വാഷിങ്ടന്‍: അമേരിക്ക വീണ്ടും ട്രംപിസത്തിലേക്ക്. ആദ്യ ഫലസൂചനകള്‍ നല്‍കുന്നത് ഡൊണാള്‍ഡ് ട്രംപിന്റെ വിജയം. 276 ഇലക്ടല്‍ കോളേജ് സീറ്റുകളിലെ ഫല സൂചന വരുമ്പോള്‍ ട്രംപിന് 177 എണ്ണം കിട്ടുന്ന അവസ്ഥയാണ്. കമലാ ഹാരീസിന് 99 ഉം. 52.6 ശതമാനം വോട്ടും ട്രംപിന് കിട്ടി. കമലാ ഹാരീസിന് 46.2ശതമാനവും. വലിയ ഭൂരിപക്ഷം ട്രംപ് നേടുമെന്നതിന്റെ സൂചനയാണ് ഇതെല്ലാം. സ്വിങ് സ്റ്റേറ്റുകളില്‍ അടക്കം ട്രംപ് മുന്നേറുകയാണ്. വലിയ സംസ്ഥാനങ്ങളിലും ട്രംപിന് മുന്‍തൂക്കമുണ്ട്. ഇതെല്ലാം നല്‍കുന്നത് വീണ്ടും അമേരിക്കയില്‍ ട്രംപ് ഭരണത്തിനുള്ള സാധ്യതയാണ്. 270 ഇലക്ട്രല്‍ വോട്ടുകള്‍ നേടുന്നവര്‍ ജയിക്കും. അതിന് ട്രംപിന് കഴിയുമെന്ന് തന്നെയാണ് വിലയിരുത്തല്‍. 300ന് മുകളില്‍ ഇലക്ട്രല്‍ വോട്ട് ട്രംപിന് കിട്ടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.




അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും തമ്മിലാണ് മത്സരം. ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടക്കുന്നുവെന്നതിന്റെ സൂചനയാണിത്. വിജയിച്ചാല്‍ യു.എസ്. പ്രസിഡന്റാകുന്ന ആദ്യ വനിതയും ആദ്യ ആഫ്രിക്കന്‍ വംശജയും ആദ്യ ഏഷ്യന്‍ വംശജയുമാകും കമല. കമല ഹാരിസ് (60) ജയിച്ചാല്‍ ആദ്യത്തെ വനിതാ പ്രസിഡന്റാകും. ഡോണള്‍ഡ് ട്രംപ് (78) വീണ്ടും പ്രസിഡന്റായാല്‍ അതും വേറിട്ട ചരിത്രമാകും. 127 വര്‍ഷത്തിനുശേഷം, തുടര്‍ച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്. ജനപ്രതിനിധിസഭയിലെ എല്ലാ സീറ്റുകളിലേക്കും (435) സെനറ്റിലെ 34 സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പും പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം നടക്കുന്നുണ്ട്. 11 സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ തിരഞ്ഞെടുപ്പും നടക്കുന്നു.

ട്രംപ് ഫ്‌ളോറിഡയിലെ പാംബീച്ചിലെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ മെലാനിയ ട്രംപിനൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് വോട്ട് രേഖപ്പെടുത്തിയശേഷം അദ്ദേഹം പ്രതികരിച്ചു. അതിനിടെ, ജോര്‍ജിയയിലെ രണ്ട് പോളിങ് സ്റ്റേഷനുകള്‍ക്ക് നേരേ ബോംബ് ഭീഷണിയുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ബാലറ്റ് സ്‌കാനിങ്ങില്‍ സാങ്കേതിക തകരാര്‍ നേരിട്ടതിനാല്‍ കാംബ്രിയ, പെന്‍സില്‍വേനിയ എന്നിവിടങ്ങളിലെ പോളിങ് സമയം നീട്ടിനല്‍കി.

ഇന്ത്യന്‍ സമയം വൈകിട്ട് 5.30ഓടെയാണ് (ഏകദേശ സമയം) യുഎസില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. സ്വിങ് സ്റ്റേറ്റുകളില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. സ്വിങ് സ്റ്റേറ്റുകളായ നോര്‍ത്ത് കാരോലൈന, ജോര്‍ജിയ, മിഷിഗന്‍, പെന്‍സില്‍വേനിയ എന്നിവയ്ക്കു പുറമെ, ഫ്ലോറിഡ, ഇലിനോയ്, ലൂസിയാന, മേരിലാന്‍ഡ്, മസാച്യുസിറ്റ്സ്, മിസോറി, റോഡ് ഐലന്‍ഡ്, സൗത്ത് കാരോലൈന, വാഷിങ്ടന്‍ ഡിസി എന്നിവിടങ്ങളില്‍ പ്രാദേശിക സമയം 7 മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. സ്വിങ് സ്റ്റേറ്റുകളില്‍ നോര്‍ത്ത് കാരോലൈനയിലും ജോര്‍ജിയയിലുമാണ് ആദ്യം വോട്ടെടുപ്പ് പൂര്‍ത്തിയാകുക. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്.

ആകെ വോട്ടര്‍മാര്‍ 16 കോടിയാണ്. മുന്‍കൂര്‍ വോട്ട് ചെയ്തവര്‍ 7 കോടി. മാസങ്ങള്‍ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് യുഎസ് ജനത വിധിയെഴുതുന്നത്. പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ പെന്‍സില്‍വേനിയ കേന്ദ്രീകരിച്ചാണ് ഇരു സ്ഥാനാര്‍ഥികളുടെയും പ്രചാരണം നടന്നത്. തിരഞ്ഞെടുപ്പിലെ വിദേശ ഇടപെടലുകള്‍ക്കെതിരെ യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളും ജാഗ്രതയിലാണ്. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനും സ്വാധീനിക്കാനുമുള്ള റഷ്യന്‍, ഇറാന്‍ ഇടപെടലുകളെ ജാഗ്രതയോടെ കാണണമെന്ന് ഇന്റലിജന്‍സ് ഏജന്‍സികളുടെ നിര്‍ദേശമുണ്ട്.

ആരോട് ആഭിമുഖ്യം എന്നു വ്യക്തമാക്കാതെ ചാഞ്ചാടുന്ന 7 സംസ്ഥാനങ്ങളിലും (സ്വിങ് സ്റ്റേറ്റ്സ്) കമലയും ട്രംപും ഒപ്പത്തിനൊപ്പമാണെന്നാണ് സര്‍വേകള്‍. അരിസോന, നെവാഡ, ജോര്‍ജിയ, നോര്‍ത്ത് കാരോലൈന, പെന്‍സില്‍വേനിയ, മിഷിഗന്‍, വിസ്‌കോന്‍സെന്‍ എന്നിവയാണ് സ്വിങ് സ്റ്റേറ്റ്സ്. ആകെയുള്ള 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 270 എണ്ണം സ്വന്തമായാല്‍ കേവല ഭൂരിപക്ഷമാകും.