഇന്നലെ ബെംഗളൂരു ഉണർന്നത്. വൈകിട്ട് ബെംഗളൂരു പാലസ് റോഡിലെ ഷാംഗ്രിലാ ഹോട്ടലിൽ നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിലും ഇതു തുടർന്നു. വൈകിട്ട് 5.30 മുതൽ പാർട്ടി എംഎൽഎമാരുടെ വാഹനങ്ങൾ യോഗസ്ഥലത്തേക്ക് എത്തിത്തുടങ്ങി. 6.30ന് യോഗത്തിനായി സിദ്ധരാമയ്യ എത്തി.

ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ ചിത്രം പതിച്ച പതാകകളും പ്ലക്കാർഡുകളുമായി അനുയായികൾ കാറിനു മുന്നിൽ മുദ്രാവാക്യം വിളിച്ചു. ഇന്നാണ് ശിവകുമാറിന്റെ ജന്മദിനമെന്നും സമ്മാനമായി അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്നും അവർ ആവശ്യപ്പെട്ടു. 'സിദ്ധു, സിദ്ധു' എന്ന മുദ്രാവാക്യവുമായി സിദ്ധരാമയ്യയുടെ അനുയായികളും നിരത്തിൽ അണിനിരന്നു. രാത്രി 7.09ന് ശിവകുമാർ എത്തിയതോടെയാണ് കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനു തുടക്കമായത്.

സിദ്ധരാമയ്യയേയും ശിവകുമാറിനേയും പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റർ യുദ്ധമാണ് നഗരത്തിലെങ്ങും. ഇന്നലെ രാവിലെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സിദ്ധരാമയ്യ സന്ദർശിച്ചു. ശിവകുമാർ രാവിലെ തുമക്കൂരു നോൻവിനെക്കെരെ കാടു സിദ്ധേശ്വര മഠത്തിൽ എത്തി ആത്മീയഗുരുവിനെ സന്ദർശിച്ചു. തുടർന്ന് ശിവകുമാറിന്റെ സുമുദായമായ വൊക്കലിഗ മഠാധിപതികൾ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽവച്ചു. തുമക്കൂരുവിലെ ലിംഗായത്ത് സിദ്ധഗംഗാ മഠത്തിലും ശിവകുമാർ സന്ദർശനം നടത്തി പിന്തുണ തേടിയിരുന്നു. ഇതേവരെ സ്ഥാനമാനങ്ങളൊന്നും ചോദിച്ചിട്ടില്ലാത്ത താനും മുഖ്യമന്ത്രിയാകാനുണ്ടെന്ന് ഇതിനുശേഷമാണ് അദ്ദേഹം പറഞ്ഞത്. സിദ്ധരാമയ്യയുമായി തനിക്കു വ്യക്തിപരമായി അഭിപ്രായഭിന്നതകളൊന്നും ഇല്ലെന്നും വ്യക്തമാക്കി.

ജയിച്ചത് 9 മുസ്ലിം സ്ഥാനാർത്ഥികൾ, സംവരണ മണ്ഡലങ്ങളിൽ ജയിക്കാതെ ബിജെപി

മുസ്ലിം വിഭാഗത്തിൽ നിന്ന് വിജയിച്ച 9 പേരും കോൺഗ്രസുകാർ. 15 പേരാണ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചത്. ജനതാദൾ (എസ്) 23 മണ്ഡലങ്ങളിൽ മുസ്ലിം സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും ആരും വിജയിച്ചില്ല. മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവർക്ക് ബിജെപി സീറ്റ് നൽകിയിരുന്നില്ല. അതേസമയം 15 പട്ടികവർഗ സംവരണ മണ്ഡലങ്ങളിൽ ഒന്നിൽപ്പോലും വിജയിക്കാനാകാതെ ബിജെപി തകർന്നടിഞ്ഞു. ദളിത് വിഭാഗം കൈവിട്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ തീരുമാനം.

ഇതിൽ 14 സീറ്റുകളും കോൺഗ്രസ് നേടിയപ്പോൾ ഒരെണ്ണം ജനതാദളിനു (എസ്) ലഭിച്ചു. 36 പട്ടികജാതി സംവരണ സീറ്റുകളിൽ 21 എണ്ണം നേടി കോൺഗ്രസ് മുന്നിലെത്തി. 12 എണ്ണത്തിൽ ബിജെപി വിജയിച്ചു. 3 സീറ്റുകൾ ദളിനു ലഭിച്ചു. പട്ടിക ജാതി സംവരണം 15ൽ നിന്ന് 17 ശതമാനമായും പട്ടിക വർഗത്തിന്റേത് 3ൽ നിന്ന് 7 ശതമാനമായും ബിജെപി സർക്കാർ ഉയർത്തിയിരുന്നു. ഇതിൽത്തന്നെ പട്ടിക ജാതിക്കിടയിൽ ഉപസംവരണം നടപ്പിലാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ഇവ തിരഞ്ഞെടുപ്പിൽ വോട്ടായില്ലെന്നാണ് ഫലങ്ങൾ തെളിയിക്കുന്നത്.

