ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് പൂർത്തിയായതോടെ പോളിങ് ശതമാനം കുറഞ്ഞതിന്റെ ആശങ്കയിൽ മൂന്ന് മുന്നണികളും. പോളിങ് ശതമാനത്തെ കുറിച്ചുള്ള ആശയക്കുഴപ്പം തുടരുകയാണ്. ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തു വന്നപ്പോൾ, ഡിഎംകെ, അണ്ണാ ഡിഎംകെ ക്യാമ്പുകൾ നിശബ്ദമായിരുന്നു.

20 വർഷത്തിലെ ഏറ്റവുംകുറഞ്ഞ പോളിങ്ങായിരുന്നു ഇത്തവണ സംസ്ഥാനത്ത്. 69.46 ശതമാനം. ത്രികോണമത്സരങ്ങൾ കൊട്ടിഘോഷിച്ചത്ര ശക്തമായിരുന്നില്ലെന്ന സൂചനയാണിത് നൽകുന്നത്. എൻ.ഡി.എ. സഖ്യം വലിയപ്രതീക്ഷ പുലർത്തിയിരുന്ന മണ്ഡലങ്ങളിൽ മിക്കതിലും പോളിങ് കുറഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി പ്രചാരണം കൊഴുപ്പിച്ച മണ്ഡലങ്ങളിൽപ്പോലും പോളിങ് കുറഞ്ഞു. മറ്റിടങ്ങളിൽ വർധന പേരിനുമാത്രമാണ്.

2019ലെ പോളിങ് ശതമാനം ആയ 72.47നോട് അടുത്ത് നിൽക്കുന്ന 72.09 എന്ന കണക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം രാത്രി 7 മണിക്ക് മാധ്യമങ്ങളെ അറിയിച്ചത്. അവസാന കണക്ക് വരുമ്പോൾ പോളിങ് ശതമാനം വീണ്ടും ഉയരുമെന്നും പറഞ്ഞു. കോയമ്പത്തൂരിൽ 2019ലേക്കാൾ 8 ശതമാനം ഉയർന്ന് 71ലെത്തിയെന്നും പ്രഖ്യാപനം ഉണ്ടായി. ഇതോടെ കോയമ്പത്തൂരിൽ അണ്ണാമലൈ എഫക്ട് എന്നും തമിഴ്‌നാട്ടിൽ മോദി മാജിക് എന്നും ബിജെപി ഐടി വിഭാഗം പ്രചാരണം തുടങ്ങി. എന്നാൽ അന്തിമ പോളിങ് ശതമാനം 69.46 ആണെന്ന് പുലർച്ചെ തെരഞ്ഞെടുപ്പ് കമ്മീഷൻ തിരുത്തി.

കോയമ്പത്തൂരിൽ പോൾ ചെയ്തത് 64.81 ശതമാനം വോട്ട് മാത്രം എന്നാണ് അവസാന കണക്കിലുള്ളത്. രാവിലെ 11 മണിക്ക് വാർത്താസമ്മേളനം ഉണ്ടാകുമെന്ന അറിയിപ്പ് തെരഞ്ഞെടുപ്പ് കമ്മിഷൻ പിൻവലിച്ചതും ആശക്കുഴപ്പം കൂട്ടുന്നുണ്ട്. തെരഞ്ഞെടുപ്പിൽ വ്യാപക ക്രമകേടുണ്ടായതായി അണ്ണമലൈയുടെ വിശ്വസ്തനായ ബിജെപി നേതാവ് അമർ പ്രസാദ് റെഡ്ഡി വിമർശിച്ചു. കോയമ്പത്തൂരിലും ചെന്നൈ സെൻട്രലിലും ഒരു ലക്ഷം ബിജെപി വോട്ടുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയെന്നും സ്ഥാനാർത്ഥികൾ ആരോപിക്കുന്നുണ്ട്. എന്നാൽ ആഴ്ചകൾക്ക് മുൻപേ പാർട്ടികളുടെ കൈവശമെത്തിയ പട്ടികയെ കുറിച്ച് പോളിങ് അവസാനിക്കുമ്പോൾ മാത്രം പരാതി ഉന്നയിക്കുന്നത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്.

