ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ കണ്ട് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം സ്വപ്‌നം കണ്ട ബിജെപിയെയും നരേന്ദ്ര മോദിയെയും ഞെട്ടിക്കുന്നതായിരുന്നു യഥാർഥ ജനവിധി. ഇത്തവണ 400 സീറ്റ് വേണമെന്ന മോഹത്തോടെ 'അബ്കി ബാർ 400 പാർ' എന്ന മുദ്രാവാക്യവുമായാണു ദേശീയ ജനാധിപത്യ സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

400 സീറ്റ് എന്നതു മോദിയുടെ സ്വപ്നമായാണു ബിജെപി അവതരിപ്പിച്ചതും. അതിനായി ഭരണത്തിന്റെയും സംഘടനാശേഷിയുടെയും ബലത്തിൽ നാടിളക്കി പ്രചാരണം നടത്തി. കേവല ഭൂരിപക്ഷമായ 272ന് പകരം, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഓർമയ്ക്കു ബിജെപിക്കു മാത്രം 370 സീറ്റ് നൽകണമെന്നു മോദി രാജ്യമെമ്പാടും പറഞ്ഞു. 2014, 2019 വർഷങ്ങളിലേതുപോലെ 2024ലും ബിജെപിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷം വേണമെന്നു ആഹ്വാനം ചെയ്‌തെങ്കിലും മുന്നണിയായി ഭരിക്കാനുള്ള സീറ്റുകൾ മാത്രമാണ് എൻഡിഎയ്ക്ക് ലഭിച്ചത്.

പ്രധാനമന്ത്രിപദത്തിലേക്ക് ഹാട്രിക് ഊഴം കാത്ത് നരേന്ദ്ര മോദി ഒരിക്കൽക്കൂടി എൻഡിഎയെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് നയിച്ചു. 400 സീറ്റുകൾ ലക്ഷ്യമിട്ട് പ്രചാരണം തുടങ്ങിയ എൻഡിഎ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 292 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോൾ സഖ്യത്തിലെ പ്രധാനകക്ഷിയായ ബിജെപി 240 സീറ്റുകളിലേക്ക് ചുരുങ്ങി. ഇതോടെ മൂന്നാം മോദി സർക്കാർ അധികാരത്തിലേറണമെങ്കിൽ മുന്നണിയിലെ മറ്റ് ഘടകകക്ഷികളുടെ നിലപാടുകൾ കൂടി പരിഗണിച്ചേ മതിയാവു എന്ന നിലയിലാണ് ബിജെപി ഇപ്പോൾ.

ഒറ്റയ്ക്കു കേവല ഭൂരിപക്ഷം മോഹിച്ച ബിജെപിക്ക് ഉത്തർ പ്രദേശിലും മഹാരാഷ്ട്രയിലുമടക്കം ശക്തികേന്ദ്രങ്ങളിൽ നേരിട്ട തിരിച്ചടികൾ മാത്രമല്ല പിന്നാക്കം പോകാനുള്ള കാരണങ്ങൾ. ദക്ഷിണേന്ത്യയിൽ കേരളത്തിൽ ചരിത്രത്തിലാദ്യമായി അക്കൗണ്ട് തുറക്കാനായപ്പോഴും തമിഴ്‌നാട് അടക്കം ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ബിജെപിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. ഇന്ത്യയാകെ മോദി പ്രഭാവം അലയടിക്കുമെന്ന് ബിജെപി കണക്കുകൂട്ടിയ സ്ഥാനത്ത് പല സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പാർട്ടിക്ക് ഒരാളെ പോലും വിജയിപ്പിക്കാനായില്ല.

2019 ലോക്സഭ തെരഞ്ഞെടുപ്പിൽ 303 സീറ്റുകളാണ് ബിജെപി ഒറ്റയ്ക്ക് നേടിയത്. 272 സീറ്റുകൾ കേവലഭൂരിപക്ഷത്തിന് വേണ്ട സ്ഥാനത്ത് ബിജെപി സഖ്യകക്ഷികളുടെ സഹായമില്ലാതെ തന്നെ ഒറ്റയ്ക്ക് ആ മാന്ത്രിക സംഖ്യ കടന്നു. ബിജെപി കൊടുങ്കാറ്റിൽ എൻഡിഎ മുന്നണി 353 സീറ്റുകൾ 2019ൽ അക്കൗണ്ടിലാക്കി. എന്നാൽ 2024ലേക്ക് വന്നപ്പോൾ പ്രതിപക്ഷ പാർട്ടികളുടെ 'ഇന്ത്യാ മുന്നണി'ക്ക് മുന്നിൽ ബിജെപിയുടെ പ്രതീക്ഷകൾ അടിപതറി.

