- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ നയിക്കാനുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിലയുറപ്പിച്ച് കേരളം
തിരുവനന്തപുരം: രാജ്യം ആര് ഭരിക്കണമെന്ന ജനവിധിയിൽ യുഡിഎഫിന് ഒപ്പം നിലയുറപ്പിച്ച് കേരളം. തൃശൂർ, ആലത്തൂർ പാർലമെന്റ് മണ്ഡലങ്ങളിൽ ഒഴികെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരായ വിധിയെഴുത്തായി മാറുന്ന കാഴ്ചയാണ് കേരളത്തിൽ ഇത്തവണ കണ്ടത്. കഴിഞ്ഞ തവണ പത്തൊൻപത് മണ്ഡലങ്ങളിൽ ജയിച്ച യുഡിഎഫിന് ഇത്തവണ പതിനെട്ട് മണ്ഡലങ്ങൾ നിലനിർത്താനായി. അതേ സമയം തൃശൂരിൽ സുരേഷ് ഗോപിയിലൂടെ കേരളത്തിൽ ആദ്യമായി ലോക്‌സഭയിൽ 'അക്കൗണ്ട്' തുറക്കാൻ ബിജെപിക്ക് സാധിച്ചു.
ആലപ്പുഴയിലെ 'കനൽ' ഇനി ആലത്തൂരിൽ
കഴിഞ്ഞ തവണ ആലപ്പുഴയിൽ ജയിച്ച എൽഡിഎഫിന് ഇത്തവണ 'കനൽ' ഒരു തരിയായി ഒപ്പം ചേർക്കാനായത് ആലത്തൂർ മാത്രമാണ്. മന്ത്രി കെ.രാധാകൃഷ്ണനാണ് എൽഡിഎഫിനായി മണ്ഡലം തിരിച്ചു പിടിച്ചത്. 20111 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിറ്റിങ് എംപിയായ രമ്യ ഹരിദാസിനെ കെ രാധാകൃഷ്ണൻ പരാജയപ്പെടുത്തിയത്. കെ രാധാകൃഷ്ണന് 4, 03,447 വോട്ടുകൾ നേടിയപ്പോൾ രമ്യ ഹരിദാസ് 3,83,336 വോട്ടുകൾ നേടി. മൂന്നാം സ്ഥാനത്ത് എത്തിയ ബിജെപി സ്ഥാനാർത്ഥി 1,88,230 വോട്ടുകളാണ് നേടാനായത്.
കഴിഞ്ഞ തവണ രമ്യാ ഹരിദാസ് 'പാട്ട് പാടി' ജയിച്ച മണ്ഡലമായിരുന്നു ആലത്തൂർ. വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര, ആലത്തൂർ, നെന്മാറ, ചിറ്റൂർ, തരൂർ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് പ്രധാനമായും ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നത്.
കെ രാധാകൃഷ്ണന്റെ വിജയം എൽഡിഎഫ് ക്യാമ്പിന് വലിയ നാണക്കേടിൽ നിന്നാണ് രക്ഷിച്ചത്. രാജ്യത്തെ ഇടത് ഭരിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. അവിടെ നിന്ന് പാർലമെന്റിൽ എത്തുന്ന ഏക അംഗമാകും ഇതോടെ കെ രാധാകൃഷ്ണൻ.
2019ലെ തെരഞ്ഞെടുപ്പിൽ എം എ ആരിഫായിരുന്നു കേരളത്തിൽ നിന്നുള്ള ഏക ഇടത് എംപി. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും സിപിഎമ്മിനും കേരളത്തിൽ നിന്ന് തുല്യ സീറ്റാണ് ലഭിച്ചത്.
തൃശൂർ എടുത്ത് സുരേഷ് ഗോപി
തൃശൂരിൽ വിജയിച്ച ബിജെപി ഇടത് വലത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഒരുപോലെ ഞെട്ടിച്ചു. തൃശൂരിൽ സുരേഷ് ഗോപി 74686 വോട്ടുകൾക്കാണ് ജയിച്ചുകയറിയത്. 4,12,338 വോട്ടുകളാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ ആണ് രണ്ടാം സ്ഥാനത്ത്. 3,37,652 വോട്ടുകളാണ് ലഭിച്ചത്. 3,28,124 വോട്ടുകൾ നേടിയത യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്താണ്.
നേമം നിയമസഭാ മണ്ഡലത്തിൽ ഒ.രാജഗോപാൽ വിജയിച്ചതിനുശേഷം ബിജെപിയുടെ ചരിത്രനേട്ടം. ബിജെപിയുടെ പ്രമുഖ നേതാക്കൾക്ക് ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത വിജയം. കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുന്നത് ഇതാദ്യം
ബിജെപിയുടെ സംഘടനാ സംവിധാനം പിഴവില്ലാതെ പ്രവർത്തിച്ചതും കേന്ദ്രത്തിന്റെ മേൽനോട്ടവുമെല്ലാം വിജയഘടകമായി. കഴിഞ്ഞ തവണത്തെ പരാജയത്തിൽ പതറാത്ത സുരേഷ് ഗോപിയുടെ കഠിനപരിശ്രമത്തിനുള്ള വിജയം കൂടിയാണിത്. വോട്ടിങിന്റെ തുടക്കം മുതൽ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ മൂന്നാം സ്ഥാനത്തായിരുന്നു. ഇടതു സ്ഥാനാർത്ഥി വി എസ്.സുനിൽ കുമാർ രണ്ടാം സ്ഥാനത്തും.
