ബെംഗളുരു: കർണാടകയിൽ അധികാരം തിരിച്ചുപിടിച്ചുള്ള കോൺഗ്രസിന്റെ മുന്നേറ്റത്തിൽ പാർട്ടിക്ക് കരുത്തായത് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർണായക നീക്കങ്ങളെന്ന് വിലയിരുത്തൽ. ഖാർഗെയുടെ സാന്നിധ്യവും ക്ഷമയും പ്രചാരണ ബുദ്ധിയും കോൺഗ്രസിന്റെ അനായാസ വിജയത്തിൽ നിർണായകമായതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

പാർട്ടിക്കുള്ളിൽ പടയ്ക്ക് ഒരുങ്ങിയ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതിന് പിന്നിൽ മല്ലികാർജുൻ ഖാർഗെയുടെ ഇടപെടലുകളെന്നാണ് പുറത്തുവരുന്ന വിവരം.

ഏപ്രിൽ 14ന് അംബേദ്കർ ജയന്തി മുതൽ തുടർച്ചയായ 26 ദിവസമാണ് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ കർണാടകയിൽ പ്രചാരണം നയിച്ചത്. അർധരാത്രിയിലും പ്രായം മറന്ന് ഖാർഗെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുകിയതായി പാർട്ടി പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ശശി തരൂരിനോട് മത്സരിച്ച് വിജയിച്ച 80കാരനായ മല്ലികാർജുൻ ഖാർഗെക്ക് അഭിമാനിക്കാൻ ഏറെ വകനൽകുന്നതാണ് സ്വന്തം തട്ടകത്തിൽ പാർട്ടിക്ക് നേടിക്കൊടുത്ത ഉജ്ജ്വല വിജയം. മൂന്ന് തവണ കർണാടക മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട മല്ലികാർജുൻ ഖാർഗെ കോൺഗ്രസിന്റെ ഏറ്റവും ഉന്നത സ്ഥാനത്തിരിക്കുമ്പോഴാണ് രാജ്യത്താകമാനമുള്ള പാർട്ടി പ്രവർത്തകർക്ക് പുത്തനുണർവ് നൽകിയ ഈ വിജയം.

കൃത്യമായ ആസൂത്രണവും രാഷ്ട്രീയ വൈദഗ്ധ്യവും കൈമുതലാക്കിയ കോൺഗ്രസ് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി തെരഞ്ഞെടുപ്പിന് 45 ദിവസത്തിന് മുമ്പേ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതാണ് കോൺഗ്രസിന് വിജയക്കുതിപ്പിൽ നിർണായകമായത്. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയപ്പോൾ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ ബിജെപി നേതാക്കൾ പാർട്ടിക്കുള്ളിൽ പോരടിച്ചതിൽ നിന്നും തുടങ്ങിയ നീക്കങ്ങളാണ് നിർണായകമായത്.

കോൺഗ്രസ് സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കണമെന്ന കാലങ്ങളായുള്ള ആവശ്യം ഇത്തവണ യാഥാർത്ഥ്യമാക്കിയത് ഖാർഗെയുടെ ഇച്ഛാശക്തിയായിരുന്നു. ഇതിന് മുമ്പ് എ.കെ ആന്റണി, കെ കരുണാകരൻ, പി.എ സാങ്മ, വീരപ്പ മൊയ്‌ലി, സാം പിത്രോഡ, ദിഗ്‌വിജയ് സിങ് എന്നിവർ സമാന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. ഖാർഗെ അധ്യക്ഷ സ്ഥാനത്തെത്തി ആറുമാസത്തിനുള്ളിലാണ് കർണാടക തെരഞ്ഞെടുപ്പിൽ ഇക്കാര്യം നടപ്പിലാക്കിയെന്നത് ശ്രദ്ധേയമാണ്.

കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ ഖാർഗെയ്ക്ക് ഏറെ ശ്രമകരമായ ജോലികളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. പാർട്ടി ടിക്കറ്റിൽ മത്സരിപ്പിക്കുമ്പോൾ പരമാവധി നിഷ്പക്ഷതയും നീതിബോധവും പാലിച്ചു. അസ്വാരസ്യങ്ങളും വിയോജിപ്പുകളും രമ്യമായി പരിഹരിച്ചു. തെരഞ്ഞെടുപ്പിൽ പാർട്ടിക്കകത്ത് നിന്നും തന്നെയുള്ള എതിരാളികളെ ഒഴിവാക്കാൻ ഖാർഗെയുടെ ഇടപെടൽ സഹായിച്ചു.

കോൺഗ്രസ് പാർട്ടി പ്രവർത്തകരെ ഒറ്റക്കെട്ടായി കൊണ്ടുവരുന്നതിലും രാഹുൽ പ്രിയങ്ക സോണിയ മുഖങ്ങളെ കൊണ്ട് ആഭ്യന്തര പ്രശ്‌നങ്ങളിൽ യുക്തിസഹമായി ഇടപെടുവിക്കുന്നതിലും ഖാർഗെ ചാലകശക്തിയായി.

