പറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം കനത്ത പരാജയം നേരിട്ടതിന് പിന്നാലെ മാധ്യമങ്ങളെ പഴിചാരി കടുത്ത വിമര്‍ശനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ബിജെപിയുടെ ബ്രോക്കര്‍ മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നാണ് ആക്ഷേപം. 'ബിഹാറില്‍ പ്രതിപക്ഷം എന്നൊന്നില്ല, എല്ലാം ബിജെപി മാത്രമാണെന്ന അന്തരീക്ഷം സൃഷ്ടിച്ചത് ബിജെപിയുടെ ബ്രോക്കര്‍ മാധ്യമങ്ങളാണ്. ഇത്തരം ഇരട്ടത്താപ്പുള്ള മാധ്യമങ്ങളുള്ള ഈ രാജ്യത്തിന് എന്ത് സംഭവിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ' എന്നാണ് തേജസ്വി യാദവ് എക്‌സില്‍ കുറിച്ചത്.

ബിഹാറില്‍ ഏകദേശം 5 കോടി വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. അതില്‍ ഏകദേശം 1 കോടി വോട്ടര്‍മാരുടെ വോട്ടെണ്ണല്‍ മാത്രമാണ് നടന്നതെന്നും തേജസ്വി ഓര്‍മിപ്പിച്ചു. വോട്ടെണ്ണല്‍ പൂര്‍ത്തിയായതിനു ശേഷം മാത്രമേ കാര്യങ്ങള്‍ പ്രവചിക്കാനാകൂ എന്നുള്ള പ്രതീക്ഷ നല്‍കുന്ന തരത്തിലാണ് തേജസ്വിയുടെ പ്രതികരണങ്ങള്‍ വരുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം ബിഹാറില്‍ എന്‍ഡിഎ 203, മഹാഗഡ്ബന്ധന്‍ 34 മറ്റുള്ളവര്‍ 6 എന്ന നിലയിലാണ് തെരഞ്ഞെടുപ്പുഫലം.

ഇത്തവണ ബിഹാര്‍ ഉറ്റുനോക്കിയിരുന്ന രണ്ട് സ്ഥാനാര്‍ഥികളായിരുന്നു തേജസ്വി യാദവും, തേജ് പ്രതാപ് യാദവും. ഒരേ കുടുംബത്തില്‍ നിന്നാണെങ്കിലും വ്യത്യസ്ത പാര്‍ട്ടികള്‍ക്ക് വേണ്ടിയാണ് ഇരുവരും ഇത്തവണ മത്സര രംഗത്തിറങ്ങിയത്. രഘോപൂരില്‍ തുടര്‍ച്ചയായ മൂന്നാം വട്ടവും വിജയം ലക്ഷ്യമിട്ടാണ് തേജസ്വി ഇറങ്ങിയതെങ്കില്‍ തന്റെ ആദ്യ മണ്ഡലമായ മഹുവയില്‍ ആര്‍ജെഡി സ്ഥാനാര്‍ഥിക്കെതിരായി മത്സരിക്കാനായിരുന്നു തേജ് പ്രതാപിന്റെ തീരുമാനം.

തുടക്കത്തില്‍ തേജസ്വി വിജയത്തിലേക്കെന്ന സൂചന നല്‍കിയിരുന്നുവെങ്കിലും തേജ് പ്രതാപ് യാദവ് ആദ്യം തൊട്ടുതന്നെ പിന്നിലായിരുന്നു. ഇരുവരും പരാജയപ്പെടുമെന്ന സൂചനയാണ് നിലവില്‍. 2025 ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അന്ത്യത്തിലേക്കടുക്കുമ്പോള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെപ്പോലും ഞെട്ടിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് എന്‍ഡിഎ നടത്തിയിരിക്കുന്നത്. തേജസ്വിയുടെ ആര്‍ജെഡി തുടക്കത്തില്‍ മുന്നേറ്റം നടത്തിയിരുന്നുവെങ്കിലും പിന്നീട് പിന്നിലേക്ക് പോവുകയായിരുന്നു.

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിക്കാന്‍ പോകുന്നുവെന്നാണ് വോട്ടെണ്ണലിന് മുമ്പ് തേജസ്വി യാദവ് പറഞ്ഞത് നിലവിലെ സാഹചര്യങ്ങള്‍ മഹാസഖ്യത്തിന് അനുകൂലമാണ്. ഒരു മാറ്റം വരാന്‍ പോകുന്നുവെന്നും തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും തേജ്വസി യാദവ് പ്രതികരിച്ചു.