അതേസമയം ബെള്ളാരി ഖനി ലോബിയിലെ സഹോദരങ്ങളിൽ ബിജെപിക്കൊപ്പം നിന്ന സോമശേഖര റെഡ്ഡിയും (ബെള്ളാരി സിറ്റി) കരുണാകര റെഡ്ഡിയും (ഹരപ്പനഹള്ളി) തോറ്റു; കെആർപിപി എന്ന സ്വന്തം പാർട്ടിയുമായി മത്സരിച്ച ജനാർദന റെഡ്ഡി (ഗംഗാവതി) ജയിച്ചു. സോമശേഖര റെഡ്ഡിയും ജനാർദന റെഡ്ഡിയുടെ ഭാര്യ അരുണ ലക്ഷ്മിയും തമ്മിലുള്ള കുടുംബപ്പോരിലൂടെ ശ്രദ്ധേയമായ ബെള്ളാരി സിറ്റിയിൽ വിജയിച്ചത് കോൺഗ്രസിന്റെ നാര ഭാരത് റെഡ്ഡി.

കനക്പുരയിലെ സിറ്റിങ് എംഎൽഎ കെപിസിസി അധ്യക്ഷൻ ഡി.െക ശിവകുമാറിനെ കെട്ടുകെട്ടിക്കാൻ ബിജെപി രംഗത്തിറക്കിയ വൊക്കലിഗ നേതാവും മുൻ മന്ത്രിയുമായ ആർ.അശോകയ്ക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെടും. 19753 വോട്ടുകൾ നേടിയ അശോക മൂന്നാംസ്ഥാനത്താണെത്തിയത്. എന്നാൽ, സിറ്റിങ് സീറ്റായ പത്മനാഭനഗറിൽ ജയിച്ചതിനാൽ എംഎൽഎയായി നിയമസഭയിലുണ്ടാകും.

കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയെ തറപറ്റിക്കാൻ ബിജെപി രംഗത്തിറക്കിയ മുൻ മന്ത്രി സോമണ്ണയ്ക്ക് മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും (വരുണ, ചാമരാജ്‌നഗർ) അടിതെറ്റി. വരുണയിൽ 46163 വോട്ടുകൾക്കാണ് സിദ്ധരാമയ്യ സോമണ്ണയെ പരാജയപ്പെടുത്തിയത്. ചാമരാജ്‌നഗറിൽ കോൺഗ്രസിലെ പുട്ടരംഗഷെട്ടിയോട് 7533 വോട്ടുകൾക്കായിരുന്നു സോമണ്ണയുടെ പരാജയം. അതിനിടെ ബിജെപിക്കേറ്റ തിരിച്ചടി വിശദമായി അവലോകനം ചെയ്യുമെന്ന് പടിയിറങ്ങിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. മേഖല, മണ്ഡല അടിസ്ഥാനത്തിൽ പാർട്ടിയുടെ പ്രകടനം വിലയിരുത്തും. കോൺഗ്രസ് വിശേഷിപ്പിച്ചതു പോലെ ഇതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയമല്ല. അദ്ദേഹം രാജ്യത്തിന്റെ മുഴുവൻ നേതാവാണ്. ബെംഗളൂരുവിലെ പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ അധ്യക്ഷനായിരുന്നു

തന്റെ തോൽവിക്ക് ന്യായീകരണവുമായി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറുമെത്തി. വോട്ടർമാർക്കു പണം നൽകിയാണു ബിജെപി തന്നെ പരാജയപ്പെടുത്തിയതെന്നു മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ. ബിജെപി സീറ്റു നിഷേധിച്ചതിനെ തുടർന്ന് ഹൂബ്ലിധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷെട്ടർ ബിജെപിയുടെ മഹേഷ് തേങ്കിനക്കായിയോട് 34,289 വോട്ടുകൾക്കു പരാജയപ്പെട്ടിരുന്നു. ബിജെപിയുടെ പണക്കൊഴുപ്പും സമ്മർദ തന്ത്രങ്ങളുമാണു പരാജയത്തിന്റെ കാരണം. വീടുകൾ തോറും കയറി ബിജെപി പ്രവർത്തകർ പണം നൽകി. തന്റെ പരാജയം ഉറപ്പാക്കാൻ നടത്തിയ കഠിന പ്രയത്‌നം ബിജെപിയുടെ വമ്പൻ പരാജയത്തിനു കാരണമായി.