- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിവാസി വോട്ടുകൾ 'കൈവിട്ടു'; സ്വാധീന ശക്തികളായി പ്രാദേശികപാർട്ടികൾ; ബെറ്റിങ് ആപ്പ് കോഴവിവാദവും കോൺഗ്രസിന് തിരിച്ചടിയായി; എക്സിറ്റ് പോൾ പ്രവചനങ്ങളെ തകർത്ത് ഛത്തീസ്ഗഡിൽ ബിജെപിയുടെ മധുരപ്രതികാരം
റായ്പുർ: ഛത്തീസ്‌ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങളെയാകെ കാറ്റിൽ പറത്തിയാണ് കോൺഗ്രസിനെ ശക്തികേന്ദ്രത്തിൽ വീഴ്‌ത്തി ബിജെപി അധികാരം പിടിച്ചത്. മോദിതരംഗത്തിന്റെ ആവിർഭാവത്തിലും അധികാരം നിലനിലർത്തിയ ചുരുക്കം ശക്തികേന്ദ്രങ്ങളിലൊന്നാണ് ഇത്തവണ കോൺഗ്രസിനെ കൈവിട്ടത്. 90 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 55 സീറ്റുകളിൽ ലീഡ് ഉറപ്പിച്ചാണ് അധികാരത്തിലേക്ക് എത്തുന്നത്.
ഭരണതുടർച്ച ലക്ഷ്യമിട്ടിറങ്ങിയ കോൺഗ്രസിന് 32 സീറ്റുകളിലേ ലീഡ് നേടാനായുള്ളൂ. ബിഎസ്‌പി സഖ്യം ഒരു സീറ്റും മറ്റുള്ളവർ രണ്ടുസീറ്റും നേടി. എക്‌സിറ്റ്പോൾ പ്രവചനങ്ങളെ പോലും അട്ടിമറിക്കുന്നതായിരുന്നു ബിജെപിയുടെ വിജയം. നേരിയ ഭൂരിപക്ഷത്തിന് കോൺഗ്രസ് തുടർഭരണം നേടുമെന്നായിരുന്നു എക്‌സിറ്റ്പോൾ പ്രവചനങ്ങൾ. എന്നാൽ ഫലം പുറത്തുവന്നപ്പോൾ ഛത്തീസ്‌ഗഡും കോൺഗ്രസിനെ കൈവിട്ടിരിക്കുകയാണ്.
മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താര പ്രചാരണത്തിലാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിനെ മുൻനിർത്തിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് മുഖ്യമന്ത്രിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളടക്കം തിരിച്ചടിക്കുകയായിരുന്നു.
2018ൽ 68 സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സർക്കാർ രൂപീകരിച്ചത്. നിരവധിക്ഷേമ പദ്ധതികൾ നടപ്പാക്കിയെങ്കിലും അവ വോട്ടാക്കാൻ കോൺഗ്രസിനായില്ല. ജാതിസെൻസസ് അടക്കം ഉയർത്താണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ തവണ പിന്തുണച്ച ഗ്രോതമേഖലയിൽ കനത്ത തിരിച്ചടിയാണ് കോൺഗ്രസിനുണ്ടായത്.
അമിതാത്മവിശ്വാസത്തോടെ നേരിട്ട ഛത്തീസ്‌ഗഢും കൈയൊഴിയുമ്പോൾ കോൺഗ്രസിന് നഷ്ടമാകുന്നത് ശക്തികേന്ദ്രങ്ങളിലൊന്നാണ്. എക്സിറ്റ് പോൾ ഫലങ്ങളെയാകെ കാറ്റിൽ പറത്തി സംസ്ഥാനത്ത് കോൺഗ്രസ് നേരിട്ട തിരിച്ചടിക്ക് കാരണമായത് ബിജെപി.യേക്കാളുപരി പ്രാദേശികപാർട്ടികളുടെ സാന്നിധ്യം കൂടിയാണ്.
