ലഖ്നൗ: ഒരു കാലത്ത് ഉത്തർപ്രദേശ് ഒറ്റയ്ക്ക് ഭരിച്ചിരുന്ന ബിഎസ്‌പി കനത്ത തകർച്ച നേരിടുമ്പോൾ സംസ്ഥാനത്തെ പുതിയ ദളിത് രാഷ്ട്രീയ മുഖമായി ഉദിച്ചുയരുകയാണ് ചന്ദ്രശേഖർ ആസാദ്. പടിഞ്ഞാറൻ യുപിയിലെ നാഗിന മണ്ഡലത്തിൽ എൻഡിഎയും ഇന്ത്യാ സഖ്യത്തെയും പിന്തള്ളിയാണ് ചന്ദ്രശേഖർ ആസാദിന്റെ വിജയം. 1,51,473 വോട്ടിന്റെ ഭൂരിപക്ഷമാണ് ആസാദ് നേടിയത്. ദലിത് രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് ചന്ദ്രശേഖർ ആസാദ് പാർലമെന്റിലേക്ക് ആദ്യമായി ചുവടുവയ്ക്കുന്നത്.

ഒരു സഖ്യത്തിലും ചേരാതെ ഒറ്റയ്ക്കായിരുന്നു ഭീം ആർമി സ്ഥാപക നേതാവും ആസാദ് സമാജ് പാർട്ടി ദേശീയ അധ്യക്ഷനുമായ ചന്ദ്രശേഖർ ആസാദിന്റെ പോരാട്ടം. "എല്ലാ പാർട്ടികളെയും പരീക്ഷിച്ചു, ഇനി തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ 'കെറ്റിൽ' പരീക്ഷിക്കാം" എന്നതായിരുന്നു തിരഞ്ഞെടുപ്പ് മുദ്രാവാക്യം. ബിജെപി.യും ഇന്ത്യസംഖ്യത്തിൽനിന്ന് എസ്‌പി.യും ഇവർക്ക് പുറമേ ബി.എസ്‌പി.യും നഗിനയിൽ സ്ഥാനാർത്ഥികളെ അണിനിരത്തിയെങ്കിലും ഇവരെയെല്ലാം നിഷ്പ്രഭമാക്കുന്നതായി ആസാദിന്റെ മുന്നേറ്റം.

കേവലം നാലുവർഷം മാത്രമാണ് ചന്ദ്രശേഖർ ആസാദിന്റെ 'ആസാദ് സമാജ്' പാർട്ടിയുടെ പ്രായം. നേരത്തെ ഉത്തർപ്രദേശിലെ ദളിത് രാഷ്ട്രീയമുഖമായിരുന്നത് ബി.എസ്‌പി. നേതാവ് മായാവതിയായിരുന്നു. എന്നാൽ, ഓരോ തിരഞ്ഞെടുപ്പ് കഴിയുംതോറും മായാവതിയുടെ ബി.എസ്‌പി. ശോഷിച്ചുവരുന്നതാണ് ഉത്തർപ്രദേശിലെ കാഴ്ച. ഈ വോട്ട് ബാങ്കിലേക്കാണ് പുതിയ പാർട്ടിയുമായി ദളിത് നേതാവും അംബേദ്കറൈറ്റുമായ ആസാദ് കടന്നുകയറിയത്. ദളിത്, മുസ്ലിം വോട്ടുകൾ വിധിനിർണയിക്കുന്ന നഗിന മണ്ഡലത്തിൽ വ്യക്തമായ ലീഡാണ് ആസാദിനുള്ളത്. 2019-ൽ എസ്‌പി.യുമായി സഖ്യമുണ്ടാക്കി ബി.എസ്‌പി.യാണ് നഗിനയിൽ വിജയിച്ചത്. എന്നാൽ ഇത്തവണ ഒറ്റയ്ക്ക് നിന്ന് ആസാദ് മണ്ഡലം പിടിച്ചെടുത്തു.

