തിരുവനന്തപുരം: എകെജി സെന്റർ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാർഡിൽ എൽഡിഎഫിന് ഞെട്ടിക്കുന്ന തോൽവി. തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിന്റെ സ്റ്റാർ സ്ഥാനാർഥിയും മുൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഐ.പി. ബിനുവിനെ 657 വോട്ടുകൾക്ക് പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാർഥി മേരി പുഷ്പം സീറ്റ് നിലനിർത്തി.

ജനകീയനായ നേതാവായിരുന്നിട്ടും ബിനുവിന് ഈ വാർഡിൽ വിജയിക്കാനായില്ലെന്നത് എൽഡിഎഫിന് കനത്ത തിരിച്ചടിയാണ്. വൻ ശ്രദ്ധാകേന്ദ്രമായിരുന്ന ഈ വാർഡിൽ, പ്രമുഖ നേതാക്കളെ അണിനിരത്തി നടത്തിയ പ്രചാരണങ്ങൾ വോട്ടായി മാറിയില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും മേരി പുഷ്പമായിരുന്നു ഈ വാർഡിൽ വിജയിച്ചത്. ഇത്തവണ കുന്നുകുഴി തിരിച്ചുപിടിക്കണമെന്ന എൽഡിഎഫിന്റെ ലക്ഷ്യം ഇതോടെ സഫലമാകാതെ പോയി.

സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം തുടരുന്നതിനിടെയാണ് കുന്നുകുഴിയിലെ ഈ ഫലം. എൽഡിഎഫിന്റെ കുത്തക കോർപ്പറേഷനായിരുന്ന കൊല്ലത്തടക്കം യുഡിഎഫ് മുന്നേറുകയാണ്. തൃശൂരിൽ 45 സീറ്റുകളിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുമ്പോൾ, എൽഡിഎഫിന് 28 സീറ്റുകളിൽ മാത്രമാണ് ലീഡ് നേടാനായത്. കണ്ണൂരിലും യുഡിഎഫ് മുന്നേറ്റം പ്രകടമാണ്. കൊച്ചിയിൽ യുഡിഎഫ് ലീഡ് തിരിച്ചുപിടിച്ചു. കോഴിക്കോട് തുടക്കത്തിൽ യുഡിഎഫ് മുന്നേറ്റം ദൃശ്യമായെങ്കിലും പിന്നീട് എൽഡിഎഫ് ലീഡ് തിരിച്ചുപിടിച്ചു.