ഇടതു വോട്ടുകളിൽ കാര്യമായ ചോർച്ചയുണ്ടായില്ലെന്നാണ് പ്രാഥമിക കണക്കുകൾ. കോൺഗ്രസ് വോട്ടുകൾ പൂർണമായി മുരളീധരനു ലഭിച്ചില്ല. മറ്റെല്ലാ എംപിമാർക്കും കോൺഗ്രസ് വീണ്ടും അവസരം നൽകിയപ്പോൾ തൃശൂരിൽ സുരേഷ് ഗോപിയെ നേരിടാൻ വടകരയിൽനിന്ന് മുരളീധരനെ ഇറക്കുകയായിരുന്നു. തൃശൂരിൽ നേതൃനിരയിലുണ്ടായിരുന്ന സഹോദരി പത്മജ വേണുഗോപാൽ ബിജെപിയിലേക്കു പോയതോടെയാണ് അപ്രതീക്ഷിതമായി ടി.എൻ.പ്രതാപൻ മാറി മുരളീധരനെത്തിയത്. ഇതിൽ അസംതൃപ്തിയുള്ളവരുടെ നിലപാടും തിരിച്ചടിയായി.
ഫോട്ടോഫിനിഷിൽ ജയം അടൂർ പ്രകാശിന്
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ആറ്റിങ്ങലിൽ ഫോട്ടോ ഫിനിഷിലാണ് അടൂർ പ്രകാശ് മണ്ഡലം നിലനിർത്തിയത്. ലീഡ് നില മാറിയും മറിഞ്ഞും മണ്ഡലം ആർക്കും പിടികൊടുക്കാതെ നിന്നപ്പോൾ ഫോട്ടോഫിനിഷിലൂടെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. അടൂർ പ്രകാശ് വിജയമുറപ്പിച്ചു. 1708 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അടൂർ പ്രകാശ് വിജയിച്ചത്.
എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയിയും അടൂർ പ്രകാശും തമ്മിൽ കടുത്ത മത്സരമാണ് ആറ്റിങ്ങലിൽ നടന്നത്. ഇവിടെ ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ മൂന്നാമതാണ്. 322884 വോട്ടാണ് അടൂർ പ്രകാശിന് നേടാനായത്. വി. ജോയി 321176 വോട്ടും വി മുരളീധരൻ 307133 വോട്ടും നേടി. പണ്ട് ചിറയിൻകീഴായിരുന്ന മണ്ഡലം 2009 ലാണ് ആറ്റിങ്ങലായി മാറിയത്. വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ അടങ്ങുന്നതാണ് ആറ്റിങ്ങൽ ലോക്സഭ മണ്ഡലം.
പൊതുവിൽ ചുവപ്പിനോട് ഒരു പ്രത്യേക അടുപ്പമുള്ള മണ്ഡലമെന്ന ഖ്യാതിയാണ് എന്നും ആറ്റിങ്ങലിനുള്ളത്. ഇടതുപക്ഷത്തിന് മേൽക്കൈ ഉള്ള മണ്ഡലമാണെങ്കിലും കോൺഗ്രസിലെ പ്രഗത്ഭരായ സ്ഥാനാർത്ഥികളെയും ആറ്റിങ്ങൽ വാരിപ്പുണർന്നിട്ടുണ്ട്. വയലാർ രവി മുതൽ സിറ്റിങ് എം പി അടൂർ പ്രകാശ് വരെയുള്ളവരുടെ വിജയചരിത്രവും അതാണ് വിരൽ ചൂണ്ടുന്നത്.
സാക്ഷാൽ സുശീല ഗോപാലനെയും അനിരുദ്ധനെയും പാർലമെന്റിലേക്കയച്ച മണ്ഡലം 10 തവണയാണ് ചുവന്നിട്ടുള്ളത്. വയലാർ രവിയും തലേക്കുന്നിൽ ബഷീറും ഒടുവിൽ അടൂർ പ്രകാശുമടക്കം 6 തവണ യു ഡി എഫും ജയിച്ചുകയറിയിട്ടുണ്ട്.
57 -ലും 62 -ലും എം കെ കുമാരനിലൂടെയും 67 -ൽ അനിരുദ്ധനിലൂടെയും അന്നത്തെ ചിറയിൻകീഴ് ചെങ്കൊടിയേന്തി. എന്നാൽ 71 -ലും 77 -ലും വയലാർ രവിക്കാണ് ചിറയിൻകീഴ് കൈ കൊടുത്തത്. 80 -ൽ എ എ റഹിമിനും 84 -ലും 89 -ലും തലേക്കുന്നിൽ ബഷീറിലൂടെയും മണ്ഡലം കൈപ്പത്തിക്കൊപ്പം നിന്നു. എന്നാൽ 91 -ൽ സാക്ഷാൽ സുശീല ഗോപാലൻ വീണ്ടും ചിറയിൻകീഴിൽ ചെങ്കൊടി പാറിച്ചു. ജയിലിൽ കിടന്ന അച്ഛൻ അനിരുദ്ധന് വേണ്ടി കുഞ്ഞുപ്രായത്തിൽ വോട്ട് തേടിയ എ സമ്പത്തിനായിരുന്നു 1996 -ൽ മണ്ഡലം വമ്പൻ ജയം കരുതിവച്ചത്.
98 -ലും 99 -ലും 2004 -ലും ജയിച്ചുകയറിയ വർക്കല രാധാകൃഷണൻ ഹാട്രിക്ക് അടിച്ചു. ശേഷം ആറ്റിങ്ങലായി പരിണമിച്ച മണ്ഡലം 2009 -ലും 2014 -ലും എ സമ്പത്തിനെ വാരിപ്പുണർന്നു. അടൂരിൽ നിന്നും പ്രകാശ് മണ്ഡലത്തിലെത്തിയപ്പോൾ 28 കൊല്ലത്തെ ആറ്റിങ്ങൽ ചെങ്കൊട്ട പൊളിഞ്ഞുവീഴുന്ന കാഴ്ചയാണ് 2019 -ൽ കേരളം കണ്ടത്.
ഏറ്റവും ഭൂരിപക്ഷം രാഹുലിന്
രാഹുൽ ഗാന്ധി മൂന്നു ലക്ഷത്തിലധികം വോട്ടിനു വയനാട്ടിൽ ജയിച്ചു. വയനാട്ടിൽ പോൾ ചെയ്ത വോട്ടുകളിൽ 6,47,445 വോട്ടുകൾ നേടിയ രാഹുൽ 3,64,442 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തുടർച്ചയായ രണ്ടാം തവണയും ജയിച്ചത്. രണ്ടാം സ്ഥാനത്തുള്ള ആനി രാജയ്ക്ക് 2,83,023 വോ്ട്ടുകൾ നേടി. കെ സുരേന്ദ്രന് ലഭിച്ചത് 1,41,045 വോട്ടുകളാണ്.