ചെന്നൈയിലെ മൂന്ന് ഡിഎംകെ സ്ഥാനാർത്ഥികൾ മുഖ്യമന്ത്രി സ്റ്റാലിനെ കണ്ടു നന്ദി പറഞ്ഞതൊഴിച്ചാൽ പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല. അണ്ണാ ഡിഎംകെ പ്രവർത്തകരെ പോളിങ് ദിവസം കാണാൻ ഉണ്ടായിരുന്നില്ലെന്ന് ചില ഡിഎംകെ അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വോട്ടെന്നുന്ന ജൂൺ നാല് വരെ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളിൽ കണ്ണ് വേണമെന്ന ആഹ്വാനം ഇപിഎസ് നൽകിക്കഴിഞ്ഞു. 2009ന് ശേഷം സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ പോളിങ് ആണ് ഇക്കുറി രേഖപ്പെടുത്തിയിട്ടുള്ളത്. 39ൽ 35 മണ്ഡലങ്ങളിലും 2019ലേക്കാൾ പോളിങ് ശതമാനം ഇടിഞ്ഞു. ഇത് എന്തിന്റെ സൂചനയെന്ന് അങ്കലാപ്പ് മൂന്ന് മുന്നണികൾക്കുമുണ്ട്.

തമിഴ്‌നാട്ടിൽ രാഷ്ട്രീയമാറ്റത്തിന് സാധ്യത വിദൂരമെന്ന് പോളിങ് ശതമാനക്കണക്കുകൾ. ഡി.എം.കെ.യുടെ കേഡർവോട്ടുകളെ മറികടക്കാൻ നിഷ്പക്ഷവോട്ടുകൾക്ക് സാധിക്കണമെങ്കിൽ പോളിങ് വർധിക്കണം. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ സംസ്ഥാനത്തെ ഭരണമുന്നണിയായ ഇന്ത്യ സഖ്യത്തിന് തിരിച്ചടിയുണ്ടാകാനുള്ള സാധ്യത കൂടുതലായിരുന്നു. എന്നാൽ, പോളിങ് കഴിഞ്ഞതവണത്തെക്കാൾ രണ്ടരശതമാനത്തോളം കുറയുകയായിരുന്നു. ദക്ഷിണേന്ത്യയിൽനിന്ന് കൂടുതൽ സീറ്റ് വാരിക്കൂട്ടാമെന്ന ബിജെപി.യുടെ സ്വപ്നത്തിനാണിത് മങ്ങലേൽപ്പിച്ചിരിക്കുന്നത്.

എൻ.ഡി.എ. ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന 12 മണ്ഡലങ്ങളിൽ കോയമ്പത്തൂരിലും വെല്ലൂരിലും പോളിങ് ശതമാനം കൂടിയെങ്കിലും വർധന നാമമാത്രമാണ്. ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ മത്സരിച്ച കോയമ്പത്തൂരിൽ ഒരു ശതമാനത്തോളമാണ് വർധന.

കഴിഞ്ഞതവണ ഇവിടെ 63.86 ശതമാനം രേഖപ്പെടുത്തിയ സ്ഥാനത്ത് ഇത്തവണ ഇത് 64.81 ശതമാനമാണ്. ഇതിനുമുമ്പ് ബിജെപി. മൂന്നാംമുന്നണി പരീക്ഷണം നടത്തിയ 2014 തിരഞ്ഞെടുപ്പിൽ പാർട്ടിസ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണൻ ഇവിടെ രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു. ത്രികോണമത്സരം നടന്ന അന്ന് 68.40 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ്. ഇത്തവണ മത്സരം അതിലും തീവ്രമായിരുന്നുവെന്ന് കരുതപ്പെട്ടിരുന്നുവെങ്കിലും പോളിങ് ഉയരാത്തത് എൻ.ഡി.എ.യ്ക്ക് ആശങ്കയുണ്ടാക്കുന്നു.

വോട്ടെടുപ്പ് കഴിഞ്ഞ ഉടൻതന്നെ കോയമ്പത്തൂരിൽ വലിയ അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണവുമായി അണ്ണാമലൈ എത്തി. മണ്ഡലത്തിൽ ഒരുലക്ഷം വോട്ടർമാരുടെ പേരുകൾ അനധികൃതമായി നീക്കിയെന്നാണ് ആരോപണം. ചെന്നൈ സെൻട്രലിലെ ബിജെപി. സ്ഥാനാർത്ഥി വിനോജ് സെൽവവും ഇതേ ആരോപണം ഉന്നയിച്ചു. പരാജയം ഉറപ്പിച്ചതോടെ നടത്തുന്ന ന്യായീകരണമെന്നാണ് ഈ ആരോപണങ്ങളോടുള്ള ഡി.എം.കെ.യുടെ പ്രതികരണം.