ആദിവാസി വോട്ടുകൾ ഭിന്നിച്ചത്. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ അരവിന്ദ് നേതം രാജിവെച്ച് പുതിയ പാർട്ടിയുണ്ടാക്കിയത്. ബാഘേൽ-സിങ് ദേവ് പോര് ഏറ്റവുമൊടുവിൽ മുഖ്യമന്ത്രി തന്നെ ബെറ്റിങ് ആപ്പ് കോഴവിവാദത്തിൽ പെട്ടത് അങ്ങനെ സർവതും തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് എതിരായി
പത്തുശതമാനം മാത്രം വോട്ടുകളുള്ള ഈ ചെറുപാർട്ടികൾ കോൺഗ്രസിനെയും ബിജെപി.യേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിട്ടിട്ടുണ്ട്. കോൺഗ്രസിന്റെ വോട്ടുവിഹിതം കുറയാൻ കാരണമായതിലെ പ്രധാനഘടകവും പ്രാദേശിക പാർട്ടികൾ തന്നെയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 2018-ൽ കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ച പല അനുകൂലഘടകങ്ങളും ഇക്കുറി നിസ്സംഗമാവുകയോ കോൺഗ്രസിൽ നിന്ന് അകന്നുപോവുകയോ ചെയ്തിട്ടുമുണ്ട്.
തെലങ്കാനയിൽ ഒരുപരിധിവരെ ശൂന്യതയിൽ നിന്ന് സർക്കാരുണ്ടാക്കുന്നതിലേക്കുള്ള ജൈത്രയാത്രയാണ് കോൺഗ്രസ് നടത്തിയതെങ്കിൽ അതിന്റെ വിപരീതമാണ് ഛത്തീസ്‌ഗഢിൽ സംഭവിച്ചത്. എക്കാലവും കോൺഗ്രസിനെ ചേർത്തുപിടിച്ച ആദിവാസി വോട്ടുകൾ കോൺഗ്രസിൽ നിന്നകന്നു എന്നതാണ് ഇക്കുറി കോൺഗ്രസ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.
ഗോത്രമേഖലയായ ബസ്തറിൽ പരിവർത്തിത ക്രിസ്ത്യൻ വിഭാഗവും ആദിവാസി വിഭാഗവും തമ്മിലുടലെടുത്ത സംഘർഷവും അതിൽ സർക്കാർ കാഴ്ചക്കാരായതും ഇരുവിഭാഗത്തേയും കോൺഗ്രസിന് എതിരാക്കി. ഇതിനെ തുടർന്ന് രൂപീകൃതമായ ഹമർരാജ് പാർട്ടിയുമാണ് കോൺഗ്രസിന് പ്രധാനമായും തിരിച്ചടിയായത്.
കഴിഞ്ഞ ജനുവരിയിലാണ് നാരായൺപുരിലും കോണ്ടാഗാവിലും ആദിവാസി ഹിന്ദുവിഭാഗവും പരിവർത്തിത ക്രിസ്ത്യൻ വിഭാഗവും തമ്മിൽ തർക്കമുടലെടുക്കുന്നത്. അക്രമങ്ങളിലേക്ക് നീങ്ങുന്ന തർക്കങ്ങളിൽ കോൺഗ്രസോ സംസ്ഥാന സർക്കാരോ തങ്ങളെ സഹായിച്ചില്ലെന്ന പരാതി പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഛത്തീസ്‌ഗഢ് സർവ്വ ആദിവാസി സമാജത്തിന്റെ കീഴിൽ ഹമർരാജ് പാർട്ടി രൂപീകരിക്കുന്നത്.
അതിനാൽ പരമ്പരാഗതമായി കോൺഗ്രസിന് ലഭിച്ചിരുന്ന ഈ വോട്ടുകൾ ഇക്കുറി ഹമർരാജ് ഉൾപ്പടെയുള്ള ചെറുപാർട്ടികൾക്കായി ചിതറി. അതിനൊപ്പം പോളിങ്ങിന് മണിക്കൂറുകൾ മാത്രം മുമ്പ് പുറത്തുവന്ന ബെറ്റിങ് ആപ്പ് കോഴ വിവാദം കോൺഗ്രസിനും മുഖ്യമന്ത്രി ബാഘേലിനും വിനയായി. 500 കോടി രൂപ മുഖ്യമന്ത്രിക്ക് കോഴ നൽകി എന്ന ആരോപണം മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കാനും ജനങ്ങളെ സ്വാധീനിക്കാനും ഇടയാക്കിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