- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരക്കുകള്‍ മാറ്റി വച്ച് എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യുന്നത് ശീലം; ഇത്തവണ വോട്ടര്‍ പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്ക് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവില്ല
കൊച്ചി: നടന്‍ മമ്മൂട്ടിക്ക് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാലാണ് വോട്ട് ചെയ്യാന്‍ സാധിക്കാത്തത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും മമ്മൂട്ടിക്ക് വോട്ടു ചെയ്യാന്‍ സാധിച്ചിരുന്നില്ല.
നേരത്തെ പനമ്പിള്ളി നഗറില്‍ താമസിച്ചിരുന്നപ്പോള്‍ പനമ്പിള്ളി നഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു താരത്തിനും കുടുംബത്തിനും വോട്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ മമ്മൂട്ടിയും കുടുംബവും എളംകുളത്തേക്കു താമസം മാറിയിരുന്നു. ആ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തില്ലെങ്കിലും 2021 നിയമസഭാ തിരഞ്ഞെടുപ്പിലും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലും മമ്മൂട്ടി വോട്ടു ചെയ്തിരുന്നു. പൊന്നുരുന്നി സികെസി എല്‍പി സ്‌കൂളിലായിരുന്നു മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും വോട്ട്.
സാധാരണ തിരക്കുകള്‍ മാറ്റി വച്ച് എല്ലാ തിരഞ്ഞെടുപ്പുകളിലും തന്നെ മമ്മൂട്ടി വോട്ട് ചെയ്യാനെത്താറുണ്ട്. മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രം 'പാട്രിയറ്റി'ന്റെ അവസാനവട്ട ഷൂട്ടിങ് പുരോഗമിക്കുന്നതിനാല്‍ അദ്ദേഹം കൊച്ചിയിലെ വസതിയില്‍ തന്നെയുണ്ട്.
നടന്‍ ആസിഫലി അടക്കമുള്ള പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി. തൊടുപുഴ നഗരസഭയിലെ പതിനേഴാം വാര്‍ഡിലെ വോട്ടറാണ് ആസിഫലി. നടിയും അവതാരകയുമായ മീനാക്ഷിയും വോട്ട് രേഖപ്പെടുത്തിയതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. മഷി പുരട്ടിയ ചൂണ്ടുവിരലിന്റെ ചിത്രമാണ് മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
നടി ചിപ്പിയും ഭര്‍ത്താവും നിര്‍മാതാവുമായ രഞ്ജിത്തും തിരുവനന്തപുരം ജവഹര്‍ നഗര്‍ എല്‍ പി സ്‌കൂളിലെ ബൂത്തിലാണ് വോട്ട് ചെയ്തത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കും കുടുംബത്തിനും ശാസ്തമംഗലത്തായിരുന്നു വോട്ട്. ഇത്തവണ തിരുവനന്തപുരം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.




