കോട്ടയം: കോട്ടയം നഗരസഭയിലെ 48-ാം വാർഡായ തിരുനക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലതികാ സുഭാഷിന് കനത്ത തോൽവി. മത്സരത്തിൽ അവർക്ക് മൂന്നാം സ്ഥാനമാണ് ലഭിച്ചത്.

യുഡിഎഫ് സ്ഥാനാർത്ഥി സുശീല ഗോപകുമാറാണ് ഇവിടെ വിജയം നേടിയത്. സുശീല 703 വോട്ടുകൾ നേടിയപ്പോൾ, ബിജെപി സ്ഥാനാർത്ഥി നിത്യ രതീഷിന് 279 വോട്ടുകൾ ലഭിച്ചു. എന്നാൽ ലതികാ സുഭാഷിന് നേടാനായത് കേവലം 113 വോട്ടുകൾ മാത്രമാണ്.

2021-ൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേർന്ന ലതികാ സുഭാഷിന്റെ കോട്ടയം നഗരസഭയിലെ മത്സരം രാഷ്ട്രീയ വൃത്തങ്ങൾക്കിടയിൽ അപ്രതീക്ഷിതമായിരുന്നു.

കോട്ടയം നഗരസഭയിൽ ഇതുവരെ ലഭിച്ച വിവരങ്ങൾ അനുസരിച്ച്, 31 സീറ്റുകളിൽ യുഡിഎഫും 15 സീറ്റുകളിൽ എൽഡിഎഫും 6 സീറ്റുകളിൽ എൻഡിഎയും വിജയം ഉറപ്പിച്ചിട്ടുണ്ട്. മുൻനിര രാഷ്ട്രീയ നേതാവായിരുന്ന ലതികാ സുഭാഷിന്റെ ഈ തോൽവി പ്രാദേശിക രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ ഒന്നായി മാറുകയാണ്.