കർണാടകയിലെ വിജയം ഖാർഗെയുടെയും കോൺഗ്രസിന്റെയും മുന്നോട്ടുള്ള രാഷ്ട്രീയ യാത്രയിൽ ഊർജം പകരുന്നതാണ്. 80 കാരനായ ഖാർഗെ അടുത്ത വർഷം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ്സിനെ നയിക്കുക ഉറച്ച ആത്മ വിശ്വാസത്തോടെയായിരിക്കും. രണ്ടര പതിറ്റാണ്ടിനു ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് പാർട്ടിയെ നയിക്കുന്ന ആദ്യ പ്രസിഡന്റെന്ന പദവിയിൽ മല്ലികാർജുൻ ഖാർഗെ നിൽക്കുമ്പോഴാണ് ദക്ഷിണേന്ത്യയിൽ നിന്നു ബിജെപിയെ തൂത്തെറിഞ്ഞുവെന്നത് ചരിത്രത്തിൽ രേഖപ്പെടുത്തും.

2014 ൽ ചരിത്രത്തിലെ നാണംകെട്ട തോൽവി കോൺഗ്രസ് ഏറ്റുവാങ്ങുകയും ലോക്‌സഭയിൽ കേവലം 44 അംഗങ്ങളായി ചുരുങ്ങുകയും ചെയ്ത ഘട്ടത്തിലാണു മല്ലികാർജുൻ ഖാർഗെ ലോക്‌സഭയിലെ കോൺഗ്രസിന്റെ കക്ഷി നേതാവാകുന്നത്. 2021 ഫെബ്രുവരിയിൽ അദ്ദേഹം രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി. സൗമ്യനും മൃദുഭാഷിയുമായ മല്ലികാർജുൻ ഖാർഗെ കർണാടക തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിക്കുന്നതും കണ്ടു.

ഖാർഗെയുടെ വിഷ പപ്പാമ്പ് പരാമർശം ബിജെപി ആയുധമാക്കുകയും ചെയ്തു. കോൺഗ്രസ് തന്നെ വിഷപ്പാമ്പ് എന്ന് വിളിച്ചുവെന്നു പറഞ്ഞ മോദി, ഈശ്വരന്റെ കഴുത്തിൽ തൂങ്ങി നിൽക്കുന്ന പമ്പാണു താൻ എന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഈ രാജ്യത്തെ ജനങ്ങൾ എനിക്ക് ഈശ്വരനെപ്പോലെ തുല്യരാണ്. അവരോടൊപ്പം നിൽക്കുന്ന അവരുടെ പാമ്പാണ് ഞാൻ. മെയ് 13 ന് കർണാടകയിലെ ജനങ്ങൾ കോൺഗ്രസിന് മറുപടി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മത്സരിച്ച 12 തെരഞ്ഞെടുപ്പുകളിൽ ഒരിക്കൽ മാത്രമാണ് ഖാർഗെ പരാജയം അറിഞ്ഞത്. എന്നാൽ സ്വന്തം സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന് മൂന്ന് തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായി. മൂന്ന് തവണയും എസ് എം കൃഷ്ണയ്ക്കും ധരം സിങ്ങിനും സിദ്ധരാമയ്യയ്ക്കും വേണ്ടി മുഖ്യമന്ത്രി പദം വിട്ടുകൊടുക്കേണ്ടിവന്നു.

കർണാടക തെരഞ്ഞെടുപ്പിൽ, പാർട്ടിയുടെ ഏറ്റവും ആക്രമണാത്മക മുഖങ്ങളിലൊന്നായിരുന്നു ഖാർഗെ. കോൺഗ്രസ് അധ്യക്ഷനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ വലിയ തെരഞ്ഞെടുപ്പ് കൂടിയാണിത്, ക്രെഡിറ്റ് എടുക്കാൻ പലരും തിരക്കുകൂട്ടുന്നുണ്ടെങ്കിലും, ഖാർഗെയ്ക്ക് ഈ വിജയം അനിവാര്യമായിരുന്നു. മുഖ്യമന്ത്രിയാകാൻ കഴിയാത്തതിൽ എന്തു തോന്നുന്നു എന്ന ചോദ്യത്തിന്, അദ്ദേഹം ഒരിക്കൽ പുഞ്ചിരിയോടെ മറുപടി പറഞ്ഞത് ഇങ്ങനെ: ''ആരാണ് മുഖ്യമന്ത്രിയാകണമെന്ന് എനിക്ക് തീരുമാനിക്കാൻ കഴിയുമ്പോൾ, ഞാൻ എന്തിന് വിഷമിക്കണം?'

വയോധികൻ എന്ന് പരിഹസിച്ചവർക്ക് മുന്നിൽ തല ഉയർത്തി തന്നെ മല്ലികാർജുൻ ഖാർഗെ അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ്സിനെ നയിക്കും. അതുപക്ഷെ കർണാടക നൽകുന്ന ആത്മവിശ്വാസത്തിന്റെ കരുത്തിലാകും.