ന്യൂഡല്‍ഹി: ആരാണ് ഒറിജിനല്‍ എന്ന ചോദ്യത്തിന് ജനങ്ങള്‍ ഉത്തരം നല്‍കിയിരിക്കുന്നു. മഹാരാഷ്ട്രയില്‍ ആരാണ് യഥാര്‍ഥ ശിവസേന, യഥാര്‍ഥ എന്‍സിപി? പിളര്‍പ്പിന് ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയും അജിത് പവാറിന്റെ എന്‍സിപിയും ചേര്‍ന്ന് 75 സീറ്റുകളാണ് മാതൃപാര്‍ട്ടികളില്‍ നിന്ന് അപഹരിച്ചത്. അതായത് ഉദ്ധവ് താക്കറെയുടെ ശിവസേനയെയും ശരദ്പവാറിന്റെ എന്‍സിപിയെയും അവരില്‍ നിന്നം പിരിഞ്ഞുപോയവര്‍ നിലംപരിശാക്കി എന്നര്‍ഥം. അതോടെ മഹായുതി സഖ്യത്തിന് സംസ്ഥാനത്ത് ആധിപത്യവും വീണ്ടും ഭരണവും കൈവന്നു.

2022 ലെ സേനയുടെ പിളര്‍പ്പും, 2023 ലെ എന്‍സിപിയുടെ പിളര്‍പ്പും മഹാവികാസ് അഗാഡിക്ക് വരുത്തിയ കോട്ടം ചില്ലറയല്ല. 75 സീറ്റുകള്‍ നഷ്ടപ്പെട്ടതോടെ, 149 സീറ്റില്‍ മത്സരിച്ച് 134 ല്‍ ജയിച്ച ബിജെപിയോട് മല്ലിടാന്‍ കഴിയാതെ എംവിഎ തളര്‍ന്നിരിക്കുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, 48 ലോക്‌സഭാ സീറ്റുകളില്‍ 30 എണ്ണത്തില്‍ ജയിച്ച എംവിഎ നിയമസഭാ തിരഞ്ഞെടുപ്പില്‍ 45 സീറ്റില്‍ ഒതുങ്ങി. എന്‍ഡിഎയുമായി 89 സീറ്റുകളുടെ വ്യത്യാസം. മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ബിജെപിക്ക് ഷിന്‍ഡെ സേനയുടെയും അജിത്പവാര്‍ എന്‍സിപിയുടെയും സഹായത്തോടെയേ ഭൂരിപക്ഷത്തിന് വേണ്ട 145 കടക്കാനാകൂ. ഷിന്‍ഡെ സേനയും അജിത് പവാര്‍ എന്‍സിപിയും 98 സീറ്റില്‍ ജയിക്കുമെന്നാണ് പ്രാഥമിക കണക്ക്. ഇതില്‍ മാറ്റം വരാം.

98 സീറ്റുകള്‍ വന്നത് എവിടെ നിന്ന്?

ഷിന്‍ഡെ സേനയും അജിത് പവാര്‍ എന്‍സിപിയും 81 സീറ്റിലും 59 സീറ്റിലുമായാണ് മത്സരിച്ചത്. ഷിന്‍ഡെ സേന 57 സീറ്റില്‍ ലീഡ് ചെയ്യുന്നു( 47 ജയം, 10 ലീഡ്). അജിത് പവാര്‍ എന്‍സിപി -41( 37 ജയം, 4 ലീഡ്). അതേസമയം, താക്കറെ സേന 95 സീറ്റില്‍ മത്സരിച്ചെങ്കിലും 20 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.( 18 ജയം, 2 ലീഡ്). ശരദ് പവാര്‍ എന്‍സിപി 86 സീറ്റില്‍ മത്സരിച്ചിട്ടും ജയിച്ചത് 11 എണ്ണത്തിലാണ്.