രാഹുലിന്റെ ഭൂരിപക്ഷം കുറക്കാനായി എന്നതിൽ എതിരാളികൾക്ക് ആശ്വസിക്കാം. പോരിടം തുറക്കുന്നതിന് മുമ്പേ പ്രധാന എതിരാളിയായ ഇടതുപക്ഷം തന്നെ പിന്നാമ്പുറത്ത് പറഞ്ഞത് രാഹുലിന്റെ ഭൂരിപക്ഷം കുറക്കുകയാണ് ലക്ഷ്യമെന്നാണ്.
വയനാട് ലോക്‌സഭ മണ്ഡലത്തിൽ രാഹുലിന്റെ എതിരാളികളായി ദേശീയ-സംസ്ഥാന നേതാക്കളെത്തിയെന്നതായിരുന്നു ഇത്തവണത്തെ പ്രത്യേകത. എന്നാൽ, സിപിഐ ദേശീയ കൗൺസിൽ അംഗം ആനിരാജയെ പോലൊരു കരുത്തുറ്റ സ്ഥാനാർത്ഥിയെ രംഗത്തിറക്കിയിട്ടും യു.ഡി.എഫ് കോട്ടയിൽ ഇടതുപക്ഷത്തിന് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. എൻ.ഡി.എക്കായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തന്നെ കളത്തിലിറങ്ങിയിട്ടും കാര്യമായ മാറ്റമുണ്ടായില്ല
തലസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം
അക്ഷരാർത്ഥത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തിരുവനന്തപുരത്ത് അവസാന ലാപ്പിലാണ് ശശി തരൂർ ജയിച്ചു കയറിയത്. തിരുവനന്തപുരത്ത് 16,077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശശി തരൂർ മണ്ഡലം നിലനിർത്തിയത്. തലസ്ഥാനം അട്ടിമറിയിലേക്ക് പോകുമോ എന്ന് തോന്നിപ്പിച്ച മണിക്കൂറുകൾക്കൊടുവിൽ നാലാം തവണയും തിരുവനന്തപുരം തരൂരിനെ കൈവിട്ടില്ല.
ഓരോ ഘട്ടത്തിലും വോട്ട് നില മാറി മറിയുന്ന സ്ഥിതിയായിരുന്നു തിരുവനന്തപുരത്ത്. എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് ഒരു ഘട്ടത്തിൽ രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞത് ഒഴിച്ചാൽ ശശി തരൂരും രാജീവ് ചന്ദ്രശേഖറും തമ്മിലാണ് മത്സരം നടന്നത്. ഒരു ഘട്ടത്തിൽ 23000 ത്തിലേറെ വോട്ടിന് മുന്നേറിയ രാജീവ് ചന്ദ്രശേഖറിനെ തീരദേശ വോട്ടിന്റെ കരുത്തിലാണ് തരൂർ പിന്നിലാക്കിയത്. പിന്നീട് ക്രമാനുഗതമായി ലീഡ് വർധിപ്പിച്ച തരൂർ ഏറ്റവും ഒടുവിൽ ജയമുറപ്പിച്ചു.
തീരദേശ വോട്ടുകൾ എണ്ണിയതോടെ തരൂർ വീണ്ടും ലീഡ് ഉയർത്തുകയായിരുന്നു. നഗര മണ്ഡലങ്ങളിൽ ബിജെപിക്ക് പ്രതീക്ഷിച്ച ലീഡ് നേടാൻ ആയില്ല. തിരുവനന്തപുരം സെൻട്രലിൽ തരൂരിന് 5000 ൽ അധികം വോട്ടിന്റെ ലീഡാണ് ലഭിച്ചത്. അതേസമയം, നേമത്ത് ബിജെപിക്ക് 22000 വോട്ടിന്റെ ലീഡ് ലഭിച്ചു. നേമത്ത് തരൂർ രണ്ടാമതാണ്. കഴക്കൂട്ടത്ത് ബിജെപിക്ക് 4000 ൽ പരം വോട്ടിന്റെ ലീഡും വട്ടിയൂർക്കാവിൽ 7000 വോട്ടിന്റെ ലീഡും ലഭിച്ചു. പാറശാല തരൂരിന് 12,372 ലീഡ് നേടാനായി.
അവസാനം ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം 358,115 വോട്ടാണ് തരൂരിന് നേടാനായത്. 3,42,078 വോട്ടുകളോടെ രാജീവ് ചന്ദ്രശേഖർ രണ്ടാം സ്ഥാനത്തും 247,648 വോട്ടുകളുമായി പന്ന്യൻ രവീന്ദ്രൻ മൂന്നാമതുമാണ്.
കൊല്ലത്ത് പ്രേമലു
കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രന് സ്ഥിരതയ്യാർന്ന മുന്നേറ്റമാണ് വോട്ടെണ്ണലിന്റെ തുടക്കം മുതൽ കണ്ടത്. എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷിനെ പരാജയപ്പെടുത്തി എൻ.കെ.പ്രേമചന്ദ്രൻ യുഡിഎഫിനായി ഹാട്രിക് വിജയം നേടി. കളം പിടിക്കാൻ ബിജെപി ഇറക്കിയ സ്ഥാനാർത്ഥി നടൻ കൃഷ്ണകുമാർ മൂന്നാമതാണ്. ഏറ്റവും ഒടുവിൽ വിവരങ്ങൾ ലഭ്യമാകുമ്പോൾ 4,43,68 വോട്ടാണ് എൻകെ പ്രേമചന്ദ്രന് ലഭിച്ചത്. 293,326 വോട്ടോടെ മുകേഷ് രണ്ടാ സ്ഥാനത്താണുള്ളത്. 1,63,210 വോട്ടാണ് കൃഷ്ണകുമാറിന് ലഭിച്ചത്.
