ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയലിന്റെ അപ്രതീക്ഷിത രാജിക്കുപിന്നിലെ കാരണം ഇനിയും വ്യക്തമല്ല. അതിനിടെ കേന്ദ്ര സർക്കാരുമായി രാജിക്ക് ബന്ധമില്ലെന്നാണ് സൂചന. ഗോയലിന്റെ രാജിക്ക് കാരണം മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ്കുമാറുമായുള്ള അഭിപ്രായവ്യത്യാസമെന്നു സൂചന. ലോക്‌സഭയിലേക്കൊന്നും അരുൺ ഗോയൽ മത്സരിക്കില്ലെന്നാണ് സൂചന.

ലോക്സഭാ സീറ്റെണ്ണത്തിൽ മൂന്നാംസ്ഥാനത്തുള്ള പശ്ചിമബംഗാളിലെ (42) തിരഞ്ഞെടുപ്പുപ്രവർത്തനം അവലോകനം ചെയ്യാനെത്തിയപ്പോൾ പത്രസമ്മേളനത്തിൽ പങ്കെടുക്കാതെ ഗോയൽ ഡൽഹിയിലേക്ക് മടങ്ങിയിരുന്നു. മാർച്ച് അഞ്ചിന് കൊൽക്കത്തയിൽനടന്ന പത്രസമ്മേളനത്തിൽ രാജീവ്കുമാർ മാത്രമാണ് പങ്കെടുത്തത്. അന്ന് തുടങ്ങിയ പ്രശ്‌നങ്ങളാണ് രാജിക്ക് കാരണമായതെന്നാണ് വിലയിരുത്തൽ. അതിനിടെ കമ്മീഷന് പുതിയ രണ്ട് അംഗങ്ങളെ കേന്ദ്ര സർക്കാർ ഉടൻ നിയമിക്കും. അതിന് ശേഷം മാത്രമേ തിരിഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കൂ.

പ്രധാനമന്ത്രി, കേന്ദ്രമന്ത്രിസഭയിലെ മറ്റൊരംഗം, പ്രതിപക്ഷനേതാവോ ലോക്സഭയിലെ ഏറ്റവുംവലിയ ഒറ്റക്കക്ഷിയുടെ നേതാവോ ഉൾപ്പെടുന്ന സമിതിയാണ് കമ്മിഷണർമാരെ നിയമിക്കേണ്ടത്. ലോക്സഭയിലെ വലിയ പ്രതിപക്ഷകക്ഷിയുടെ നേതാവ് അധീർ രഞ്ജൻ ചൗധരിയെ സർക്കാർ വിവരങ്ങൾ അറിയിച്ചു. നിയമമന്ത്രി അർജുൻ റാം മേഘ്വാളും ആഭ്യന്തര സെക്രട്ടറിയും പേഴ്സണേൽ മന്ത്രാലയം സെക്രട്ടറിയും അടങ്ങുന്ന സെർച്ച് കമ്മിറ്റിയാണ് കേന്ദ്രസെക്രട്ടറിമാരിൽനിന്ന് കമ്മിഷണർമാരെ നിയമിക്കാനുള്ള അഞ്ചുപേരുടെ പട്ടിക തയ്യാറാക്കേണ്ടത്. ഇതിൽ നിന്നാകും നിയമനം. 15ന് യോഗം ചേരുമെന്നാണ് സൂചന.

പ്രധാനമന്ത്രിസമിതി 15-നാണ് യോഗം ചേരുന്നതെങ്കിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും വൈകും. ശനിയാഴ്ച വൈകിയാണ് നിയമമന്ത്രാലയം ഗോയലിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചതായറിയിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ പ്രശ്‌നം എന്തായിരുന്നുവെന്ന് വ്യക്തമല്ല. കൊൽക്കത്തയിൽ നിന്ന് ആരോഗ്യകാരണങ്ങളാൽ ഗോയൽ മടങ്ങിയെന്നാണ് രാജീവ്കുമാർ പറഞ്ഞതെങ്കിലും അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് തിരഞ്ഞെടുപ്പുകമ്മിഷൻ വൃത്തങ്ങൾ നൽകുന്ന സൂചന. രാജിക്കത്ത് നേരിട്ട് രാഷ്ട്രപതിക്കയക്കുകയായിരുന്നു ഗോയൽ ഗോയലിനെ അനുനയിപ്പിക്കാൻ മോദി സർക്കാരിനുമായില്ല.

ഗോയലിനെ അനുനയിപ്പിക്കാൻ സർക്കാർതലത്തിൽ ശ്രമം നടത്തിയിരുന്നതായി നിയമമന്ത്രാലയവൃത്തങ്ങളും പറഞ്ഞു. മോദിസർക്കാരുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിക്കു പിന്നിലെന്ന് പ്രതിപക്ഷം ഒന്നടങ്കം ആരോപിച്ചു. കമ്മിഷനിൽ ഇപ്പോൾ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ മാത്രമാണുള്ളത്. തിരഞ്ഞെടുപ്പ് നടത്താൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ മാത്രം മതി. എന്നാൽ അതു വേണ്ടെന്നതാണ് കേന്ദ്ര സർക്കാർ നിലപാട്. അതുകൊണ്ട് തന്നെ പുതിയ അംഗത്തെ ഉടൻ നിയമിക്കും.

ഗോയലിന്റെ നിയമനത്തിന്റെ കാര്യത്തിലെന്ന പോലെ തന്നെ രാജിക്കും രാഷ്ട്രപതി വളരെ വേഗം അനുമതി നൽകി. മറ്റൊരു കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെ കഴിഞ്ഞ മാസം വിരമിച്ചിരുന്നു. ഇതോടെയാണു 2 ഒഴിവു വന്നത്. കേന്ദ്ര നിയമമന്ത്രിയും ആഭ്യന്തര, പഴ്‌സനേൽ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും അടങ്ങുന്ന സേർച് കമ്മിറ്റി 5 പേരുകൾ വീതം ഉൾപ്പെടുന്ന 2 ചുരുക്കപ്പട്ടിക നിയമന സമിതിക്കു സമർപ്പിക്കും.

പ്രധാനമന്ത്രി, അദ്ദേഹം നിർദ്ദേശിക്കുന്ന കേന്ദ്രമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ്, അല്ലെങ്കിൽ ഏറ്റവും വലിയ കക്ഷിയുടെ നേതാവ് എന്നിവരടങ്ങുന്ന സമിതി നിർദ്ദേശിക്കുന്ന വ്യക്തിയെയാണു മുഖ്യ കമ്മിണഷറോ, കമ്മിഷണറോ ആയി രാഷ്ട്രപതി നിയമിക്കുക.