പാലക്കാട്: സ്ഥാനാത്ഥിയാക്കിയ ശേഷം എല്ലാവരും മുങ്ങിയതില്‍ വീണ്ടും ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രതിഷേധം. ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ പോസ്റ്ററുമായിട്ടായിരുന്നു ഇത്തവണ സ്ഥാനാര്‍ത്ഥിയുടെ പ്രതിഷേധം. പാലക്കാട് തൃത്താല പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി ഉണ്ണികൃഷ്ണനാണ് പോസ്റ്ററുമായി നിന്നത്. എന്നാല്‍, തന്റെ ബൂത്തിലിരിക്കാന്‍ ആരുമില്ലെന്ന് വിചാരിച്ചാണ് ഫോട്ടോ എടുത്തതെന്നും പിന്നീടാണ് ആള്‍ ഉണ്ടായിരുന്നെന്ന് മനസിലായതെന്നും ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം കോട്ടയത്തും സമാനമായ സംഭവം ഉണ്ടായിരുന്നു.

ഏറ്റുമാനൂരിലെ അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത് ആറാംവാര്‍ഡിലെ (റെയില്‍വേ സ്റ്റേഷന്‍) ബിജെപി സ്ഥാനാര്‍ഥി ജനജമ്മ ഡി ദാമോദരനാണ് പാര്‍ട്ടിക്കെതിരെ പോളിങ് ബൂത്തിന് സമീപം നില്‍പ്പുസമരം നടത്തിയത്. റിട്ട. യൂണിവേഴ്സിറ്റി ജീവനക്കാരിയാണ് ഇവര്‍. ഒന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ ദിവസം നടന്നപ്പോള്‍ രാവിലെ വോട്ടര്‍മാരെ കാണുന്നതിനും വോട്ട് അഭ്യര്‍ഥിക്കുന്നതിനുമായി ജനജമ്മ ഡി ദാമോദരന്‍ പോളിംഗ് സ്റ്റേഷനിലെത്തിയപ്പോള്‍ സ്ഥാനാര്‍ഥിയുടെ ബൂത്ത് ഏജന്റോ ബിജെപി നേതാക്കളോ പ്രവര്‍ത്തകരോ ആരും തന്നെ ഉണ്ടായിരുന്നില്ല.

വോട്ടര്‍മാര്‍ക്ക് കൊടുക്കാനുള്ള വോട്ടേഴ്‌സ് സ്ലിപ്പ് പോലും ഉണ്ടായിരുന്നില്ല. ഒടുവില്‍ സ്വന്തം സ്ളിപ്പുപോലും എതിര്‍സ്ഥാനാര്‍ഥിയുടെ പ്രവര്‍ത്തകരോടാണ് ജനജമ്മ വാങ്ങിയത്. ഒരു പാര്‍ട്ടിയിലുമില്ലായിരുന്നതന്നെ ബിജെപി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് സ്ഥാനാര്‍ഥിയാക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

പ്രതിഷേധസൂചകമായി അവര്‍ ഗവ. ഐടിഐയിലെ പോളിങ് സ്റ്റേഷനുമുന്നില്‍ ഒരേ നില്‍പ്പുതുടര്‍ന്നു, പോളിങ് കഴിയുന്നതുവരെ. ഇടയ്ക്ക് മകന്‍ അജിത്കുമാര്‍ വെള്ളംകൊണ്ടുവന്ന് കൊടുത്തു. ഒരുപാര്‍ട്ടിയിലുമില്ലായിരുന്നതന്നെ ബിജെപി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് സ്ഥാനാര്‍ഥിയാക്കുകയായിരുന്നുവെന്ന് റിട്ട. യൂണിവേഴ്സിറ്റി ജീവനക്കാരികൂടിയായ ജനജമ്മ പറഞ്ഞു.

സ്ഥാനാര്‍ഥിയാകാമെന്ന് സമ്മതിച്ചപ്പോള്‍ അദ്യം ചെലവിനായി 2500 രൂപ തന്നു, കുറച്ചുനോട്ടീസും അടിച്ചുതന്നു. പിന്നെ പ്രവര്‍ത്തകരെ കണികാണാനില്ലായിരുന്നു. ഒറ്റയ്ക്കുവീടുകള്‍ കയറിമടുത്തു. നേതാക്കളെ വിളിച്ചപ്പോള്‍ തിരക്കിലാണെന്ന് പറഞ്ഞു. പോളിങ് ദിവസംപോലും ആരുമെത്താഞ്ഞതാണ് ജനജമ്മയെ സങ്കടത്തിലാക്കിയത്. ഇത്തവണ പഞ്ചായത്തില്‍ 21 സീറ്റിലും ബിജെപി മത്സരിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിക്ക് കാര്യമായ സ്വാധീനമില്ലാത്ത വാര്‍ഡുകളില്‍ ചിലതിലാണ് ഈ അവസ്ഥയെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.