2009ലെ തിരഞ്ഞെടുപ്പു മുതൽ യുഡിഎഫാണ് മണ്ഡലത്തിൽ തുടർച്ചയായി വിജയിക്കുന്നത്. 2014ൽ കോൺഗ്രസ് ആർസിപിക്ക് സീറ്റ് കൈമാറി. 2014, 2019 വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ വിജയിച്ച എൻ.കെ.പ്രേമചന്ദ്രൻ ഹാട്രിക് വിജയത്തിനായാണ് ഇത്തവണ ഇറങ്ങുന്നത്.
രൂപീകൃതമായതിന് ശേഷം ഇതുവരെ നടന്നിട്ടുള്ള 17 തെരഞ്ഞെടുപ്പുകളിൽ പത്തിലും ഇടതുപക്ഷത്തിനൊപ്പമായിരുന്നു കൊല്ലം മണ്ഡലം. കൊല്ലം, ഇരവിപുരം, ചാത്തന്നൂർ, ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ചേരുന്നതാണ് ഇത്. കുണ്ടറയിൽ പി.സി വിഷ്ണുനാഥ് ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളും ഇപ്പോൾ ഇടതു മുന്നണിക്ക് സ്വന്തം. 2016ലെ തെരഞ്ഞെടുപ്പിലും എല്ലാ നിയമസഭാ മണ്ഡലങ്ങളും ഇടതുമുന്നണിക്കൊപ്പം നിന്നു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ചിത്രം വേറെയാണ്.
ഹാട്രിക് ജയത്തോടെ ആന്റോ ആന്റണി
പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്കും മൂന്നാം വിജയം സ്വന്തമാക്കി. 66119 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആകെ 367623 വോട്ടുകൾ നേടി ആന്റോ ആന്റണി. എൽഡിഎഫിന്റെ ഡോ. തോമസ് ഐസക് 301504 വോട്ടും ബിജെപിയുടെ അനിൽ കെ. ആന്റണി 234406 വോട്ടുകളും നേടി. ആലപ്പുഴയിൽനിന്ന് മുതിർന്ന സിപിഎം നേതാവ് ടി.എം.തോമസ് ഐസക് എത്തിയിട്ടും മണ്ഡലം തിരിച്ചുപിടിക്കാനായില്ല. ഐസക്കിന്റെ പരാജയം പാർട്ടിക്ക് ആഴത്തിൽ പരിശോധിക്കേണ്ടിവരും.
പുതിയ മണ്ഡലമായി പത്തനംതിട്ട വന്നതിനു പിന്നാലെ നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും കാറ്റ് വലതുവശത്തേക്കു മാത്രമേ വീശിയിട്ടുള്ളൂ. ആന്റോ ആന്റണി എന്ന എംപി. ഹാട്രിക് നേട്ടവുമായി ലോക്സഭയിലേക്കു പോയി. 15 വർഷം തികച്ച ആന്റോ ഇത്തവണ നാലാം അങ്കത്തിനു കളത്തിലിറങ്ങി എന്നതും പ്രത്യേകത.
2009ലെ ആദ്യ തെരഞ്ഞെടുപ്പിൽ ആന്റോ ആന്റണിക്ക് 1,11, 206 വോട്ടായിരുന്നു ഭൂരിപക്ഷം. 2014-ൽ ഇത് 56,191 വോട്ടായും 2019ൽ എത്തിയപ്പോഴേക്കും ഭൂരിപക്ഷം 44,243 വോട്ടായും കുറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴ് നിയമസഭ മണ്ഡലങ്ങളിലും എൽ.ഡി.എഫ്. വെന്നികൊടി പാറിച്ചു .
ബിജെപി ദേശീയ നേതൃത്വം നേരിട്ടു നിർദ്ദേശിച്ച സ്ഥാനാർത്ഥി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ കെ. ആന്റണി പ്രതീക്ഷിച്ച പ്രകടനം കാഴ്‌വച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടെത്തി പ്രചാരണത്തിനു തുടക്കമിട്ടിട്ടും ഫലമുണ്ടായില്ല. ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിച്ചപ്പോൾ പിസി ജോർജാവും സ്ഥാനാർത്ഥി എന്നായിയിരുന്നു വാർത്തകൾ.
2009ലെ പുനർവിഭജനവേളയിൽ രൂപീകരിച്ചതാണ് ഈ ലോക്സഭ മണ്ഡലം. അതിനുശേഷമുള്ള നാലാമത്തെ തെരഞ്ഞെടുപ്പാണിത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, ആറന്മുള, റാന്നി, അടൂർ, കോന്നീ എന്നീ നിയമസഭ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നീ മണ്ഡലങ്ങളും ഇതിന്റെ പരിധിയിലുണ്ട്.
'കൈ'വിടാതെ മാവേലിക്കര
കനത്ത പോരാട്ടത്തിനൊടുവിൽ മാവേലിക്കര കൊടിക്കുന്നിൽ സുരേഷിനെ ജയത്തിലേക്ക് 'കൈ'പിടിച്ച് ഉയർത്തി. എൽഡിഎഫിലെ സി.എ.അരുൺ കുമാറിനെയാണ് ഇത്തവണ പരാജയപ്പെടുത്തിയത്. 10,826 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലം നിലനിർത്തിയത്. ഒരിക്കലും കൊടിക്കുന്നിലിനെ കൈവിട്ടിട്ടില്ലാത്ത മണ്ണാണിത്. അത് ഒരിക്കൽ കൂടി മാവേലിക്കര തെളിയിച്ചു.
