കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് തുടക്കം. കാസര്‍കോട് മുതല്‍ തൃശൂര്‍വരെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ് നടക്കുക. രാവിലെ മുതല്‍തന്നെ പോളിങ് ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ എത്തിത്തുടങ്ങി. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് അമ്പലക്കടവ് വാര്‍ഡിലേക്കുള്ള ഒന്നാം പോളിങ് ബൂത്തിലും ഇന്ന് റീപോളിങ് നടക്കും. ശനിയാഴ്ച രാവിലെ മുതലാണ് വോട്ടെടുപ്പ്. ചൊവ്വാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായ ഏഴ് ജില്ലകളില്‍ 70.91 ശതമാനമായിരുന്നു പോളിങ്. സമാധാന പരമാണ് വോട്ടിംഗ്.

സ്ഥാനാര്‍ഥി മരിച്ചതിനാല്‍ മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ ഏഴാംവാര്‍ഡായ പായിംപാടത്ത് തെരഞ്ഞെടുപ്പ് മാറ്റിവച്ചു. 80,90,746 സ്ത്രീകള്‍ ഉള്‍പ്പെടെ 1,53,37,176 വോട്ടര്‍മാരാണ് ഉള്ളത്. ഇതിനുപുറമെ 3293 പ്രവാസി വോട്ടര്‍മാരുമുണ്ട്. 18,274 പോളിങ് ബൂത്തുകളില്‍ 2,055 പ്രശ്‌നബാധിതമാണ്, തൃശൂരില്‍ 81, പാലക്കാട്ട്- 180, മലപ്പുറത്ത്- 295, കോഴിക്കോട്- 166, വയനാട്ടില്‍ 189, കണ്ണൂരില്‍ 1025, കാസര്‍കോട്ട് 119. ഇവിടങ്ങളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തി. ഏഴു ജില്ലകളിലേക്കു നടന്ന ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനത്തില്‍ ഇടിവ് ചര്‍ച്ചയായിട്ടുണ്ട്. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ 70.91 ശതമാനം വോട്ടിംഗ് മാത്രമാണുണ്ടായത്. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴു ജില്ലകളിലും കുറവുണ്ടായി. കോവിഡ് കാലത്തു നടന്ന കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മൊത്തം 75.95 ശതമാനമായിരുന്നു പോളിംഗ്. ഏഴു ജില്ലകളില്‍ 73.83 ശതമാനമായിരുന്നു 2020ല്‍ വോട്ടെടുപ്പു രേഖപ്പെടുത്തിയത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 1,32,70,482 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 94,10,450 പേര്‍ മാത്രമാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. 62,44,642 പുരുഷ വോട്ടര്‍മാരില്‍ 44,71,889 പേര്‍ വോട്ട് രേഖപ്പെടുത്തി. 71.61 ശതമാനം. 70,25,715 സ്ത്രീ വോട്ടര്‍മാരില്‍ 49,38,509 പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. 70.29 ശതമാനം. ആകെയുള്ള 126 ട്രാന്‍സ്‌ജെന്‍ഡര്‍മാരില്‍ 52 പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. 41.27 ശതമാനം. ജില്ലകളില്‍ എറണാകുളം തന്നെയാണ് വോട്ടിംഗ് ശതമാനത്തില്‍ മുന്നില്‍. 74.57 ശതമാനം പേര്‍ ഇവിടെ വോട്ട് രേഖപ്പെടുത്തി. ഏറെപ്പേര്‍ വിദേശ രാജ്യങ്ങളിലുള്ള പത്തനംതിട്ട തന്നെയാണ് ഇത്തവണയും പിന്നില്‍. ഇവിടെ 66.78 ശതമാനം മാത്രമാണ് വോട്ട്.

കോര്‍പറേഷനുകളില്‍ തിരുവനന്തപുരത്തും കൊല്ലത്തും മുന്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനത്തില്‍ കുറവുണ്ടായി. എന്നാല്‍ കൊച്ചി കോര്‍പറേഷനില്‍ 2020ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നേരിയ വര്‍ധനയുണ്ടായി. 13നാണ് വോട്ടെണ്ണല്‍.