- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രത്തിലെ ഏറ്റവും കുറവ് സ്ഥാനാർത്ഥികളുമായി കോൺഗ്രസ്
ന്യൂഡൽഹി: ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സ്വന്തം ശക്തി തിരിച്ചറിഞ്ഞ് വലിയ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി കോൺഗ്രസ്. കഴിഞ്ഞ തവണ 423 സീറ്റിൽ വരെ മത്സരിച്ച കോൺഗ്രസ് മത്സരിക്കുന്നതിൽ നിന്ന് ഇത്തവണ കൈവിട്ടത് കുറഞ്ഞത് നൂറോളം സീറ്റുകളാണ്. രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് കോൺഗ്രസ് ലോക്സഭയിലേക്ക് 400-ൽ കുറഞ്ഞ സീറ്റുകളിൽ മത്സരിക്കുന്നത്. 328 മണ്ഡലങ്ങളിലാണ് കോൺഗ്രസ് ഇത്തവണ സ്ഥാനാർത്ഥികളെ നിർത്തിയത്. കഴിഞ്ഞതവണത്തേക്കാൾ 93 സീറ്റുകൾ കുറവാണിത്.
2019-ൽ മത്സരിച്ച 101 സീറ്റുകളാണ് ഇത്തവണ കോൺഗ്രസ് 'ഇന്ത്യ' സഖ്യകക്ഷികൾക്ക് നീക്കിവെച്ചത്. 2019ൽ ബിജെപി. 437 സീറ്റിലും കോൺഗ്രസ് 423 സീറ്റിലുമാണ് മത്സരിച്ചിരുന്നത്. ബിജെപി.യുമായി നേരിട്ടേറ്റുമുട്ടുന്ന സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി സഖ്യം ശക്തിപ്പെടുത്തണമെന്ന പാർട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ സീറ്റുകളിലേക്കൊതുങ്ങിയത്.
ഇതിന് മുമ്പ് കോൺഗ്രസ് ഏറ്റവുംകുറവ് സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചത് 2004-ലാണ്. അന്ന് 417 കോൺഗ്രസ് സ്ഥനാർഥികളായിരുന്നു ഉണ്ടായിരുന്നത്. ബിജെപി 2019-ലേതിനേക്കാൾ കൂടുതൽ സ്ഥാനാർത്ഥികളെ ഇത്തവണ നിർത്തിയിട്ടുണ്ടെങ്കിലും പാർട്ടിയുടെ ചരിത്രത്തിൽ ഏറ്റവുംകൂടുതൽ പേർ മത്സരിച്ചത് 1991-92 തിരഞ്ഞെടുപ്പിലാണ്. അന്ന് ബിജെപിക്ക് 477 സ്ഥാനാർത്ഥികളുണ്ടായിരുന്നു.
കർണാടക, ഒഡിഷ എന്നിവിടങ്ങളിൽ കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ സീറ്റുകളിൽ കോൺഗ്രസ് ഇത്തവണ മത്സിരിക്കുന്നുണ്ട്. മിസോറാമിലെ ഏക സീറ്റിൽ കഴിഞ്ഞതവണ സ്വതന്ത്രസ്ഥാനാർത്ഥിയെ പിന്തുണച്ച കോൺഗ്രസ്, ഇത്തവണ പാർട്ടി സ്ഥാനാർത്ഥിയെ നിർത്തി.
കർണാടകയിൽ 2019-ൽ ജെ.ഡി.എസിനൊപ്പം ചേർന്ന് 21 സീറ്റുകളിലായിരുന്നു മത്സരിച്ചതെങ്കിൽ, ഇത്തവണ സഖ്യമില്ലാതെ ആകെയുള്ള 28 സീറ്റിലും കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഒഡിഷയിൽ 18 സീറ്റിലായിരുന്നു കഴിഞ്ഞതവണയെങ്കിൽ, ഇത്തവണ 20 സീറ്റിൽ മത്സരിക്കുന്നുണ്ട്.