ആസാദ് സമാജ് പാർട്ടി (കാൻഷി റാം) എന്ന പേരിൽ പാർട്ടി രൂപീകരിച്ചാണ് കളത്തിലിറങ്ങിയത്. 51.19% വോട്ടുകൾ നേടിയാണ് ആസാദ് മിന്നും ജയം സ്വന്തമാക്കിയത്. ബിജെപിയുടെ ഓം കുമാർ, എസ് പിയുടെ മനോജ് കുമാർ, ബിഎസ്‌പിയുടെ സുരേന്ദ്ര പാൽ സിങ് എന്നിവരായിരുന്നു പ്രധാന എതിരാളികൾ. നാഗിനയിൽ ബിജെപിയുടെ വോട്ട് വിഹിതം 36 ശതമാനമായി കുറഞ്ഞു. ബിഎസ്‌പിയുടെ സുരേന്ദ്ര പാൽ സിംഗിന് 1.33% വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 2019ൽ ബിഎസ്‌പിയുടെ ഗിരീഷ് ചന്ദ്ര 1.66 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഈ മണ്ഡലത്തിൽ വിജയിച്ചത്.

നാഗിനയിലെ ജനസംഖ്യയുടെ 20 ശതമാനം ദലിതരാണ്. മുസ്ലീങ്ങൾ 40 ശതമാനമുണ്ട്. താക്കൂർ, ജാട്ട്, ചൗഹാൻ രജപുത്രർ, ത്യാഗികൾ, ബനിയകൾ തുടങ്ങിയവരും മണ്ഡലത്തിലുണ്ട്. ആദ്യ ഘട്ടത്തിൽ എസ്‌പിയുമായി ചർച്ച ചെയ്ത് പൊതു സ്ഥാനാർത്ഥിയെ നിർത്താൻ ആലോചിച്ചെങ്കിലും ചർച്ച വഴിമുട്ടി. തുടർന്ന് ആസാദ് ഒരു സഖ്യത്തിന്റെയും ഭാഗമാകാതെ മത്സരിക്കുകയായിരുന്നു. വീടുകൾ തോറും കയറിയിറങ്ങി പ്രചാരണം നടത്തുകയായിരുന്നു. എസ്‌പിക്കും ബിഎസ്‌പിക്കും ലഭിച്ചിരുന്ന വോട്ടുകൾ ഇത്തവണ ആസാദിന് ലഭിച്ചതായാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ബിഎസ്‌പിയുടെ ഒരു സ്ഥാനാർത്ഥിയും ഇത്തവണ വിജയിച്ചിട്ടില്ല. പാർലമെന്റിൽ ആസാദ് ദലിത് രാഷ്ട്രീയത്തിന്റെ പുതിയ മുഖമാകുമെന്ന് ആസാദ് സമാജ് പാർട്ടി വ്യക്തമാക്കി.

36 വയസ്സുകാരനായ നിയമ ബിരുദധാരിയായ ചന്ദ്രശേഖർ ആസാദ് 2015 ലാണ് ഭീം ആർമി രൂപീകരിച്ചത്. ദലിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരും ഉന്നമനമായിരുന്നു ലക്ഷ്യം. 2017 ൽ സഹരൻപൂർ ജില്ലയിലെ താക്കൂർ സമുദായവുമായുള്ള സംഘർഷത്തിൽ ദലിതർക്കായി ശബ്ദമുയർത്തിയതോടെയാണ് ആസാദ് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. അന്ന് ആസാദിനെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി ജയിലിലടച്ചു. 2018 സെപ്റ്റംബറിലാണ് ജയിൽ മോചിതനായത്. സിഎഎക്കെതിരായ സമരത്തിന്റെ മുൻപന്തിയിലും ആസാദുണ്ടായിരുന്നു.

രാജസ്ഥാൻ, ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്കും ആസാദ് പ്രവർത്തനം വ്യാപിപ്പിച്ചു. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിനെതിരെ ഗോരഖ്പൂരിൽ മത്സരിച്ചെങ്കിലും നാലാം സ്ഥാനത്തായിരുന്നു. എന്നാൽ രാഷ്ട്രീയ പ്രവർത്തനം കൂടുതൽ കരുത്തോടെ തുടർന്ന ചന്ദ്രശേഖർ ആസാദിനെ നാഗിന വൻഭൂരിപക്ഷത്തോടെ പാർലമെന്റിലേക്ക് അയച്ചിരിക്കുകയാണ്.