എൻ.ഡി.എ. പ്രതീക്ഷയർപ്പിച്ചിട്ടുള്ള വെല്ലൂരിൽ രണ്ടുശതമാനത്തോളം വോട്ടുയർന്നിട്ടുണ്ട്. പുതിയ നീതി കക്ഷി നേതാവ് എ.സി. ഷൺമുഖം ഇവിടെ ബിജെപി.യുടെ താമരചിഹ്നത്തിലാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ 8,141 വോട്ടുകൾക്കാണ് ഡി.എം.കെ. സ്ഥാനാർത്ഥി കതിർ ആനന്ദിനോട് ഷൺമുഖം ഇവിടെ പരാജയപ്പെട്ടത്. ഇത്തവണയും കതിർ ആനന്ദ് തന്നെയാണ് ഡി.എം.കെ. സ്ഥാനാർത്ഥി. പോളിങ് ഉയർന്നതിനാൽ കോയമ്പത്തൂരിനെക്കാൾ എൻ.ഡി.എ.യ്ക്ക് വെല്ലൂരിൽ പ്രതീക്ഷയുണ്ട്.

തമിഴ്‌നാട്ടിൽ ബിജെപി. ഏറ്റവും ശക്തമായ കന്യാകുമാരിയിൽ പോളിങ് നാലുശതമാനത്തോളം കുറവാണ്. ബിജെപി.യുടെ പ്രതീക്ഷയായിരുന്ന തിരുനെൽവേലിയിൽ മൂന്ന് ശതമാനത്തിലേറെയാണ് പോളിങ്ങിലുണ്ടായ കുറവ്. ടി.ടി.വി. ദിനകരൻ മത്സരിക്കുന്ന തേനിയിൽ പോളിങ്ങിൽ വലിയ കുറവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞവർഷം 75 ശതമാനത്തിൽനിന്ന് 69-ലേക്ക് താഴ്ന്നത് ഡി.എം.കെ. സ്ഥാനാർത്ഥി തങ്കത്തമിഴ് സെൽവന് അനുകൂലമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

നീലഗിരി, ചെന്നൈ സൗത്ത്, ധർമപുരി, പെരമ്പല്ലൂർ, വിരുദുനഗർ, രാമനാഥപുരം എന്നീ മണ്ഡലങ്ങളിലും എൻ.ഡി.എ. വോട്ടുവിഹിതം ഉയർത്തിയേക്കാമെങ്കിലും വിജയം എളുപ്പമല്ല. ഇവിടെയെല്ലാം പോളിങ് കുറഞ്ഞിരിക്കുകയാണ്. പോളിങ് കുറഞ്ഞ കൊങ്കുനാട് മേഖലയിലും ഇത്തവണയും വലിയമാറ്റങ്ങൾ പ്രതീക്ഷിക്കാനാകില്ല.

കേഡർ സംവിധാനം വോട്ടുവിഹിതത്തിൽ രണ്ടാംസ്ഥാനം നിലനിർത്താൻ അണ്ണാ ഡി.എം.കെ.യെ സഹായിക്കുമെങ്കിലും സീറ്റുകൾ നേടാനാകുമോയെന്നകാര്യം സംശയത്തിലാണ്. ഇതേസമയം ഡി.എം.കെ.യുടെ സംഘടനാസംവിധാനവും ഒറ്റക്കെട്ടായി മുന്നേറുന്ന ഘടകകക്ഷികളും ഇന്ത്യസഖ്യത്തിന് ഇത്തവണയും ഗുണംചെയ്യും. പ്രതിപക്ഷം ചിതറിനിൽക്കുന്നതിനാൽ സർക്കാർവിരുദ്ധ വോട്ട് ഭിന്നിക്കുമെന്നാണ് ഡി.എം.കെ.യുടെ കണക്കുകൂട്ടൽ.

ഇതിനുമുമ്പ് ത്രികോണമത്സരം നടന്ന 2014-ൽ വോട്ടുഭിന്നിച്ചത് അണ്ണാ ഡി.എം.കെ.യ്ക്ക് അനുകൂലമായിരുന്നുവെങ്കിൽ ഇത്തവണ ഡി.എം.കെ.യ്ക്ക് ഗുണകരമാണ്. സഖ്യമുണ്ടാക്കുന്നതിൽ പിഴച്ചതായിരുന്നു 2014-ൽ ഡി.എം.കെ.യ്ക്ക് തിരിച്ചടിയായത്. വി സി.കെ.യും മുസ്ലിംലീഗും മാത്രമായിരുന്നു അന്ന് ഡി.എം.കെ.യ്ക്ക് ഒപ്പമുണ്ടായിരുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജനക്ഷേമ മുന്നണിയെന്നപേരിൽ ഇടതുപക്ഷം, എം.ഡി.എം.കെ., ഡി.എം.ഡി.കെ., വി സി.കെ. തുടങ്ങിയ പാർട്ടികൾ മൂന്നാം മുന്നണിയുണ്ടാക്കിയപ്പോഴും ഡി.എം.കെ.യ്ക്ക് തിരിച്ചടിനേരിട്ടു.