മൂന്നാര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കില്ലെന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍. നിലവില്‍ ഒരു പാര്‍ട്ടിക്ക് വേണ്ടിയും പരസ്യപ്രചാരണം നടത്തിയിട്ടില്ല. ബിജെപി ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍കളില്‍ പലരും മുന്‍ തിരഞ്ഞെടുപ്പുകളില്‍ തന്നെ സഹായിച്ചിട്ടുള്ളവരാണ്. ഇവരെ തിരിച്ചു സഹായിക്കും. ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. വ്യക്തി ബന്ധമുള്ള സ്ഥാനാര്‍ഥികള്‍ക്ക് ഫോണിലൂടെ പിന്തുണ നല്‍കിയിട്ടുണ്ട്. എന്നാല്‍ നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. പ്രാദേശികമായി ജനങ്ങള്‍ക്ക് നേട്ടമുണ്ടാകുന്നുവെങ്കില്‍ ഏതു പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് തടസമില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ. രാജക്കെതിരെ പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ ആരോപണം പിന്നീട് നടന്ന സമ്മേളനങ്ങളിലൊന്നും വന്നിട്ടില്ല. ഒരു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ചേര്‍ന്നാണ് മറയൂരില്‍ വച്ച് സമ്മേളന റിപ്പോര്‍ട്ട് തനിക്കെതിരാകുന്ന രീതിയില്‍ തിരുത്തിയത്. താന്‍ മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ടില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി.

40 വര്‍ഷത്തിലേറെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വിജയത്തിനായി സിപിഎം നടത്താനുദ്ദേശിക്കുന്ന സമവായത്തോട് യോജിപ്പില്ല. ജനങ്ങള്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ ഉയര്‍ച്ചയുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാനാണ് താല്പര്യം. ഇതൊരു അഭിമാന പ്രശ്നമായി മാറിയിരിക്കുകയാണെന്നും സ്ഥാനമാനങ്ങള്‍ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എ. രാജക്കെതിരെ പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് എസ്. രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞതിനുശേഷവും രാജേന്ദ്രന്‍ പാര്‍ട്ടിയില്‍ തിരിച്ചെത്താന്‍ തയ്യാറായില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് മുതിര്‍ന്ന നേതാക്കള്‍ രാജേന്ദ്രനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.

സിപിഎമ്മുമായി കഴിഞ്ഞ നാലുവര്‍ഷമായി അകന്ന് നില്‍ക്കുകയായിരുന്നു രാജേന്ദ്രന്‍.'ഞാന്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോള്‍ എനിക്കുവേണ്ടി പ്രവര്‍ത്തിച്ചവരും അവരുടെ ബന്ധുക്കളും ഇത്തവണ പലയിടത്തായി മത്സരിക്കിന്നുണ്ട്. അവരെ തിരിച്ച് സഹായിക്കുന്നതിന്റെ ഭാഗമായാണ് വോട്ടഭ്യര്‍ത്ഥിക്കുന്നത്. നിലവില്‍ ഒരു പാര്‍ട്ടിയിലും ഞാന്‍ അംഗമല്ല' - രാജേന്ദ്രന്‍ പറഞ്ഞു.15 വര്‍ഷം സിപിഎം എംഎല്‍എ ആയിരുന്നു എസ് രാജേന്ദ്രന്‍. രാജേന്ദ്രന്‍ ബിജെപിയില്‍ ചേരുമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്.