- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്തെ ബിജെപിയിൽ വ്യാജ മെത്രാൻ ഉയർത്തി വിട്ട അലയൊലികൾ അവസാനിക്കുന്നില്ല
കൊല്ലം: എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷണകുമാറിന്റെ റോഡ് ഷോയിൽ വ്യാജ മെത്രാനെ പങ്കെടുപ്പിച്ചതിനെ ചൊല്ലി ബിജെപി ജില്ലാ ഘടകത്തിൽ ഭിന്നത. പത്രികാ സമർപ്പണത്തിന് മുന്നോടിയായി നടത്തിയ റോഡു ഷോയിലാണ് തട്ടിപ്പുകേസുകളിലെ പ്രതിയായ വ്യാജമെത്രാൻ കൊല്ലം കടപ്പാക്കട റെയിൽവേ മേൽപ്പാലത്തിന് സമീപം താമസിക്കുന്ന ജെയിംസ് ജോർജ് പങ്കെടുത്തത്. പരിപാടിയുടെ വാർത്തയും ഫോട്ടോയും ജന്മഭൂമി പ്രാധാന്യത്തോടെ നല്കി.പിന്നാലെ ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നേതൃത്വം വെട്ടിലായി.ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷ്യൻ ഡോ.ബസേലിയോസ് മാർത്തോമ്മാ യാക്കോബ് പ്രഥമൻ കാതോലിക്കാ ബാവ എന്ന പേരിലാണ് ജെയിംസ് ജോർജ് റോഡ് ഷോയിൽ പ്രത്യക്ഷപ്പെട്ടത്.
തട്ടിപ്പുകാരനാണ് എന്ന് അറിഞ്ഞിട്ടും ജെയിംസ് ജോർജിനെ പങ്കെടുപ്പിച്ചത് ചില നേതാക്കളുടെ അറിവോടുകൂടിയാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. എന്നാൽ ആരും ക്ഷണിക്കാതെയാണ് ഇയാൾ കാതോലിക്ക ബാവയുടെ വേഷത്തിൽ എത്തിയതെന്നാണ് ഇലക്ഷൻ കമ്മറ്റിയുടെ ചുമതലയുള്ള നേതാക്കളുടെ വാദം. ക്ഷണിക്കാതെ എത്തിയതാണെങ്കിൽ സ്ഥാനാർത്ഥിക്കൊപ്പം മുൻനിരയിൽ എങ്ങനെ ഇയാൾക്ക് അവസരം ലഭിച്ചുവെന്ന ചോദ്യമാണ് ഉയരുന്നത്. ടൗണിൽ തന്നെയുള്ള നേതാക്കൾക്ക് ഇയാൾ തട്ടിപ്പുകാരനാണെന്ന് അറിയാമായിരുന്നിട്ടും മുൻനിരയിൽ എത്തിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഒരു വിഭാഗം ആരോപിക്കുന്നു.
വാർത്തയും ഫോട്ടോയും എൽ.ഡി.എഫും യുഡിഎഫും വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. തട്ടിപ്പിലൂടെ ജയിംസ് ജോർജ് സമ്പാദിച്ച സ്ഥാവര ജംഗമ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.ഈ കേസിൽ നിന്ന് രക്ഷപെടുത്താമെന്ന് ബിജെപിക്കാർ വാഗ്ദാനം ചെയ്തതിനാലാണ് വേഷം കെട്ടിച്ച് ജയിംസിനെ ഇറക്കിയതെന്ന ന്നാണ് പ്രചാരണം നടക്കുന്നത്. ഇത് മുന്നണിക്കും ബിജെപിക്കും വളരെ നാണക്കേട് ഉണ്ടാക്കി. ബിജെപിക്കാർ ക്ഷണിച്ചപ്രകാരമാണ് താൻ പരിപാടിയിൽ പങ്കെടുത്തത് എന്നാണ് ജെയിംസ് ജോർജ് അവകാശപ്പെടുന്നത്.
ഉദ്യോഗാർഥികളിൽ നിന്നു പണം വാങ്ങി വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയെന്ന പരാതിയിൽ 2015 ലാണ് കൊല്ലം ഈസ്റ്റ് പൊലീസ് ജെയിംസ് ജോർജിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ വിവിധ സർവകലാശാലകളുടെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ ഇയാൾ നൽകിയിരുന്നു. ക്ലാസുകളൊന്നും നടത്താതെ തന്നെ ഇവരുടെ സ്വന്തം സ്ഥാപനത്തിന്റെ പേരിലുള്ള ഡിപ്ലോമ സർട്ടിഫിക്കറ്റുകളും പ്രതികൾ വിൽപന നടത്തി.തട്ടിപ്പിലൂടെ നേടിയ കള്ളപ്പണം വെളുപ്പിക്കാനായി വിവിധ ജില്ലകളിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതിന്റെ തെളിവു ലഭിച്ചതോടെയാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണു സ്വത്തുകൾ കണ്ടുകെട്ടിയത്.