- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് ബിജെപിക്ക് കനത്ത തിരിച്ചടി; ഇത്തവണ നേട്ടം ഇടതുപക്ഷത്തിന്
തിരുവനന്തരപുരം : 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ യുഡിഎഫിന് സീറ്റ് കൂടിയെങ്കിലും മുൻതൂക്കം ഇടതുപക്ഷത്തിന്. 10 സീറ്റുകളിലും എൽഡിഎഫ് 9 സീറ്റുകളിലും എൻഡിഎ 3 സീറ്റുകളിലും ജയം നേടി. ഒരിടത്ത് സ്വതന്ത്രനാണ് ജയം. ഈ സ്വതന്ത്രനും ഇടതു പിന്തുണയിൽ ജയിച്ചതാണ്. അതുകൊണ്ട് തന്നെ പത്ത് സീറ്റ് വീതം യുഡിഎഫും എൽഡിഎഫും നേടി.
മുന്നണികൾ പരസ്പരം സീറ്റുകൾ പിടിച്ചെടുത്തപ്പോൾ നേട്ടമുണ്ടാക്കിയത് എൽഡിഎഫാണ്. നേരത്തെ നാല് സീറ്റുകളുണ്ടായിരുന്ന എൽഡിഎഫ് അഞ്ച് സീറ്റുകൾ അധികമായി നേടി. 14 സീറ്റുകളുണ്ടായിരുന്ന യുഡിഎഫിന്റെ നില പത്തായി ചുരുങ്ങി. നാല് സീറ്റുകളുണ്ടായിരുന്ന ബിജെപിക്ക് ഉപതിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിലെ ജയിക്കാനായുള്ളൂ. നെടുമ്പാശ്ശേരി 14-ാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ യുഡിഎഫിനും പഞ്ചായത്തിന്റെ ഭരണം നഷ്ടമായി. എൽഡിഎഫ് സ്ഥാനാർത്ഥി എൻഎസ് അർച്ചന വിജയിച്ചതോടെയാണ് ഭരണം പോയത്.
14-ാം വാർഡായ കൽപകയിൽ 98 വോട്ടിനാണ് അർച്ചനയുടെ വിജയം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന സന്ധ്യ നാരായണപിള്ള രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് ഉണ്ടായത്. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കമായിരുന്നു രാജിയിൽ കലാശിച്ചത്. തിരുവനന്തപുരം ജില്ലയിലെ 4 തദ്ദേശ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 3 എണ്ണത്തിൽ എൽഡിഎഫും ഒരെണ്ണത്തിൽ ബിജെപിയും വിജയിച്ചു. രണ്ടു വാർഡുകളിൽ എൽഡിഎഫിന് അട്ടിമറി വിജയം നേടുകയായിരുന്നു.
തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡിൽ ബിജെപിയുടെ സിറ്റിങ് സീറ്റാണ് ബിജെപി പിടിച്ചെടുത്ത്. വെള്ളാറിൽ സിപിഐ സ്ഥാനാർത്ഥി പുനത്തുറ ബൈജു 153 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തിരുവനന്തപുരം ഒറ്റ ശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാർഡിലും എൽഡിഎഫ് ബിജെപിയെ അട്ടിമറിച്ചു. സിപിഎമ്മിന്റെ ഒ ശ്രീജല 60 വോട്ടിന് വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് സിപിഎം സ്ഥാനാർത്ഥി വിജയിച്ചത്. മട്ടന്നൂർ നഗരസഭ ടൗൺ വാർഡിൽ ബിജെപി സ്ഥാനാർത്ഥി ജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയെ 72 വോട്ടിന് തോൽപ്പിച്ചു. ബിജെപിയുടെ എ മധുസൂദനൻ ആണ് ജയിച്ചത്. കോൺഗ്രസ് സിറ്റിങ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. മട്ടന്നൂർ നഗരസഭയിൽ ബിജെപിയുടെ ആദ്യ ജയമാണിത്.
