ന്യൂഡൽഹി: സിക്കിം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഫലങ്ങൾ പുറത്ത്. രാവിലെ ആറ് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. അരുണാചൽ പ്രദേശിൽ ബിജെപി അധികാരത്തിൽ എത്തിയിട്ടുണ്ട്. സിക്കിമിൽ എസ് കെ എം പാർട്ടിയും അധികാരമുറപ്പിച്ചു. സിക്കിമിൽ 32ൽ 25ൽ അധികം സീറ്റുകളിൽ എസ് കെ എം അധികാരത്തിൽ എത്തി. എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുന്ന ഫലമാണ് അരുണാചലിൽ നിന്നും സിക്കിമിൽ നിന്നും പുറത്തു വരുന്നത്. ഇത് ബിജെപിക്കും പ്രതീക്ഷയാണ്.

സിക്കിമിൽ 32 സീറ്റും അരുണാചൽ പ്രദേശിൽ 60 സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചലിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. അരുണാചലിൽ ബിജെപി ലീഡ് നിലയിൽ കേവല ഭൂരിപക്ഷം ഉറച്ചിട്ടുണ്ട്. സിക്കിം ഭരണ മുന്നണിയായ സിക്കിം ക്രാന്തികാരി മോർച്ച തൂത്തുവാരും. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഏറെ പിന്നിലാണ്. ജൂൺ രണ്ടിന് സിക്കിം-അരുണാചൽ നിയമസഭകളുടെ കാലാവധി കഴിയും. അതുകൊണ്ടാണ് ഇന്ന് പുലർച്ചെ രണ്ടിടത്തും നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നടക്കുന്നത്.

അരുണാചലിൽ പെമ ഖണ്ഡു വീണ്ടും

അരുണാചലിൽ മുഖ്യമന്ത്രി പെമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗനാ മേനും ഉൾപ്പെടെ 10 ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതിയിലും മറ്റാരും പത്രിക നൽകിയില്ല. ഇതോടെ ഖണ്ഡുവും മറ്റ് ഒമ്പത് സ്ഥാനാർത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പവൻ കുമാർ സെയിൻ ആണ് അറിയിച്ചത്.

2019-ലാണ് അരുണാചലിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബിജെപി സർക്കാർ അധികാരമേൽക്കുന്നത്. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 41 സീറ്റായിരുന്നു നേടിയത്. ജെ.ഡി.യു ഏഴ് സീറ്റിലും എൻ.പി.പി അഞ്ച് സീറ്റിലും കോൺഗ്രസ് നാല് സീറ്റിലും പീപ്പിൾ പാർട്ടി ഓഫ് അരുണാചൽ ഒരു സീറ്റിലും സ്വതന്ത്രർ രണ്ട് സീറ്റിലുമായിരുന്നു വിജയിച്ചത്. പിന്നീട് ജെ.ഡി.യു ഉൾപ്പെടെ വിവിധ പാർട്ടികളിൽനിന്നുള്ള ഏഴ് എംഎ‍ൽഎമാർ ബിജെപിയോടൊപ്പം ചേർന്നു.

കോൺഗ്രസ് വിട്ട് പീപ്പിൾസ് പാർട്ടിയിലെത്തിയ മുഖ്യമന്ത്രി ഖണ്ഡു, 2016-ൽ ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ ഉണ്ടാക്കിയിരുന്നു. പിന്നീട് പീപ്പിൾസ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചു. അടുത്തിടെ രണ്ട് നാഷണൽ പീപ്പിൾസ് പാർട്ടി എംഎ‍ൽഎമാരും മൂന്ന് കോൺഗ്രസ് എംഎ‍ൽഎമാരും ബിജെപി ക്യാമ്പിലെത്തിയിരുന്നു. ഇതെല്ലാം കരുത്താക്കിയാണ് അരുണാചലിൽ വീണ്ടും ബിജെപി അധികാരത്തിലെത്തുന്നത്.

സിക്കമിൽ ബൈച്ചുംഗ് ബൂട്ടിയയും തരംഗമായില്ല

75% ജനങ്ങളും നേപ്പാളി വംശജരായ സിക്കിമിൽ അഞ്ചു വർഷമൊഴികെ എന്നും പ്രാദേശിക പാർട്ടികളുടെ ഭരണത്തിലായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 1.5% മാത്രം വോട്ട് നേടിയ ബിജെപിക്ക് 32 അംഗ സഭയിൽ പിന്നീട് 12 എംഎൽഎമാരെത്തി. എല്ലാവരും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിൽനിന്ന് (എസ്ഡിഎഫ്) കൂറുമാറിയവർ. കാൽനൂറ്റാണ്ട് ഭരിച്ച എസ്ഡിഎഫിനെ അട്ടിമറിച്ച് സിക്കിം ക്രാന്തികാരി മോർച്ച (എസ്‌കെഎം) 17 സീറ്റുമായി കഴിഞ്ഞതവണ ഭരണം പിടിച്ചു. പാർട്ടി സ്ഥാപകൻ പ്രേം തമാങ് ആണു മുഖ്യമന്ത്രി. തമാങ് വീണ്ടും അധികാരത്തിലേക്ക് വൻ ഭൂരിപക്ഷത്തിൽ എത്തുമെന്ന് ഉറപ്പായിട്ടുണ്ട്.

കഴിഞ്ഞ നിയമസഭയിൽ എസ്ഡിഎഫിന്റെ 15 എംഎൽഎമാരിൽ 12 പേർ ബിജെപിയിലേക്കും 2 പേർ എസ്‌കെഎമ്മിലേക്കും പോയി. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നയാളെന്ന റെക്കോർഡ് ബംഗാളിലെ ജ്യോതി ബസുവിനെ മറികടന്നു സ്വന്തമാക്കിയ പവൻകുമാർ ചാംലിങ് അങ്ങനെ എസ്ഡിഎഫിന്റെ ഏക എംഎൽഎയായി. ഇക്കുറി ശക്തമായ തിരിച്ചുവരവിനാണ് ചാംലിങ് ശ്രമിച്ചത്. മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാംപ്റ്റൻ ബൈചുങ് ബൂട്ടിയയാണ് പാർട്ടി വൈസ് പ്രസിഡന്റ്.

ദേശീയ തലത്തിൽ എൻഡിഎയുടെ ഭാഗമാണെങ്കിലും ബിജെപിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ എസ്‌കെഎം തയാറായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ധാരണയുണ്ടായതുമില്ല. അതുകൊണ്ട് തന്നെ സിക്കമിൽ പ്രേം തമാങിനേയും എൻഡിഎ മുന്നണിയിലാണ് ഏവരും ചേർക്കുന്നത്.