മാവേലിക്കര ഇടതിനൊപ്പം നിന്നത് വളരെ അപൂർവമായിരുന്നു. 1967-ലും 2004 -ലും. 2004 -ൽ സംഭവിച്ച തോൽവി വിജയമാക്കി മാറ്റാനാണ് ആദ്യമായി 2009 -ൽ യുഡിഎഫ് കൊടിക്കുന്നിൽ സുരേഷിനെ നിയോ?ഗിക്കുന്നത്. 2009 -ൽ കൊടിക്കുന്നിൽ സുരേഷ് നേടിയത് 3,97,211 വോട്ടുകളാണ്. 2014 -ൽ കൊടിക്കുന്നിൽ സുരേഷിന് 4,02,432 വോട്ടുകളാണ് ലഭിച്ചത്. 2019 -ൽ കൊടിക്കുന്നിൽ 61,138 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്.
കോട്ടയം ജില്ലയിലെ ചങ്ങനാശേരി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ, കൊല്ലം ജില്ലയിലെ കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് മാവേലിക്കര ലോക്‌സഭാ മണ്ഡലം. 1962 -ൽ ആർ അച്യുതനാണ് മാവേലിക്കരയിൽ നിന്ന് ആദ്യമായി പാർലമെന്റിലെത്തിയത്.
1967 -ൽ ഇടതുമുന്നണിയുടെ ഭാഗമായി സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ ജിപി മംഗലത്തുമഠവും 2004 -ൽ സിഎസ് സുജാതയും മത്സരിച്ചപ്പോൾ മാത്രമാണ് മാവേലിക്കര ഇടതിനൊപ്പം നിന്നത്. 1971 -ൽ ആർ ബാലകൃഷ്ണപിള്ളയിലൂടെ യുഡിഎഫ് വീണ്ടും മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ബികെ നായർ, പിജെ കുര്യൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ വിജയിച്ചു കയറി. 2004 -ൽ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാൻ 2009 -ൽ യുഡിഎഫ് നിയോഗിച്ചതുകൊടിക്കുന്നിൽ സുരേഷിനെയായിരുന്നു.
2009 -ൽ കൊടിക്കുന്നിൽ സുരേഷ് നേടിയത് 3,97,211 വോട്ടുകളാണ്. 49.3 ശതമാനം. ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്ന ആർഎസ് അനിൽ 3,49,163 വോട്ടു നേടി. 43.3 ശതമാനം. ബിജെപിയുടെ പിഎം വേലായുധന് ലഭിച്ചത് 40,992 വോട്ടുകളാണ്. 2014 -ൽ കൊടിക്കുന്നിൽ സുരേഷിന് 4,02,432 വോട്ടുകളാണ് ലഭിച്ചത്. 45.3 ശതമാനം. ഇടതുമുന്നണിയുടെ ചെങ്ങറ സുരേന്ദ്രന് 3,69,695 വോട്ടും. 41.60ശതമാനം. ബിജെപിയുടെ പിഎസ് സുധീർ നേടിയത് 79,743 വോട്ടും.
2019 -ൽ കൊടിക്കുന്നിൽ സുരേഷും സിപിഐയുടെ ചിറ്റയം ഗോപകുമാറുമായിരുന്നു നേർക്കുനേർ വന്നത്. 74.33 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ കൊടിക്കുന്നിൽ 61,138 വോട്ടുകളുടെ ഭൂരിപക്ഷം നേടി. കൊടിക്കുന്നിലിന് 4,40,415. ചിറ്റയം ഗോപകുമാറിന് 3,79,277. എൻഡിഎയുടെ തഴവ സഹദേവന് 1,33,546. 2014 -ൽ 32,737 വോട്ടുകളുടെ ലീഡ് നേടിയ സ്ഥാനത്താണ് 2019 -ൽ കൊടിക്കുന്നിൽ സുരേഷിന്റെ ഭൂരിപക്ഷം അറുപതിനായിരം കടന്നത്. എന്നാൽ, ഇത്തവണ അത് പതിനായിരത്തിലും താഴെയാണ്.
'കനൽ' അണച്ച് ആലപ്പുഴ
എൽഡിഎഫിന്റെ ഒരുതരി കനലിനെ കാത്തുസൂക്ഷിച്ച ആലപ്പുഴ ഇത്തവണ കെ. സി വേണുഗോപാലിന്റെ കൈപിടിച്ച് ലോക്‌സഭയിലേക്ക്. 4,04560 വോട്ടുകൾ നേടിയ കെ. സി വേണുഗോപാൽ 63,513 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലം തിരിച്ചുപിടിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ സിറ്റിംങ് എംപി എ എം ആരിഫ് 3,41,047 വോട്ടുകൾ നേടിപ്പോൾ മൂന്നാം സ്ഥാനത്തെത്തിയ ശോഭ സുരേന്ദ്രൻ 2,99,648 വോട്ടുകൾ നേടി.
2009 -ൽ 57,635 ഇടതു സ്വതന്ത്രനോട് മണ്ഡലം തിരിച്ചുപിടിച്ചതും കെ. സി വേണുഗോപാൽ തന്നെയായിരുന്നു. 2014 -ലും കെ.സി വേണുഗോപാൽ വിജയിച്ചു. എന്നാൽ, പാർട്ടി ചുമതലകൾ ഏറ്റെടുത്ത് കെസി വേണുഗോപാൽ ഡൽഹിയിലേക്ക് പോയതോടെ 2019 -ൽ ഷാനിമോൾ ഉസ്മാനാണ് യുഡിഫെിന് വേണ്ടി മത്സരത്തിനിറങ്ങിയത്. തോൽവിയായിരുന്നു ഫലം. എന്നാൽ, ഇത്തവണ വീണ്ടും ഒരിക്കൽ കൂടി മണ്ഡലം കെ. സി വേണുഗോപാൽ തിരിച്ചുപിടിക്കുന്നു.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 -ൽ 19 മണ്ഡലങ്ങളും യുഡിഎഫ് തൂത്തുവാരിയപ്പോൾ എൽഡിഎഫ് വിജയിച്ച ഒരേയൊരു മണ്ഡലമാണ് ആലപ്പുഴ. എഎം ആരിഫിലൂടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിച്ച ഏക സീറ്റ്. അത് വീണ്ടും കെ. സി വേണുഗോപാലിലൂടെ യുഡിഎഫ് തിരിച്ചുപിടിച്ചു. ആലപ്പുഴ ജില്ലയിലെ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് ആലപ്പുഴ ലോക്‌സഭ മണ്ഡലം.