2019 ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്ന് 63 സീറ്റുകളുടെ കുറവാണ് ബിജെപിക്ക് ഇക്കുറിയുണ്ടായത്. കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്നപ്പോഴും ദക്ഷിണേന്ത്യയിൽ തമിഴ്‌നാട്ടിൽ ബിജെപി പൂജ്യമായി. തമിഴ്‌നാട്ടിൽ ഒതുങ്ങുന്നതല്ല ബിജെപിക്കുണ്ടായ തിരിച്ചടികൾ. തമിഴ്‌നാടിന് പുറമെ ചണ്ഡീഗഡ്, ലഡാക്ക്, ലക്ഷദ്വീപ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം, പുതുച്ചേരി, പഞ്ചാബ് എന്നിവിടങ്ങളിൽ ബിജെപിക്ക് നിയുക്ത എംപിമാരില്ല.

എന്നാൽ ഇവയിൽ ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ബിജെപിക്ക് സ്ഥാനാർത്ഥിയുണ്ടായിരുന്നില്ല. എൻഡിഎ മുന്നണിയുടെ ഭാഗമായി ബിജെപി സഖ്യകക്ഷികളാണ് ഇവിടങ്ങളിൽ മത്സരിച്ചത്. അവരിൽ ചിലർ വിജയിക്കുകയും ചെയ്തു.

എങ്കിലും മത്സരിച്ചിട്ടും ബിജെപിക്ക് ഒറ്റയാളെ പോലും വിജയിപ്പിക്കാൻ കഴിയാതെ പോയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമുണ്ട്. ഏതൊക്കെയാണെന്ന് നോക്കാം. ചണ്ഡീഗഢിലെ ഏക സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി മനീഷ് തിവാരിയോട് ബിജെപിയുടെ സഞ്ജയ് ടാണ്ടൻ തോറ്റു. ലഡാക്കിലെ ഏക സീറ്റിലും ബിജെപി സ്ഥാനാർത്ഥി തോൽവി രുചിച്ചു.

ലക്ഷദ്വീപിൽ ബിജെപി തനിച്ച് സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. മണിപ്പൂരിലാവട്ടെ ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ കോൺഗ്രസിനോട് ബിജെപി സ്ഥാനാർത്ഥി തോറ്റു. ഔട്ടർ മണിപ്പൂരിൽ എൻഡിഎ സഖ്യകക്ഷിയായ എൻപിഎഫ് പരാജയപ്പെട്ടു. മേഘാലയിലും നാഗാലാൻഡിലും ബിജെപി സഖ്യകക്ഷികൾക്കൊപ്പമാണ് മത്സരിച്ചത്, പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥികളുണ്ടായിരുന്നില്ല. അതേസമയം ഓരോ ലോക്സഭ മണ്ഡലങ്ങൾ വീതമുള്ള മിസോറാമിലും പുതുച്ചേരിയിലും സിക്കിമിലും ബിജെപി സ്ഥാനാർത്ഥികൾ തോറ്റു. പുതുച്ചേരിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയോടായിരുന്നു തോൽവി.

തമിഴ്‌നാട്ടിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ അടക്കമുള്ള എല്ലാ ബിജെപി സ്ഥാനാർത്ഥികളും പരാജയപ്പെട്ടു. തമിഴ്‌നാട്ടിലെ 39 സീറ്റും ഇന്ത്യാ മുന്നണി തൂത്തുവാരിയപ്പോൾ ബിജെപിയുടെ 23 സ്ഥാനാർത്ഥികളും തോറ്റു. പഞ്ചാബിലെ 13 സീറ്റുകളിലും എല്ലാ ബിജെപി സ്ഥാനാർത്ഥികളും പരാജയപ്പെട്ടതാണ് കണക്കുകൾ ശ്രദ്ധേയമായ മറ്റൊന്ന്. കോൺഗ്രസ് ഏഴും എഎപി മൂന്നും അകാലിദൾ ഒന്നും സീറ്റ് നേടി. രണ്ട് സ്വതന്ത്രസ്ഥാനാർത്ഥികളും പഞ്ചാബിൽ വിജയിച്ചു.

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ്, അസം, ബിഹാർ, ചത്തീസ്ഗഢ്, ദാദ്ര ആൻഡ് നാഗർ ഹാവേരി ആൻഡ് ദാമൻ ദിയൂ, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽപ്രദേശ്, ജമ്മു ആൻഡ് കശ്മീർ, ജാർഖണ്ഡ്, കർണാടക, കേരള, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി, ഒഡിഷ, രാജസ്ഥാൻ, തെലങ്കാന, ഉത്തർപ്രദേശ്, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപിക്ക് കുറഞ്ഞത് ഒരു നിയുക്ത എംപി എങ്കിലുമുള്ളത്.