തിരുവനന്തപുരം: വോട്ടെടുപ്പ് ദിനത്തില്‍ തിരഞ്ഞെടുപ്പ് ചട്ട വിരുദ്ധ നടപടിയുമായി തിരുവനന്തപുരം കോര്‍പറേഷനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ. തിരഞ്ഞെടുപ്പ് സര്‍വേ ഫലം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ജനഹിതം.. ഇതങ്ങനെയാവട്ടെ എന്ന് വ്യക്തമാക്കിക്കൊണ്ടാണ് സീഫോര്‍ സര്‍വേ പ്രീ പോള്‍ പ്രവചനം; തിരുവനന്തപുരം കോര്‍പറേഷന്‍ എന്‍ഡിഎയക്ക് ഒപ്പം എന്നുള്ള സര്‍വേ ഫലം പങ്കുവച്ചത്. ചില ബിജെപി നേതാക്കളും ഇതേ ഫലം പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു. സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ചട്ടവിരുദ്ധ നടപടിയുമായി ആര്‍ ശ്രീലേഖ രംഗത്തെത്തിയത്.

ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ പ്രീ പോള്‍ സര്‍വേ ഫലം പങ്കുവച്ചത് പെരുമാറ്റ ചട്ട ലംഘനമെന്ന് മന്ത്രി വി ശിവന്‍കുട്ടി ആരോപിച്ചു. തെരഞ്ഞെടുപ്പ് ദിവസം ഫേസ് ബുക്കില്‍ പ്രീ പോള്‍ സര്‍വേ ഫലം പങ്കുവച്ചത് ചട്ട വിരുദ്ധമാണെന്നാണ് ഉയരുന്ന വിമര്‍ശനം. ബന്ധപ്പെട്ട അധികൃതര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഒരു ധാരണയുമില്ലാതെ ആരോ എഴുതിക്കൊടുത്ത കാര്യം പറഞ്ഞതാണ്. അവരുടെ ആഗ്രഹം ഒരിക്കലും നടക്കാന്‍ പോകുന്നില്ല അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ സര്‍വേ ഫലങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടുള്ളുവെന്നൊരു നിയമമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

60 സീറ്റ് വരെ ബിജെപി പിടിക്കുമെന്ന് ശ്രീലേഖ പറയുന്നത് രാഷ്ട്രീയ അജ്ഞതയാണെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ തവണ യുഡിഎഫ് - ബിജെപി വോട്ടുകച്ചവടം ഉണ്ടായി. ഇത്തവണ യുഡിഎഫ് രംഗത്ത് ഉണ്ടായിരുന്നു. എല്‍ഡിഎഫിന്റെ ജയസാധ്യതയെ ഇതൊന്നും ബാധിക്കില്ലെന്നും കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തുമെന്നും ശിവന്‍കുട്ടി അവകാശപ്പെട്ടു.പ്രീ പോള്‍ സര്‍വേ ഫലം പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.

റിട്ടയര്‍ഡ് ആയിട്ടും സ്ഥാനാര്‍ത്ഥി പോസ്റ്ററില്‍ ഐപിഎസ് എന്ന് ചേര്‍ത്തതിന് പിന്നാലെ ശ്രീലേഖ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതിന് പിന്നാലെ പോസ്റ്ററുകളില്‍ മാര്‍ക്കര്‍ ഉപയോഗിച്ച് റിട്ടയര്‍ഡ് എന്ന് എഴുതി ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ചട്ടവിരുദ്ധ നടപടിയുമായി ശ്രീലേഖ രംഗത്തെത്തിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ആര്‍ ശ്രീലേഖ. ബിജെപിയുടെ പ്രമുഖ സ്ഥാനാര്‍ത്ഥികളിലൊരാളായ ശ്രീലേഖ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ശ്രീലേഖ ബിജെപി അംഗത്വം സ്വീകരിച്ചത്. അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുരേന്ദ്രനില്‍നിന്നാണ് ശ്രീലേഖ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ചേര്‍ത്തല എസ്പിയായി ഒദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ശ്രീലേഖ തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ എസ്പിയായിരുന്നു. വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഡിഐജി, ഐജി, എഡിജിപി എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് മേധാവിയായിരിക്കെയാണ് ശ്രീലേഖ സര്‍വീസില്‍നിന്ന് വിരമിച്ചത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 595 തദ്ദേശസ്ഥാപനങ്ങളിലായി 11,167 വാര്‍ഡുകളിലേക്ക് 36,620 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ മൂന്ന് വോട്ടുകളാണ് ചെയ്യേണ്ടത്. മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന് കീഴില്‍ വരുന്നവര്‍ക്ക് ഒരു വോട്ടും. സംസ്ഥാനത്തെ ബാക്കി ഏഴ് ജില്ലകളില്‍ 11-ാം തിയതിയാണ് വോട്ടെടുപ്പ്. 13-ന് രാവിലെ വോട്ടെണ്ണും.