- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം ഘട്ടത്തിലും പോളിങ് ശതമാനം കുറഞ്ഞതോടെ രാഷ്ട്രീയ പാർട്ടികൾക്ക് ആശങ്ക
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലും പോളിങ് ശതമാനം കുറഞ്ഞതിൽ രാഷ്ട്രീയ പാർട്ടികൾക്ക് ആശങ്ക. വോട്ടർമാരെ പോളിങ് ബൂത്തിലെത്തിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പതിനെട്ട് അടവും പുറത്തെടുത്തെങ്കിലും പോളിങ് ശതമാനം പല സംസ്ഥാനങ്ങളിലും ഇടിവ് വരുന്നത് ആശങ്കയോടെയാണ് രാഷ്ട്രീയ പാർട്ടികൾ നോക്കി കാണുന്നത്. എൻഡിഎയ്ക്ക് നാനൂറിലധികം സീറ്റെന്ന ലക്ഷ്യം വെല്ലുവിളിയാകുമെന്ന സൂചനയാണ് ആദ്യ മൂന്ന് ഘട്ടങ്ങളിലെ പോളിങ് ശതമാനം നൽകുന്ന സൂചന. ഇതോടെ വർഗീയ ചുവയുള്ള വാദങ്ങളിൽ കൂടുതൽ ഊന്നി ബിജെപി നാലാം ഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണ തന്ത്രങ്ങൾ മാറ്റിപ്പിടിച്ചേക്കും.
അതേ സമയം വളച്ചൊടിച്ചാണെങ്കിലും ബിജെപി തങ്ങളുടെ പ്രകടനപത്രിക ചർച്ചയാക്കിയതിന്റെ സന്തോഷത്തിലാണ് കോൺഗ്രസ്. ഭരണഘടനയും സംവരണവും അപകടത്തിലെന്ന വാദത്തിന് മറുപടി പറയാൻ ബിജെപി നിർബന്ധിതമായത് ഇന്ത്യാ മുന്നണിക്ക് ഉന്മേഷം നൽകുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്ന ഭൂരിപക്ഷം ലഭിക്കുമോ, ബിജെപിക്കു തനിച്ച് ഭൂരിപക്ഷം ലഭിക്കുമോ? എന്നീ ചോദ്യങ്ങളാണ് എൻഡിഎ പക്ഷത്ത് ഉയരുന്നത്. പ്രചാരണത്തിന്റെ നിയന്ത്രണച്ചരട് പൂർണമായിത്തന്നെ കൈയിൽവയ്ക്കാമെന്ന ബിജെപിയുടെ പ്രതീക്ഷയ്ക്ക് കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി മങ്ങലേറ്റതാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.
ഇതുവരെ മൂന്ന് ഘട്ടങ്ങളിലായി 284 മണ്ഡലങ്ങളിലാണ് പോളിങ് നടന്നത്. മൂന്നാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനം 64.58 ആണ്. കഴിഞ്ഞ തവണത്തെക്കാൾ നിലവിൽ മൂന്ന് ശതമാനം കുറവാണിത്. ചില സ്ഥലങ്ങളിലെ കണക്കുകൾ കൂടി ഇന്ന് വരുമ്പോൾ വീണ്ടും ഉയരാൻ സാധ്യതയുണ്ട്. കർണ്ണാടകയിൽ പോളിങ് 70 ശതമാനം കടന്നു. ഇത് കഴിഞ്ഞ തവണത്തെക്കാൾ കൂടുതലാണ്. അസമിലെ പോളിങ് 81 ശതമാനമാണ്. യുപിയിലും ഗുജറാത്തിലും കഴിഞ്ഞ തവണത്തേക്കാൾ പോളിങ് കുറഞ്ഞു. മൂന്നാം ഘട്ടത്തിലും പോളിങ് ശതമാനം കുറഞ്ഞതോടെ രാഷ്ട്രീയ പാർട്ടികൾ കണക്കുകൾ കൂട്ടിയും കിഴിച്ചും അടുത്ത ഘട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ്. ഇതുവരെ മൂന്ന് ഘട്ടങ്ങളിലായി 284 മണ്ഡലങ്ങളിലാണ് പോളിങ് നടന്നത്.
