- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ലൂപ്പാറ പഞ്ചായത്ത് ഏഴാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് അട്ടിമറി വിജയം; സിപിഎമ്മിന് വേണ്ടി മത്സരിച്ചത് അന്തരിച്ച മെമ്പറുടെ ഭാര്യ; പി.ജെ കുര്യന്റെ തട്ടകത്തിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്ത്
മല്ലപ്പള്ളി: കല്ലൂപ്പാറ പഞ്ചായത്ത് ഏഴാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് അട്ടിമറി വിജയം. ബിജെപി സ്ഥാനാർത്ഥി കെ.ബി. രാമചന്ദ്രൻ 90 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിറ്റിങ് സീറ്റ് സിപിഎമ്മിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. സിപിഎം സ്ഥാനാർത്ഥി രണ്ടാമതും കോൺഗ്രസ് മൂന്നാമതുമെത്തി. അന്തരിച്ച വാർഡ് മെമ്പറുടെ ഭാര്യയെ തന്നെയാണ് സിപിഎം സ്ഥാനാർത്ഥിയാക്കിയിരുന്നത്.
സിപിഎം അംഗമായിരുന്ന സത്യന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫിന്റെ കുത്തകയായിരുന്ന ഏഴാം വാർഡ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സിപിഎം പിടിച്ചെടുക്കുയായിരുന്നു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പി.ജെ.കുര്യന്റെ തട്ടകത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സീറ്റ് തിരിച്ചു പിടിക്കാൻ യു.ഡി.എഫ് അരയും തലയും മുറുക്കി രംഗത്ത് വന്നിരുന്നു. മുൻ എംഎൽഎ ജോസഫ് എം. പുതുശേരി, മുൻ ജില്ലാ പഞ്ചായത്തംഗം അഡ്വ. റെജി തോമസ് എന്നിവരുടെ നേതൃത്വത്തിൽ വൻ പ്രചാരണ പരിപാടികളാണ് നടന്നത്. എന്നിട്ടും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വെറും രാജൻ കുഴുവിലേത്തിന് 150 വോട്ടാണ് കിട്ടിയത്.
സിപിഎം സ്ഥാനാർത്ഥി സുജ സത്യന് 364 വോട്ടും ബിജെപി സ്ഥാനാർത്ഥി രാമചന്ദ്രന് 457 വോട്ടും ലഭിച്ചു. ബിജെപിയുടെ വിജയം ഇടതു വലതു മുന്നണികളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. സഹതാപ തരംഗം പോലും കിട്ടാതെ വന്നതിന്റെ ഷോക്കിലാണ് എൽഡിഎഫ്. കോൺഗ്രസിൽ സമീപകാലത്തുണ്ടായ പ്രശ്നങ്ങൾ വോട്ടിങ്ങിന്റെ ഫലത്തെ ബാധിച്ചുവെന്ന് നേതാക്കൾക്കും മനസിലാക്കി കൊടുക്കാൻ ഫലം സഹായിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്