മലപ്പുറത്ത് ലീഗ് സമ്പൂർണ്ണ ആധിപത്യം നിലനിർത്തി. മുസ്ലിം ലീഗിലെ വിഭാഗീയതയെത്തുടർന്നു നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ രാജിവച്ച വാർഡ് അടക്കം മലപ്പുറം കോട്ടയ്ക്കൽ നഗരസഭയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 2 വാർഡുകളും യുഡിഎഫ് നിലനിർത്തി. ബുഷ്റ ഷബീറിന്റെ വാർഡ് ആയിരുന്ന ഈസ്റ്റ് വില്ലൂരിൽ (14) ലീഗിലെ ഷഹാന ഷഫീർ 191 വോട്ടിനാണ് വിജയിച്ചത്. മറ്റൊരംഗം വിദേശത്തായിരുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കിയതിനെത്തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന വാർഡ് 2ൽ ലീഗിലെ തന്നെ നഷ്വ ഷാഹിദ് 176 വോട്ടിനു ജയിച്ചു. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷമാണ് രണ്ടിടത്തും. ഇടക്കാലത്ത് എൽഡിഎഫ് പിന്തുണയോടെ വിമതർ ഭരിച്ചിരുന്ന നഗരസഭയിൽ ഇതോടെ യുഡിഎഫ് നില ഭദ്രമാക്കി. 2 അംഗങ്ങൾ ബിജെപിക്കുമുണ്ട്.
എറണാകുളം നെടുമ്പാശേരി പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് സിപിഎം പിടിച്ചെടുത്തു. ഇതോടെ കോൺഗ്രസിനു പഞ്ചായത്ത് ഭരണം നഷ്ടമാകും. സിപിഎമ്മിലെ എൻ.എസ്.അർച്ചന 98 വോട്ടിനു വിജയിച്ചു. 19 അംഗ ഭരണസമിതിയിൽ എൽഡിഎഫ് 10 യുഡിഎഫ് 9 എന്നിങ്ങനെയായി കക്ഷിനില.
മുൻധാരണ പ്രകാരം സ്ഥാനമൊഴിയേണ്ട കോൺഗ്രസിലെ വൈസ് പ്രസിഡന്റ് ധാരണപാലിക്കാതെ വന്നപ്പോൾ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് വൈസ് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവച്ചതോടെയാണു ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. എടവനക്കാട് പഞ്ചായത്തിൽ സിപിഎം സീറ്റ് കോൺഗസ് പിടിച്ചു. ശാന്തി മുരളി 108 വോട്ടിനാണു ജയിച്ചത്.
ആലപ്പുഴ കുട്ടനാട്ടിലെ വെളിയനാട് പഞ്ചായത്ത് എട്ടാം വാർഡിൽ സിപിഎം സിറ്റിങ് സീറ്റ് ഒരു വോട്ടിനു ബിജെപി പിടിച്ചെടുത്തു. സുഭാഷ് പറമ്പിശേരിയാണു ജയിച്ചത്. സിപിഎമ്മിലെ ഗീത സുനിൽ രണ്ടാം സ്ഥാനത്ത്. സിപിഎം വിമതന്റെ സാന്നിധ്യമാണ് തിരിച്ചടിയായത്. കണ്ണൂർ ജില്ലയിൽ ഉപതിരഞ്ഞെടുപ്പു നടന്ന 4 തദ്ദേശ വാർഡുകളിൽ രണ്ടിടത്ത് യുഡിഎഫും ഓരോ സീറ്റിൽ എൽഡിഎഫും ബിജെപിയും ജയിച്ചു. മട്ടന്നൂർ നഗരസഭ ടൗൺ വാർഡിലാണ് ബിജെപി ജയം. യുഡിഎഫിൽനിന്നു സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. നഗരസഭയിൽ ബിജെപി ജയിക്കുന്നത് ആദ്യമാണ്.