ആദ്യ ഘട്ടത്തിൽ 102 മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലെത്തിയത്, 66.14 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2019ൽ 69.43 ശതമാനം പോളിംഗാണ് ഉണ്ടായത്. 3.29 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിൽ 89 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പോളിങ് ശതമാനം 66.71 ആണ്. 2019ൽ 69.04 ശതമാനം പോളിങാണ് ഉണ്ടായിരുന്നത്. മൂന്നാം ഘട്ടത്തിൽ 93 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഇന്നലെ നടന്നു. ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം 64.58 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2019 ൽ 67.33 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്ക് വരുമ്പോൾ ചില വ്യത്യാസങ്ങൾ ഉണ്ടായേക്കും.
പോളിങ്ങിന്റെ 7 ഘട്ടങ്ങളിൽ മൂന്നേ പിന്നിട്ടിട്ടുള്ളൂവെങ്കിലും സീറ്റുകളുടെ എണ്ണം വച്ചുനോക്കിയാൽ പാതി പിന്നിട്ടു. 543 സീറ്റിൽ 283ൽ വോട്ടെടുപ്പ് കഴിഞ്ഞു. 16 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടെടുപ്പു കഴിഞ്ഞു. അതേസമയം, എല്ലാ ഘട്ടങ്ങളിലും വോട്ടെടുപ്പുള്ള യുപി, ബിഹാർ, ബംഗാൾ എന്നീ വലിയ സംസ്ഥാനങ്ങളിൽ മൂന്നിലൊന്നു സീറ്റുകളിൽ പോലും പോളിങ് കഴിഞ്ഞിട്ടുമില്ല. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ആദ്യ മൂന്ന് ഘട്ടങ്ങളിലായി എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് പൂർത്തിയായിക്കഴിഞ്ഞു.
ഉത്തരേന്ത്യ: ഡൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ ഏറ്റവും അവസാനത്തെ 2 ഘട്ടങ്ങളിലാണു വോട്ടെടുപ്പ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റും കർഷകപ്രക്ഷോഭവും പ്രധാന ചർച്ചാവിഷയങ്ങളാകുന്ന മേഖല. ഇവയിൽ പഞ്ചാബ് ഒഴികെ മൂന്നിടത്തും കഴിഞ്ഞതവണ എൻഡിഎ എല്ലാ സീറ്റും തൂത്തുവാരിയിരുന്നു. പോളിങ് നടക്കാനിരിക്കുന്ന യുപിയിലെ 54 സീറ്റും ബിഹാറിലെ 26 സീറ്റും മൊത്തം ഫലത്തെ സ്വാധീനിക്കാൻ തക്കവിധം നിർണായകം.
കിഴക്ക്: 13 മുതലുള്ള 4 ഘട്ടങ്ങളിലായാണ് ഒഡീഷയിൽ വോട്ടെടുപ്പ്. ബംഗാളിൽ 4 ഘട്ടങ്ങളിലായി 32 സീറ്റുകളിൽ കൂടി വോട്ടെടുപ്പ് നടക്കാനുണ്ട്. ബംഗാളിൽ ആധിപത്യം നേടാനുള്ള ബിജെപി ശ്രമങ്ങളെ തൃണമൂൽ അരയും തലയും മുറുക്കി ചെറുക്കുന്നതാണു നിലവിലെ ചിത്രം.
പശ്ചിമേന്ത്യ: മഹാരാഷ്ട്രയിൽ അടുത്ത 2 ഘട്ടം കൂടി വോട്ടെടുപ്പ്. മുംബൈ നഗരമേഖലയും ഇതിൽപെടും. കഴിഞ്ഞതവണ 48 ൽ 41 സീറ്റ് നേടിയ എൻഡിഎ ഇക്കുറി ശക്തമായ മത്സരം നേരിടുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഇനിയുള്ള ദിവസങ്ങളിലെ പ്രചാരണ തന്ത്രങ്ങൾ എന്താകുമെന്ന ആകാംക്ഷ ശക്തം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 78 റാലികൾ കൂടി നടക്കും.
ദക്ഷിണേന്ത്യ: തെലങ്കാനയിലും ആന്ധ്രപ്രദേശിലും നാലാം ഘട്ടമായ 13നാണു വോട്ടെടുപ്പ്. ഇതോടെ ഈ മേഖലയിൽ വോട്ടെടുപ്പ് പൂർണമാകും. തെലങ്കാനയിൽ കോൺഗ്രസ് ഏറെ പ്രതീക്ഷ വയ്ക്കുന്നു. ബിആർഎസ് ദുർബലമായതോടെ ബിജെപി കൂടുതൽ വളർച്ച ലക്ഷ്യം വയ്ക്കുന്നു. ആന്ധ്രയിൽ ടിഡിപി സഖ്യംവഴി നില മെച്ചപ്പെടുത്താനാണു ബിജെപി ശ്രമം.
