ന്യൂഡല്‍ഹി: കേരളത്തിന്റെ പൊതുവായ മനോഭാവം എന്‍ഡിഎയ്ക്ക് അനുകൂലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ദുര്‍ഭരണത്തില്‍ ജനങ്ങള്‍ അതൃപ്തരാണെന്നും എക്‌സില്‍ മലയാളത്തില്‍ പങ്കുവച്ച സന്ദേശത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും. തൃശൂരിലെയും പാലക്കാട്ടെയും പരിപാടികളില്‍ പങ്കെടുക്കും.

പാലക്കാട് എത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്കു 2ന് ശേഷം കോട്ടമൈതാനത്ത് എന്‍ഡിഎ തിരഞ്ഞെടുപ്പു സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളും മുന്നണി നേതാക്കളും പങ്കെടുക്കും. അരലക്ഷം പേര്‍ സമ്മേളനത്തിനെത്തും. പകല്‍ 12 മുതല്‍ സമ്മേളന നഗരിയിലേക്കു പ്രവര്‍ത്തകരെ പ്രവേശിപ്പിച്ചു തുടങ്ങും. അഞ്ചുവിളക്കിനു സമീപത്തുനിന്നു കോട്ടയ്ക്ക് എതിര്‍വശത്തുള്ള ഗേറ്റ് വഴിയും സുരക്ഷാ പരിശോധനകള്‍ക്കു ശേഷമാണു സമ്മേളന നഗരിയിലേക്കു പ്രവേശിപ്പിക്കുക. റോഡ് ഷോയ്ക്കായി തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രിയെ കുട്ടനെല്ലൂര്‍ സി.അച്യുതമേനോന്‍ ഗവ.കോളജിലെ ഹെലിപ്പാഡില്‍ സ്വീകരിക്കുക കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍. ഇന്ന് വൈകിട്ട് 4.10ന് പ്രധാനമന്ത്രി ഇവിടെ ഇറങ്ങുമെന്നാണ് വിവരം.

ഇന്ന് വൈകിട്ട് കേരളത്തിലെ ജനങ്ങളോടൊപ്പമായിരിക്കാന്‍ ഉറ്റുനോക്കുന്നു. പാലക്കാട് നടക്കുന്ന റാലിയില്‍ പ്രസംഗിക്കുകയും തുടര്‍ന്ന് തൃശൂരില്‍ ഒരു റോഡ്ഷോയില്‍ പങ്കെടുക്കുകയും ചെയ്യും. കേരളത്തിന്റെ പൊതുവായ മനോഭാവം എന്‍ഡിഎയ്ക്ക് അനുകൂലമാണ്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ദുര്‍ഭരണത്തില്‍ ജനങ്ങള്‍ അതൃപ്തരാണ്-ഇതാണ് മോദി പങ്കുവച്ച കുറിപ്പ്. അവിടുന്ന് റോഡ് മാര്‍ഗം സ്വരാജ് റൗണ്ടിലേക്ക്. റൗണ്ടില്‍ ജില്ലാ ജനറല്‍ ആശുപത്രി പരിസരം മുതല്‍ ബിനി ഹെറിറ്റേജ് വരെ 900 മീറ്റര്‍ റോഡ് ഷോ. ജനങ്ങളെ 5 വരികളിലായി നിരത്തും. വിവിധ കലാരൂപങ്ങള്‍, കുമ്മാട്ടിക്കളി, പുലികളി, മാര്‍ഗംകളി, കഥകളി തുടങ്ങിയവ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ഒരുക്കും.