കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ പരാതിയുമായി മുസ്ലിം ലീഗ്. വോട്ടിംഗ് മെഷീനില്‍ ഏണി ചിഹ്നം ചെറുതായെന്ന് ആക്ഷേപം. കോഴിക്കോട് കോര്‍പ്പറേഷനിലെ 24 ഡിവിഷനുകളില്‍ ഏണി ചിഹ്നം ചെറുതായെന്നാണ് പരാതി. 58ാം വാര്‍ഡായ മുഖദാറിലെ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് ജില്ലാ കമ്മിറ്റി പരാതി നല്‍കി. അമ്പത്തി അഞ്ചാം വാര്‍ഡില്‍ ഏണി ചിഹ്നത്തിന് സമാനമായി ക്രിക്കറ്റ് ബാറ്റ് ചെരിച്ച് വെച്ച ചിത്രമാണെന്നും ആക്ഷേപം.

നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പരിശോധനയ്ക്കിടയിലാണ് 'കോണി' ചിഹ്നത്തിന് വലിപ്പമില്ലെന്ന് പരാതി ഉയര്‍ന്നത്. കോണി ചിഹ്നത്തിന് മറ്റ് ചിഹ്നങ്ങളേക്കാള്‍ വലിപ്പം കുറവാണെന്നും കാഴ്ച പരിമിതിയുള്ളവര്‍ക്ക് 'വര' പോലെ തോന്നുമെന്നതിനാല്‍ വോട്ടിങ് മെഷീനിലെ ചിഹ്നം മാറ്റി സ്ഥാപിക്കണമെന്നുമാണ് ലീഗിന്റെ ആവശ്യം.

കോഴിക്കോട് ജില്ലയിലെ പയ്യാനക്കല്‍, മുഖദാര്‍ വാര്‍ഡുകളിലെ വോട്ടിങ് മെഷീനിലാണ് ചിഹ്നത്തിന് വലിപ്പക്കുറവ് കണ്ടെത്തിയത്. പരാതിയില്‍ ജില്ലാ കളക്ടര്‍ പ്രാഥമിക പരിശോധന നടത്തുകയും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

അതേസമയം കോഴിക്കോട് കോര്‍പ്പറേഷനിലെ ഭരണം പിടിക്കാന്‍ അരയും തലയും മുറുക്കി പോര് തുടരുകയാണ് യുഡിഎഫും എന്‍ഡിഎയും.സിപിഐഎമ്മും. പിണറായി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി, പതിറ്റാണ്ടുകളായി തുടരുന്ന ഭരണം തുടരാനാകുമെന്ന ആത്മവിശ്വാസമാണ് ഇടതുപക്ഷത്തിന് ഉള്ളത്. അഴിമതികളും വികസന മുരടിപ്പും എടുത്തു കാട്ടിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.

മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളാണ് ബിജെപി ഉയര്‍ത്തിക്കാട്ടിയത്. പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡേഴ്‌സ് പരിപാടിയിലായിരുന്നു നേതാക്കന്മാരുടെ പ്രതികരണം. കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വീറും വാശിയും ഒക്കെ തുടരുമ്പോഴും തികച്ചും സൗഹൃദപരമായിരുന്നു മുന്നണി നേതാക്കളുടെ ചര്‍ച്ച. നിലപാടുകള്‍ പറഞ്ഞുള്ള വാഗ്വാദത്തിന് അപ്പുറം പൊട്ടിച്ചിരികളും പരസ്പരമുള്ള കളിയാക്കലുകളും ഒക്കെ നിറഞ്ഞതായിരുന്നു പരിപാടി.

സിപിഐഎം ജില്ലാ സെക്രട്ടറി എം. മഹബൂബ് ആണ് ചര്‍ച്ച തുടങ്ങിയത്. സംസ്ഥാനത്ത് ഭരണ വിരുദ്ധ തരംഗം ഇല്ലാത്തതിനാല്‍ അത് തെരഞ്ഞെടുപ്പില്‍ നേട്ടം ആകുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. ജമാഅത്തെ ഇസ്ലാമിയെ കൂട്ടിപിടിച്ചാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന വിമര്‍ശനവും മഹബൂബ് ഉന്നയിച്ചു. കോഴിക്കോടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ആണ് ഇടതുമുന്നണി നേരിടാന്‍ പോകുന്നത് എന്നായിരുന്നു ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാറിന്റെ മറുപടി. ബിജെപിയുടെ വാട്ടര്‍ലൂ ആയിരിക്കും ഈ തെരഞ്ഞെടുപ്പ് എന്നും മുന്നറിയിപ്പ് നല്‍കി.

കേന്ദ്രം നടപ്പിലാക്കിയ പദ്ധതികള്‍ക്ക് അപ്പുറം കോഴിക്കോട് കോര്‍പ്പറേഷനില്‍ ഒന്നും ഇല്ല എന്നായിരുന്നു ബിജെപി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് കെ. പി. പ്രകാശ് ബാബുവിന്റെ പ്രതിരോധം. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, യുഡിഎഫ് കോട്ടകളില്‍ ഇക്കുറി എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്നും യുഡിഎഫിനെ അപ്രസക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.