മോദി തരംഗമില്ലെന്നും രാമക്ഷേത്രം ഉത്തരേന്ത്യയിൽ എല്ലായിടത്തും വോട്ടുനേടിത്തരില്ലെന്നും ബിജെപി വിലയിരുത്തുന്നു. ഗുജറാത്തിലുൾപ്പെടെ ജാതീയമായ പ്രശ്‌നങ്ങൾ ബിജെപിക്കു ദോഷമായിട്ടുണ്ട്. സംസ്ഥാനത്ത് സ്ഥാനാർത്ഥികളെ ഏറെ നേരത്തേ പ്രഖ്യാപിച്ചതും വിമതശബ്ദങ്ങൾക്കു വഴിവച്ചു. സൂറത്തിൽ മറ്റു സ്ഥാനാർത്ഥികളെ ഒഴിവാക്കി വിജയം നേടാൻ കാട്ടിയ ആവേശവും അതേ തന്ത്രം ഇൻഡോറിൽ പ്രയോഗിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതും പാർട്ടിക്കുള്ളിൽത്തന്നെ വിമർശനത്തിനു വഴിവച്ചു. ജയിക്കുമെന്നുറപ്പുള്ള സീറ്റുകളിൽ എന്തിനു കുതന്ത്രത്തിനു തുനിഞ്ഞെന്ന ചോദ്യമാണ് പാർട്ടിയിലുള്ളത്.
മഹാരാഷ്ട്രയിൽ ശിവസേനയെയും എൻസിപിയെയും പിളർത്തിയത് അവർക്ക് അനുകൂലമായ സഹതാപതരംഗമുണ്ടാക്കുന്ന വിലയിരുത്തലുണ്ട്. പ്രകാശ് അംബേദ്കറും അസദുദ്ദീൻ ഉവൈസിയും കഴിഞ്ഞതവണത്തേതുപോലെ പ്രതിപക്ഷ വോട്ട് ഭിന്നിപ്പിക്കുന്ന സാഹചര്യവും കാണാനില്ല. യുപിയിൽ 75 സീറ്റ് വിജയലക്ഷ്യം സാധ്യമല്ലെന്ന വിലയിരുത്തലാണ് ഇപ്പോൾ പാർട്ടിവൃത്തങ്ങൾ പങ്കുവയ്ക്കുന്നത്. വൈകാരിക വിഷയങ്ങൾ ഏശാത്തത് ബിഹാറിൽ ദോഷമാകാമെന്നും ബിജെപി കരുതുന്നു. കർണാടകയിലും ബംഗാളിലും ലൈംഗിക വിഷയങ്ങൾ ചർച്ചയിലേക്കു വന്നതും പാർട്ടിയെ പ്രതിരോധത്തിലാക്കി.
മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം ലഭിക്കുമെന്നും അത് പ്രചാരണത്തിന്റെ സ്വഭാവം മാറ്റുമെന്നുള്ള പ്രതീക്ഷയിലാണ് ഡൽഹിയിൽ ആം ആദ്മി പാർട്ടി. ആം ആദ്മി സഖ്യം നേട്ടമാകുമെന്നു കരുതിയിരിക്കെ സ്ഥാനാർത്ഥികളെച്ചൊല്ലി പാർട്ടിക്കുള്ളിലുണ്ടായ എതിർപ്പുകൾ കോൺഗ്രസിനു തിരിച്ചടിയായിട്ടുണ്ട്. എന്നാൽ, ഹരിയാനയിൽ ബിജെപി സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതുകൊണ്ടുണ്ടായ പുതിയ പ്രതിസന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും സ്വാധീനിക്കുമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്. ബംഗാളിൽ ബിജെപി തൃണമൂൽ ധാരണ കോൺഗ്രസും സിപിഎമ്മും ആരോപിച്ചെങ്കിലും പുതിയ സംഭവവികാസങ്ങൾ മറ്റൊരു ചിത്രമാണ് സൂചിപ്പിക്കുന്നത്. ഒഡീഷയിൽ നിയമസഭയും പിടിക്കാമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്.