ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയലിന്റെ രാജിയോടെ ആശങ്കയിലാകുന്നത് പ്രതിപക്ഷം. രണ്ടു ഒഴിവുകൾ കമ്മീഷനിലുണ്ട്. ഇവിടെ കേന്ദ്ര സർക്കാരിന് പകരക്കാരായി വിശ്വസ്തരെ നിയമിക്കാം. ഇതിനുമുമ്പ് രണ്ടുതവണ, 1999-ലും 2009-ലും മാത്രമാണ് മൂന്നംഗകമ്മിഷനിൽ ലോക്സഭാ തിരഞ്ഞെടുപ്പുസമയത്ത് ഒഴിവുണ്ടായിരുന്നത്. തിരഞ്ഞെടുപ്പിന്റെ വേളയിൽ അംഗങ്ങൾ വിരമിച്ചതിനാലാണ് അന്ന് ഒഴിവുവന്നത്. എന്നാൽ ഇത്തവണ രാജിയോടെ ഒഴിവു വരുന്നു. എന്തുകൊണ്ടാണ് രാജിയെന്ന് വ്യക്തവുമല്ല.

പ്രധാനമന്ത്രിയും അദ്ദേഹം നിർദേശിക്കുന്ന മന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷനേതാവ് അല്ലെങ്കിൽ പ്രതിപക്ഷത്തെ വലിയ പാർട്ടിയുടെ നേതാവ് എന്നിവരടങ്ങുന്ന മൂന്നംഗസമിതിയെ കമ്മിഷണർമാരെ നിയമിക്കാൻ അധികാരപ്പെടുത്തുന്ന നിയമം കഴിഞ്ഞ സമ്മേളനകാലത്ത് പാസാക്കിയിരുന്നു. അതുകൊണ്ട് തന്നെ രണ്ടൊഴിവിലേക്കും കൂടുതൽ വിശ്വസ്തരെ നിയമിക്കാൻ സർക്കാരിനാകും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പേയാണ് ഒഴിവുകൾ വന്നിരിക്കുന്നത്. ഫെബ്രുവരി 15-നായിരുന്നു മറ്റൊരു കമ്മിഷണർ അനൂപ് പാണ്ഡെ വിരമിച്ചത്. സർക്കാരിന് വേണ്ടപ്പെട്ട വ്യക്തിയായിരുന്നു അരുൺ ഗോയൽ. അതുകൊണ്ട് തന്നെ ഗോയലിന്റെ രാജി ഞെട്ടലായി മാറിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് സ്വതന്ത്രസംവിധാനം വേണമെന്നാവശ്യപ്പെടുന്ന ഹർജികൾ പരിഗണിക്കവേ അരുൺ ഗോയലിന്റെ നിയമനക്കാര്യത്തിൽ സുപ്രീംകോടതി കേന്ദ്രത്തെ വിമർശിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് മൂന്നംഗസമിതിയെ നിർദേശിച്ചുകൊണ്ടുള്ള സുപ്രധാന വിധിയിലും സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് അരുൺ ഗോയലിനെക്കുറിച്ച് പരാമർശിച്ചിരുന്നു. പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷനേതാവ് അല്ലെങ്കിൽ പ്രതിപക്ഷത്തെ വലിയ പാർട്ടിയുടെ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ താത്കാലികസമിതിയായിരുന്നു കോടതി നിർദേശിച്ചത്. പിന്നീട് ചീഫ് ജസ്റ്റിനെ ഒഴിവാക്കി പ്രധാനമന്ത്രി നിർദേശിക്കുന്ന ഒരു മന്ത്രിയെയും ഉൾപ്പെടുത്തി സമിതി നിർണയിച്ച് കേന്ദ്രസർക്കാർ നിയമം കൊണ്ടുവന്നു.

പൊതുതിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആശങ്കയുണ്ടാക്കുന്നതാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എക്‌സിൽ പോസ്റ്റുചെയ്തു. ഭരണഘടനാസ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനം സുതാര്യമല്ലെന്നും അദ്ദേഹം ആരോപിച്ചു. മൂന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർമാരിൽ രണ്ടുപേരെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സർക്കാർ നിയമിക്കുന്നത് വളരെയധികം ആശങ്കാജനകമാണെന്ന് തൃണമൂൽ കോൺഗ്രസ് വക്താവും രാജ്യസഭാംഗവുമായ സാകേത് ഗോഖലെയും എക്‌സിൽ പോസ്റ്റുചെയ്തു. ഈ വിഷയം പ്രതിപക്ഷം സജീവ ചർച്ചയായി നിലനിർത്തുമെന്നാണ് സൂചന.

കേന്ദ്രസർക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഗോയലിനെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്. രാഷ്ട്രപതി ദ്രൗപദി മുർമു രാജി സ്വീകരിച്ചതായി നിയമമന്ത്രാലയം അറിയിച്ചു.അരുൺ ഗോയലിന് 2027 വരെ കാലാവധിയുണ്ടായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ്കുമാർ 2025ൽ വിരമിക്കുമ്പോൾ ആ പദവിയിൽ എത്തേണ്ടതായിരുന്നു. രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ ഒന്നിച്ച് നിയമിക്കേണ്ട സാഹചര്യമാണ്.തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് അതുണ്ടായേക്കും.ആരോഗ്യം അടക്കം വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമായി ഗോയൽ ചൂണ്ടിക്കാട്ടിയതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു.

അടുത്തയാഴ്ച ലോക്സഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നതിനിടെ രാജി വയ്ക്കുന്നത് ഒഴിവാക്കാൻ ഉന്നത തലത്തിൽ സമ്മർദ്ദമുണ്ടായെങ്കിലും ഗോയൽ വഴങ്ങിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്രസർക്കാരുമായി അദ്ദേഹത്തിന് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

1985 ബാച്ച് പഞ്ചാബ് ഐ.എ.എസ് കേഡർ ഉദ്യോഗസ്ഥനായ അരുൺ ഗോയൽ 2022 നവംബർ 18ന് സ്വയം വിരമിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കപ്പെടുന്നത്. നിയമനത്തെ സന്നദ്ധ സംഘടന എ.ഡി.ആർ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരുന്നു. തിടുക്കത്തിലുള്ള നിയമനത്തിൽ സംശയം പ്രകടിപ്പിച്ചെങ്കിലും സുപ്രീംകോടതി രണ്ടംഗ ബെഞ്ച് ഹർജി തള്ളി. വിഷയം പരിഗണിച്ച ഭരണഘടനാ ബെഞ്ചും നിയമനം റദ്ദാക്കാൻ വിസമ്മതിച്ചു.