ആലപ്പുഴ മണ്ഡല പുനർനിർണയത്തിന് ശേഷം 1977 -ൽ വി എം സുധീരനാണ് ഇടതുമുന്നണിയുടെ ഇ. ബാലാനന്ദനെ 64,016 വോട്ടുകൾക്ക് പരാജയപ്പെടുത്തി പാർലമെന്റിലെത്തിയത്. 1980 -ൽ സുശീല ഗോപാലനും 1984, 1989 വർഷങ്ങളിൽ വക്കം പുരുഷോത്തമനും വിജയിച്ചു. 1991 -ൽ ടിജെ ആഞ്ചലോസിലൂടെ ഇടതുമുന്നണി ആലപ്പുഴ തിരിച്ചുപിടിച്ചു. എന്നാൽ, പിന്നീട് നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും വി എം സുധീരൻ വിജയിച്ചു.
2004 -ൽ സുധീരനെ 1009 വോട്ടുകൾക്ക് പരാജയപ്പെടുത്തി ഇടതുസ്വതന്ത്രനായ കെ. എസ് മനോജ് വിജയിച്ചു കയറി. 2009 -ൽ 57,635 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കെ. സി വേണുഗോപാലിലൂടെ യുഡിഎഫ് മണ്ഡലം വീണ്ടും തിരിച്ചുപിടിച്ചു. 2014 -ലും കെസി വേണുഗോപാൽ തന്നെ മണ്ഡലത്തിൽ വിജയിച്ചുകയറി.
വലതു ചേർന്ന് കേരള കോൺഗ്രസ്
കോട്ടയത്ത് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് തിരിച്ചടി നൽകി ഫ്രാൻസിസ് ജോർജ് വിജയിച്ചു. സിറ്റിങ് എംപി തോമസ് ചാഴികാടൻ പരാജയപ്പെട്ടു. പരാജയം എൽഡിഎഫിൽ ചൂടേറിയ ചർച്ചകൾക്ക് വഴി തുറക്കാൻ സാധ്യതയേറി.
2019 -ൽ സിപിഎമ്മിന്റെ ജില്ലയിലെ കരുത്തനായ നേതാക്കളിലൊരാളായ വി. എൻ വാസവനെ തോൽപിച്ച സ്ഥാനാർത്ഥി -തോമസ് ചാഴിക്കാടൻ. അതേ ചാഴിക്കാടനാണ് കോട്ടയത്ത് ഇത്തവണ എൽഡിഎഫിനായി രംഗത്ത് ഇറങ്ങിയത്. എന്നാൽ, യു.ഡി.എഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് നേതാവ് കെ. ഫ്രാൻസിസ് ജോർജ്ജ് ചാഴിക്കാടനേക്കാൾ 87266 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലം പിടിച്ചത്.
വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്നുവെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ വിളനിലമാണ് കോട്ടയം ലോക്‌സഭ മണ്ഡലം. എറണാകുളം ജില്ലയിലെ പിറവവും കോട്ടയം ജില്ലയിലെ പാലായും കടുത്തുരുത്തിയും വൈക്കവും ഏറ്റുമാനൂരും കോട്ടയവും പുതുപ്പള്ളി നിയമസഭാ മണ്ഡലങ്ങളും ചേരുന്നതാണ് കോട്ടയം ലോക്‌സഭ മണ്ഡലം.
2021 -ലെ നിയമസഭ തെരഞ്ഞെടുപ്പ് പരിഗണിച്ചാൽ യുഡിഎഫിന് മേൽക്കൈ കോട്ടയത്തുണ്ട്. എങ്കിലും കേരള കോൺഗ്രസ് മാണി വിഭാഗവും സിപിഎമ്മും ചേരുമ്പോൾ എൽഡിഎഫിനും ശക്തി ഒട്ടും കുറവായിരുന്നില്ല. 2019 -ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പക്ഷത്തുനിന്ന് മത്സരിച്ച് വിജയിച്ച കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് തോമസ് ചാഴിക്കാടൻ 2020 -ലെ മുന്നണി മാറ്റത്തോടെ എൽഡിഎഫിലെത്തിയത് മണ്ഡലത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങളെ തന്നെ മാറ്റി മറിച്ചു.
2019 -ൽ സിപിഎമ്മിന്റെ ജില്ലയിലെ കരുത്തനായ നേതാക്കളിലൊരാളായ വി. എൻ വാസവനെ തോൽപിച്ച അതേ തോമസ് ചാഴിക്കാടനാണ് ഇത്തവണ എൽഡിഎഫിനായി രംഗത്ത് ഇറങ്ങിയതെങ്കിലും രക്ഷയുണ്ടായില്ല. യുഡിഎഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് നേതാവ് കെ ഫ്രാൻസിസ് ജോർജ് തന്നെ മുന്നിൽ. അതേസമയം ബിഡിജെഎസിന് അനുവദിച്ച സീറ്റിൽ എൻഡിഎയ്ക്കായി പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്.
എൽഡിഎഫിന്റെ ബാലികേറാമല
എറണാകുളത്ത് ഉജ്വല ഭൂരിപക്ഷത്തോടെ ഹൈബി ഈഡൻ മണ്ഡലം നിലനിർത്തി. സിപിഎം സംഘടനാ റിപ്പോർട്ടിൽ പരാമർശിച്ചതുപോലെ എറണാകുളം ബാലികേറാമലയായി ഇത്തവണയും തുടരുന്ന കാഴ്ചയാണ് കണ്ടത്.
2019 ലും ഹൈബി തന്നെയായിരുന്നു എറണാകുളം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി. അന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവിനെയാണ് ഹൈബി തോൽപ്പിച്ചത്. 1,69,153 ഭൂരിപക്ഷത്തിനായിരുന്നു ഹൈബിയുടെ വിജയം. ഇത്തവണ ഹൈബി തന്റെ ഭൂരിപക്ഷം വർധിപ്പിച്ചു.
