ന്യൂഡൽഹി: നാഗാലാൻഡിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ചരിത്രം കുറിച്ചുകൊണ്ട് ആദ്യവനിതാ എംഎഎൽഎ എത്തി. നാഷണൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി( എൻഡിപിപി)യുടെ ഹെകാനി ജകാലുവാണ് നിയമസഭയിലെ അദ്യ വനിതാംഗം. 1963 ൽ നാഗാലാൻഡ് സംസ്ഥാനം രൂപീകൃതമായ ശേഷം ഇതാദ്യമായാണ് ഒരുവനിത ജനപ്രതിനിധിയെ കിട്ടുന്നത്. ബിജെപിയുടെ സഖ്യകക്ഷിയാണ് എൻഡിപിപി.

ദിമാപൂർ-3 നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ഹെകാനി 1536 വോട്ടുകൾക്ക് ജയിച്ച് കയറിയത്. ലോക് ജനശക്തി(രാംവിലാസ്) പാർട്ടി സ്ഥാനാർത്ഥി അസെറ്റോ ഷിമോമിയെ തോൽപ്പിച്ച എൻഡിഡിപി സ്ഥാനാർത്ഥിക്ക് 14,241 വോട്ട് കിട്ടി. അസെറ്റോയ്ക്ക് 12,705 വോട്ടുകൾ കിട്ടിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി വെതേത്സോ ലാസുഹിന് 357 വോട്ടുമാത്രമാണ് കിട്ടിയത്.

നിയമസഭ തെരഞ്ഞെടുപ്പിൽ ഇത്തവണ നാല് വനിതകൾ മാത്രമാണ് മത്സരിച്ചത്. ഹെകാനി ജകാലുവിനെ കൂടാതെ ടെനിങ്ങിൽ കോൺഗ്രസിന്റെ റോസി തോംപ്സൺ, വെസ്റ്റ് അംഗമിയിൽ എൻ.ഡി.പി.പിയുടെ സൽഹൗതുവോനുവോ, അതോയ്ജു സീറ്റിൽ ബിജെപിയുടെ കഹുലി സെമ എന്നിവരാണ് മറ്റ് വനിതകൾ.

സംസ്ഥാന പദവി നേടി 60 വർഷം കഴിഞ്ഞിട്ടും നാഗാലാൻഡ് നിയമസഭയിലേക്ക് ഒരു വനിതയെ തെരഞ്ഞെടുക്കാൻ കഴിഞ്ഞിരുന്നില്ല. സംസ്ഥാനത്തെ വോട്ടർമാരിൽ പുരുഷന്മാരെക്കാൾ (6.52 ലക്ഷം) കൂടുതൽ വനിതകളാണ് (6.55 ലക്ഷം). 1977ൽ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ റാണോ മെസെ ഷാസിയയാണ് നാഗാലാൻഡിൽ നിന്ന് പാർലമെന്റിലെത്തിയ ആദ്യ വനിത. ലോക്‌സഭയിലേക്കാണ് ഷാസിയ തെരഞ്ഞെടുക്കപ്പെട്ടത്. 2022ൽ സംസ്ഥാനത്ത് നിന്നുള്ള രാജ്യസഭാംഗമായി ബിജെപിയുടെ എസ്. ഫാങ്‌നോൺ കൊന്യാകിനെ നാമനിർദ്ദേശം ചെയ്തിരുന്നു.

'ഇത് ആദ്യ ചുവട് വയ്പ് മാത്രമാണ്. ഭാവിയിൽ വളരെയധികം നല്ല കാര്യങ്ങൾ നമ്മൾക്ക് ചെയ്യാനുണ്ട'്, ഹെകാനി ജകാലു വിജയത്തെ കുറിച്ച് പ്രതികരിച്ചു. 2018 ൽ നാരിശക്തി പുരസ്‌കാരം നേടിയ വ്യക്തിയാണ് ഹെകാനി. 48കാരിയായ ഹെകാനി അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമാണ്.

തിരഞ്ഞെടുപ്പിനിടെ, നാലുകാര്യങ്ങളിൽ താൻ ശ്രദ്ധയൂന്നുമെന്ന് ഹെകാനി ജകാലു പറഞ്ഞിരുന്നു. യുവാക്കളുടെ തൊഴിൽ പ്രശ്‌നം, സ്ത്രീകളുടെ അവകാശങ്ങൾ, മണ്ഡലത്തെ മാതൃകാ മണ്ഡലമാക്കുക, മണ്ഡലത്തിലെ ന്യൂനപക്ഷ പ്രദേശങ്ങളുടെ വികസനം എന്നീ കാര്യങ്ങളാണ് അവർ എടുത്തുപറഞ്ഞത്.

ആരാണ് ഹെകാനി ജകാലു?

ദിമാപൂരിലാണ് ഹെകാനി ജകാലു ജനിച്ചത്. അഭിഭാഷകയും, സാമൂഹിക പ്രവർത്തകയുമാണ്. തൊഴിൽ രഹിതരായ യുവാക്കളുടെ ജീവിതം മെച്ചപ്പടുത്താനും, നൈപുണ്യ വികസനത്തിനുമായി യൂത്ത് നെറ്റ് എന്ന സ്ഥാപനം തുടങ്ങി. കോളേജുകളിലും, സ്‌കൂളുകളിലും നിന്ന് പഠനം പൂർത്തിയാക്കാത്ത യുവാക്കളെയും, നാഗാലാൻഡിലെ നഗര -ഗ്രാമ മേഖലകളിലെ സ്ത്രീകളെയും ലക്ഷ്യമിട്ടാണ് യൂത്ത് നെറ്റിന്റെ പ്രവർത്തനം.

ബെംഗളൂരുവിലെ ബിഷപ്പ് കോട്ടൺ ഗേൾസ് സ്‌കൂളിലായിരുന്നു പഠനം. ലേഡി ശ്രീറാം കോളജേിലെയും, ഡൽഹി സർവകലാശാല നിയമ വകുപ്പിലെയും പൂർവ വിദ്യാർത്ഥിയാണ്. ഡൽഹി ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും അഭിഭാഷകയായി ജോലി നോക്കിയിട്ടുണ്ട്. സൻ ഫ്രാൻസിസ്‌കോ സർവകലാശാലയിൽ നിന്നാണ് എൽഎൽഎം ബിരുദം. ഹാർവാർഡ് സർവകലാശാല, വാഷിങ്ടൺ ഡിസിയിലെ അമേരിക്കൻ സർവകലാശാല, ആംനെസ്റ്റി ഇന്റർനാഷണൽ, യുഎൻ എന്നിവിടെ നിന്നെല്ലാം പരിശീലനവും സിദ്ധിച്ചിട്ടുണ്ട്.

2005 ലാണ് നാഗാലാൻഡിലേക്ക് മടങ്ങിയത്. സുഹൃത്തുക്കൾക്കൊപ്പം യൂത്ത് നെറ്റ് തുടങ്ങുകയായിരുന്നു മടക്കയാത്രയിലെ മുഖ്യലക്ഷ്യം. നാരീ ശക്തി പുരസ്‌കാരം കൂടാതെ, 2021 ൽ ഷ്‌നൈഡർ ഇലക്ട്രിക് പ്രേരണ പുരസ്‌കാരവും നേടി.