മുഴപ്പിലങ്ങാട് പഞ്ചായത്ത് മമ്മാക്കുന്ന് വാർഡ് യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. രാമന്തളി പാലക്കോട് വാർഡും മാടായി മുട്ടം ഇട്ടപ്പുറം വാർഡും യുഡിഎഫ് നിലനിർത്തി. തിരഞ്ഞെടുപ്പ് നടന്നത് 4 വാർഡുകളിൽ. യുഡിഎഫ്2, എൽഡിഎഫ്1, ബിജെപി1. ഫലത്തിൽ യുഡിഎഫിന് 2 സീറ്റ് നഷ്ടം. ഒരെണ്ണം എൽഡിഎഫും ഒരെണ്ണം ബിജെപിയും പിടിച്ചെടുത്തു. രണ്ട് സീറ്റ് മാത്രമാണ് നിലനിർത്താനായത്.
പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ 9ാം വാർഡിൽ എം.ആർ.രമേഷ് കുമാർ (യുഡിഎഫ്) വിജയിച്ചു. സിപിഎമ്മിന്റെ സഹായത്തോടെ ജയിച്ച സ്വതന്ത്രന്റെ മരണത്തെ തുടർന്നാണു തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 136 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമേഷിന്റെ ജയം.
ജില്ല, തദ്ദേശ സ്ഥാപനം, വിജയി എന്നീ ക്രമത്തിൽ
തിരുവനന്തപുരം
തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെള്ളാർ (എൽഡിഎഫ്)
ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട്(എൽഡിഎഫ്)
പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കോവിൽവിള (എൻഡിഎ)
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ അടയമൺ(എൽഡിഎഫ്)
കൊല്ലം
ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട്(എൽഡിഎഫ്)
പത്തനംതിട്ട
നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട (യുഡിഎഫ്)
ആലപ്പുഴ
വെളിയനാട് ഗ്രാമപഞ്ചായത്തിലെ കിടങ്ങറ ബസാർ തെക്ക്(എൻഡിഎ)
ഇടുക്കി
മൂന്നാർ ഗ്രാമപഞ്ചായത്തിലെ മൂലക്കട (യുഡിഎഫ്)
മൂന്നാർ ഗ്രാമപഞ്ചായത്തിലെ നടയാർ(യുഡിഎഫ്)
എറണാകുളം
എടവനക്കാട് ഗ്രാമപഞ്ചായത്തിലെ നേതാജി (യുഡിഎഫ്)
നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ കൽപ്പക നഗർ (എൽഡിഎഫ്)
തൃശൂർ
മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിയാർക്കുളങ്ങര (എൽഡിഎഫ്)
പാലക്കാട്
ചിറ്റൂർ തത്തമംഗലം മുനിസിപ്പൽ കൗൺസിൽ മുതുകാട് (എൽഡിഎഫ്)
പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പൂക്കോട്ടുകാവ് നോർത്ത് (എൽഡിഎഫ്)
എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ പിടാരിമേട് (സ്വതന്ത്രൻ)
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ നരിപ്പറമ്പ് (യുഡിഎഫ്)
മലപ്പുറം
കോട്ടയ്ക്കൽ മുനിസിപ്പൽ കൗൺസിൽ ചൂണ്ട (യുഡിഎഫ്)
കോട്ടയ്ക്കൽ മുനിസിപ്പൽ കൗൺസിൽ ഈസ്റ്റ് വില്ലൂർ (യുഡിഎഫ്)
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കാച്ചിനിക്കാട് കിഴക്ക് (യുഡിഎഫ്)
കണ്ണൂർ
മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മമ്മാക്കുന്ന് (എൽഡിഎഫ്)
രാമന്തളി ഗ്രാമപഞ്ചായത്തിലെ പാലക്കോട് സെൻട്രൽ (യുഡിഎഫ്)
മട്ടന്നൂർ മുനിസിപ്പൽ കൗൺസിൽ ടൗൺ (എൻഡിഎ)
മാടായി ഗ്രാമപഞ്ചായത്ത് മുട്ടം ഇട്ടപ്പുറം (യുഡിഎഫ്)