സൂറത്തിലേയും ഇൻഡോറിലേയും പത്രികകൾ തള്ളിപ്പോയിരുന്നില്ലെങ്കിൽ 330 സീറ്റുകളിൽ കോൺഗ്രസിന് സ്ഥാനാർത്ഥികളുണ്ടാവുമായിരുന്നു. 2004-ൽ 417 സീറ്റിലും 2009-ൽ 440 ഇടത്തും 2014-ൽ 464 സീറ്റിലും 2019-ൽ 421 സീറ്റിലുമായിരുന്നു കോൺഗ്രസിന് സ്ഥാനാർത്ഥികളുണ്ടായിരുന്നത്.
ഉത്തർപ്രദേശിലാണ് കഴിഞ്ഞതവണത്തേക്കാൾ ഏറ്റവും കുറവ് സ്ഥാനാർത്ഥികളെ നിർത്തിയത്. കഴിഞ്ഞതവണ സംസ്ഥാനത്തെ 80-ൽ 67 സീറ്റിലും മത്സരിച്ച കോൺഗ്രസിന്, സോണിയാഗാന്ധിയുടെ റായ്ബറേലിയിൽ മാത്രമേ വിജയിക്കാൻ സാധിച്ചിരുന്നുള്ളൂ. ഇത്തവണ സമാജ്വാദി പാർട്ടിക്കൊപ്പം ചേർന്ന് 17 സീറ്റിൽ മാത്രമാണ് കോൺഗ്രസ് മത്സരിക്കുന്നത്. 2019-ൽ 40 സീറ്റിൽ മത്സരിച്ച പശ്ചിമബംഗാളിൽ, സഭാകക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരിയടക്കം രണ്ടുപേർ മാത്രമാണ് വിജയിച്ചത്. 42 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇടതുപാർട്ടികളുമായി ചേർന്ന് ഇത്തവണ സംസ്ഥാനത്ത് കോൺഗ്രസ് മത്സരിക്കുന്നത് 14 സീറ്റുകളിൽ മാത്രമാണ്.
കഴിഞ്ഞലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ എൻ.സി.പിക്കൊപ്പം ചേർന്നായിരുന്നു കോൺഗ്രസ് മത്സരിച്ചത്. ഇത്തവണ ഉദ്ധവ് താക്കറെയുടെ ശിവസേനയും സഖ്യത്തിന്റെ ഭാഗമായതോടെ 17 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മത്സരിക്കുന്നത്. കഴിഞ്ഞതവണ 25 ഇടത്ത് ജനവിധി തേടിയിരുന്നു. പ്രധാനശക്തിയായിട്ടുപോലും ഒമ്പത് സംസ്ഥാനങ്ങളിൽ രണ്ടോ മൂന്നോ സീറ്റ് ഇന്ത്യ സഖ്യകക്ഷികൾക്കായി കോൺഗ്രസ് മാറ്റിവെച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടി അധികാരത്തിലുള്ള ഡൽഹിയിൽ ഏഴിൽ മൂന്നിടത്താണ് കോൺഗ്രസ് മത്സരിക്കുന്നത്. കഴിഞ്ഞതവണ ഏഴ് സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ചിരുന്നു.
ഹരിയാണയിൽ ഒരു സീറ്റും ഗുജറാത്തിലെ രണ്ടു സീറ്റും ആം ആദ്മി പാർട്ടിക്ക് നൽകി. ആന്ധ്രാപ്രദേശിലെ രണ്ടുസീറ്റുകൾ സിപിഎമ്മിനും സിപിഐക്കുമായി മാറ്റിവെച്ചു. അസമിൽ ഒരുസീറ്റിൽ എ.ജെ.പിയാണ് മത്സരിക്കുന്നത്. മധ്യപ്രദേശിലെ ഖജുരാഹോ സമാജ്വാദി പാർട്ടിക്കുവേണ്ടി നീക്കിവെച്ചതായിരുന്നെങ്കിലും, അവരുടെ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിപ്പോയതിനെത്തുടർന്ന് ഫോർവേഡ് ബ്ലോക്കിന്റെ സ്ഥാനാർത്ഥിയെയാണ് പിന്തുണയ്ക്കുന്നത്. രാജസ്ഥാനിൽ മൂന്ന് സീറ്റുകളിൽ സഖ്യകക്ഷികൾ ജനവിധി തേടും.