മുൻ എംഎൽഎ ആയിരുന്ന പരേതനായ ജോർജജ് ഈഡന്റെ മകനാണ് ഹൈബി ഈഡൻ. രാഷ്ട്രീയ പ്രവേശനം. കെഎസ്‌യുവിന്റെ എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റായിരുന്ന ഹൈബി 2007 മുതൽ 2009 വരെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. എൻഎസ്‌യുവിന്റെ ദേശീയ അധ്യക്ഷനും ആയിരുന്നു. 2011ലും 2016ലും എറണാകുളത്ത് നിന്നും നിയമസഭാംഗമായി.
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം നിയോജക മണ്ഡലത്തിൽ നിന്നും സെബാസ്റ്റ്യൻ പോളിനെ പരാജയപ്പെടുത്തിയാണ് നിയമസഭാംഗമായത്. 32,437 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. ഇതോടെ ഹൈബി നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി മാറി.
1983 ഏപ്രിൽ 19ന് എറണാകുളം ജില്ലയിലെ കലൂരിൽ ജനിച്ചു. റാണിയാണ് മാതാവ്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തേവര എസ്എച്ച് കോളേജിൽ നിന്ന് ബിരുദവും എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. ബികോം, എൽഎൽബിയാണ് വിദ്യാഭ്യാസ യോഗ്യത. അന്ന ലിൻഡയാണ് ഭാര്യ. ക്ലാര മകളാണ്.
ഇടുക്കിയുടെ കൈപിടിച്ച് ഡീൻ
പതിനെട്ടാം ലോക്‌സഭയിൽ ഇടുക്കിയുടെ ശബ്ദമാകാൻ രണ്ടാം തവണയും ഡീൻ കുര്യാക്കോസ്. ഇടുക്കിയിൽ മൂന്നാം പോരാട്ടത്തിന് ഒരേ എതിരാളികൾ കച്ചമുറുക്കിയിറങ്ങിയപ്പോൾ വിജയം രണ്ടാം തവണയും ഡീനിനൊപ്പം തന്നെ. കഴിഞ്ഞ തവണ മത്സരിച്ചവർ നേരിട്ട് ഏറ്റുമുട്ടുന്ന ഏക സീറ്റെന്ന പ്രത്യേകതയും മണ്ഡലത്തിനുണ്ടായിരുന്നു. നിലനിർത്താനും തിരിച്ചുപിടിക്കാനുമുള്ള പോരാട്ടത്തിൽ ഇത്തവണ മണ്ഡലം യുഡിഎഫിന്റെ കൈപ്പത്തിക്കുള്ളിലായി.
ഇടുക്കിയിൽ മികച്ച ഭൂരിപക്ഷത്തിനാണ് ഡീൻ കുര്യാക്കോസ് സിപിഎമ്മിലെ ജോയ്‌സ് ജോർജിനെ പരാജയപ്പെടുത്തിയത്. ആദ്യം മുതലേ എല്ലാ നിയോജകമണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യം പുലർത്താൻ ഡീനിന് കഴിഞ്ഞു. മുൻ മന്ത്രിയും എംഎൽഎയുമായ എം.എം. മണിയുടെ ശക്തമായ കോട്ടയായ ഉടുമ്പൻചോലയിലും ഡീൻ തന്നെ മുന്നിലെത്തി. മന്ത്രി റോഷി അ?ഗസ്റ്റിന്റെ ഇടുക്കി മണ്ഡലത്തിൽ 15,688 വോട്ട് ഭൂരിപക്ഷം നേടിയായിരുന്നു ഡീനിന്റെ കുതിപ്പ്. ഹൈറേഞ്ചിൽ കോൺഗ്രസിന് എംഎൽഎ. ഇല്ലാതായിട്ട് നാളുകളായി.
ഇടുക്കിയിൽ അഞ്ച് ടേമിലും റോഷി അ?ഗസ്റ്റിൻ തന്നെ വിജയിച്ചെങ്കിലും 2021-ൽ കേരള കോൺ?ഗ്രസ് മാണി വിഭാ?ഗം എൽ.ഡി.എഫിലേക്ക് ചേക്കേറിയതോടെ ഇടുക്കിയും ചുവന്നു. പീരുമേട്, ഉടുമ്പൻചോല, ദേവികുളം, മണ്ഡലങ്ങൾ എൽഡിഎഫ് എംഎൽഎമാരുടെ തട്ടകമാണ്. ലോറേഞ്ചിൽ കോതമം?ഗലവും എൽഡിഎഫിനൊപ്പമാണ്. തൊടുപുഴയും മൂവാറ്റുപുഴയും മാത്രമാണ് കോൺ?ഗ്രസ് കോട്ടയായിട്ടുള്ളത്. എങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനോട് ആഭിമുഖ്യം കാണിക്കുന്ന മണ്ഡലത്തിന്റെ പൊതുസ്വഭാവം ഇത്തവണയും ആവർത്തിക്കപ്പെട്ടു. എൽ.ഡി.എഫിന്റെ എല്ലാ തട്ടകങ്ങളിലും രാജകീയ വിജയം നേടി തന്നെയാണ് ഇത്തവണയും ഡീനിന്റെ വിജയം.
ഇടതുകോട്ടയിൽ വീണ്ടും ശ്രീകണ്ഠൻ
ഇടതുകോട്ടയായ പാലക്കാട് വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി വി. കെ. ശ്രീകണ്ഠൻ. സിപിഎമ്മിന്റെ മുതിർന്ന നേതാവായ എ. വിജയരാഘവന് പ്രതീക്ഷിച്ച പോരാട്ടം മണ്ഡലത്തിൽ കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ കുറച്ച് വിയർത്തിട്ടാണ് പാലക്കാട് മണ്ഡലം യുഡിഎഫ് പിടിച്ചത്. അതുകൊണ്ടുതന്നെയാണ് പാർട്ടി തങ്ങളുടെ ശക്തനായ വിജയരാഘവനെ ഇറക്കി ഇത്തവണ സീറ്റ് തിരിച്ചുപിടിക്കാൻ ശ്രമിച്ചത്. എന്നാൽ നിലവിൽ 75153 വോട്ടിന്റെ ഭൂരിഭക്ഷത്തിൽ ശ്രീകണ്ഠൻ മുന്നിലാണ്.