ഷിന്‍ഡെ സേനയുടെ 57 ല്‍, 2019 ലെ തിരഞ്ഞെടുപ്പില്‍ അവിഭിക്ത സേന 40 സീറ്റില്‍ ജയിച്ചിരുന്നു. അജിത് പവാറിന്റെ എന്‍സിപിയുടെ 37 ലീഡില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശരദ് പവാറിന്റെ എന്‍സിപി 35 ല്‍ ജയിച്ചിരുന്നു.

സേനയും എന്‍സിപിയും പിളര്‍ന്നില്ലായിരുന്നെങ്കില്‍ എം വി എക്ക് ആ 75 സീറ്റുകള്‍ കിട്ടുമായിരുന്നു. അതുമാത്രം മതിയായിരുന്നു എം വി എക്ക് ഈ തിരഞ്ഞെടുപ്പില്‍ ജയിച്ചുകയറാന്‍.

ആരാണ് ഒറിജിനല്‍?

ശിവസേന സ്ഥാപകന്‍ ബാല്‍താക്കറെയുടെ ആശയങ്ങള്‍ ഉദ്ധവ് താക്കറെ കൈവെടിഞ്ഞെന്നും അതുകൊണ്ടാണ് തങ്ങള്‍ വേറിട്ടതെന്നുമാണ് ഏക്‌നാഥ് ഷിന്‍ഡെ പറയാറുള്ളത്. 'ശിവസേന ഒരു സ്വകാര്യ കമ്പനിയല്ല, ആരാണ് ബാലസാഹേബിന്റെ പ്രത്യശാസ്ത്രം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ജനങ്ങള്‍ തെളിയിച്ചിരിക്കുന്നു', ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ പ്രതികരിച്ചു. അതുകൊണ്ട് തങ്ങളാണ് യഥാര്‍ഥ ശിവസേന എന്നാണ് ഷിന്‍ഡെ വിഭാഗത്തിന്റെ അവകാശവാദം.

ഉദ്ധവ് താക്കറെയെ 'വ്യാജ സന്താന'മെന്ന് ആക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും താക്കറെ സേനയെ പ്രചാരണത്തിനിടെ ആക്രമിച്ചിരുന്നു. എന്‍സിപിയിലും സമാന സ്ഥിതിയാണ്. ശരദ് പവാര്‍ എന്‍സിപിയുടെ ഏറ്റവും മോശം പ്രകടനമാണ് ഈ തിരഞ്ഞെടുപ്പില്‍ കണ്ടത്. അമ്മാവന്റെ നിഴലില്‍ നിന്ന് അജിത് പവാര്‍ പുറത്തുവന്നിരിക്കുന്നു. ശിവസേനയെക്കാള്‍ ഉപരി, പവാറുമാര്‍ക്കായിരുന്നു നിലനില്‍പ്പിന്റെ പോരാട്ടം. താന്‍ ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും 18 മാസത്തെ രാജ്യസഭാ കാലാവധി കഴിയുമ്പോള്‍ വിരമിക്കുമെന്നും ശരദ് പവാര്‍ പ്രഖ്യാപിച്ചത് കൂട്ടി വായിക്കുമ്പോള്‍, ശരദ് പവാര്‍ എന്‍സിപിയുടെ ഭാവി തന്നെ ചോദ്യചിഹ്നമാകുകയാണ്. രാഷ്ട്രീയ താപ്പാനകളായ ഉദ്ധവും, ശരദ് പവാറും അത്രവേഗത്തില്‍ കീഴടങ്ങില്ലെന്ന് ഉറപ്പാണ്. എന്നിരുന്നാലും തങ്ങളുടെ പക്കലുണ്ടായിരുന്ന 75 സീറ്റുകള്‍ മഹാവികാസ് അഗാഡി തങ്ങളുടെ എതിരാളികളായ ബിജെപിക്ക് താലത്തില്‍ വച്ചുകൊടുത്തിരിക്കുന്നു.