ഇതുവരെ നാല് ലക്ഷത്തിലേറെ വോട്ടുകൾ വി. കെ. ശ്രീകണ്ഠന് ലഭിച്ചു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ വിജയരാഘവൻ മുന്നിട്ടു നിന്നുവെങ്കിലും പിന്നീട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
ഇടതുകോട്ടയായ പാലക്കാടിനെ ഞെട്ടിച്ചാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ വി. കെ. ശ്രീകണ്ഠൻ മണ്ഡലം തിരിച്ചുപിടിച്ചത്. 3,99,274 വോട്ടുകൾ അന്ന് ലഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് 3,87,637 വോട്ടുകളായിരുന്നു. 1991-ന് ശേഷം ഇടത് കോട്ടയ്ക്കുണ്ടാക്കിയ വിള്ളലായിരുന്നു അത്. എകെജിയെയും, ഇകെ നായനാരെയുമൊക്കെ ആദ്യമായി പാർലമെന്റിലെത്തിച്ച മണ്ഡലമാണിത്.
പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാ മണ്ഡലങ്ങൾ ചേർന്നുള്ളതാണ് പാലക്കാട് ലോക്സഭാ മണ്ഡലം. മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന 15 തെരഞ്ഞെടുപ്പുകളിൽ 11-ലും ജയിച്ചത് ഇടതുമുന്നണിയായിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വെറും 11,637 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വി.കെ.ശ്രീകണ്ഠൻ ജയിച്ചത്. 1989-ൽ പാലക്കാട് നിന്നും വിജയരാഘവൻ പാർലമെന്റിലെത്തിയിട്ടുണ്ട്.
മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ട
മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനിയിൽ ഇത്തവണയും ലീഗിന് മിന്നും ജയം. മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഡോ. എം. പി അബ്ദുസമദ് സമദാനി 235760 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എൽ ഡി എഫ് സ്ഥാനാർത്ഥി കെ. എസ് ഹംസയ്ക്ക് 326756 വോട്ടുകളാണ് ലഭിച്ചത്. 562516 വോട്ടുകളാണ് സമദാനിക്ക് ഇതുവരെ ലഭിച്ചത്.
എക്‌സിറ്റ് പോളുകളിലും സമദാനി തന്നെ ജയിക്കുമെന്ന് ഉറപ്പിച്ചിരുന്നു. പൊന്നാനിയിൽ സമദാനിയുടെ ആദ്യ മത്സരമാണിത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ തന്നെ പൊന്നാനിയിൽ സമദാനി ലീഡ് നിലനിർത്തി.
മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് പൊന്നാനി ലോക്‌സഭാ മണ്ഡലം. 1977 മുതൽ മുസ്ലിംലീഗിനെ പിന്തുണയ്ക്കുന്ന പൊന്നാനി പിടിച്ചെടുക്കാൻ ഇടതുപക്ഷം കാലങ്ങളായി ശ്രമം തുടരുകയാണ്. എന്നാൽ ഇത്തവണയും ഫലം കണ്ടില്ല. 2009, 2014, 2019 തെരഞ്ഞെടുപ്പുകളിൽ ലീഗിന്റെ മുതിർന്ന നേതാവ് ഇടി മുഹമ്മദ് ബഷീറിനെയാണ് പൊന്നാനി ലോക്സഭയിലേക്കയച്ചത്.
മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ലീഗ് സ്ഥാനാർത്ഥികളായ ഇ.ടി.മുഹമ്മദ് ബഷീറും അബ്ദുസമദ് സമദാനിയും വിജയിച്ചപ്പോൾ . ചാലക്കുടി, കോൺഗ്രസിലെ ബെന്നി ബഹന്നാൻ നിലനിർത്തി. മുൻ മന്ത്രി സി.രവീന്ദ്രനാഥ് പരാജയപ്പെട്ടു. . കോഴിക്കോട്ട് എം.കെ.രാഘവൻ സീറ്റ് നിലനിർത്തി. സിപിഎമ്മിലെ ഇളമരം കരീം പരാജയപ്പെട്ടു. കനത്ത മത്സരപ്രതീതിയുണ്ടായ വടകരയിൽ ഷാഫി പറമ്പിൽ സിപിഎമ്മിലെ കെ.കെ.ശൈലജയെ പരാജയപ്പെടുത്തി. കണ്ണൂരിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വിജയിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം വിഗോവിന്ദനായിരുന്നു എതിരാളി.
മൂന്ന് പതിറ്റാണ്ടോളം ഇടത് കോട്ടയായിരുന്ന കാസർകോട് പാർലമെന്റ് മണ്ഡലം 2019-ൽ കേരളമാകെ അലയടിച്ച രാഹുൽ പ്രഭാവത്തിലാണ് കോൺഗ്രസിന്റെ കൈകളിലേക്കെത്തിയത്. അന്ന് കോൺ?ഗ്രസിന് വേണ്ടി മത്സര രം?ഗത്തെത്തിയ രാജ്‌മോഹൻ ഉണ്ണിത്താനാണ് കാസർകോട് നിന്നുള്ള ലോകസഭാ വണ്ടി പിടിച്ചത്. നിരവധി പരാജയങ്ങൾക്ക് ശേഷമായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ മിന്നും വിജയം. രണ്ടാമതും വിജയം ആവർത്തിച്ച രാജ്‌മോഹൻ ഉണ്ണിത്താൻ തന്റെ ആദ്യ വിജയം വെറും തരംഗം മാത്രമായിരുന്നില്ലെന്ന് 2024 ലോകസഭാ തെരഞ്ഞെടുപ്പിൽ തെളിയിച്ചിരിക്കുന്നു.