തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയതയാണ് ഇടത് മുന്നണിയുടെ തോല്‍വിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങള്‍ സ്വീകരിച്ചു. യുഡിഎഫിന്റെ വിജയത്തിന് പിന്നില്‍ ടീം യുഡിഎഫാണ്. ഈ തദ്ദേശ തെരഞ്ഞെടുപ്പിലെ അജണ്ട നിശ്ചയിച്ചതും യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനമായിരുന്നു. ഉജ്ജ്വല വിജയം സാധ്യമാക്കിയ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നന്ദിയെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നണിയുടെ മികച്ച പ്രകടനത്തിന് പിന്നാലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിനെ ജനം വെറുക്കുന്നു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മിനെന്നും സിപിഎം കളിച്ച ഭൂരിപക്ഷ വര്‍ഗ്ഗീയ പ്രീണനത്തിന്റെ ഗുണഭോക്താവാണ് ബിജെപിയെന്നും സതീശന്‍ വിമര്‍ശിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്ത അജണ്ടയാണ് തദ്ദേശ ഫലം. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന ജയം ഉണ്ടായില്ലെങ്കില്‍ രാഷ്ട്രീയ വനവാസം തന്നെയെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു നല്ല വാര്‍ത്താസമ്മേളനം നടത്തി രാഷ്ട്രീയം മനസിലാക്കുമെന്നും വാക്ക് വാക്കാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'യുഡിഎഫിലെ എല്ലാ കക്ഷികളും ഒറ്റകക്ഷികളായാണ് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചു. ജനം വെറുക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറി. അവര്‍ കാണിച്ച വര്‍ഗീയത തോല്‍വിക്ക് കാരണമായി.' സതീശന്‍ പറഞ്ഞു.

'പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ന്യൂനപക്ഷ വര്‍ഗീയതയും ശേഷം ഭൂരിപക്ഷ വര്‍ഗീയതയുമാണ് അവര്‍ സ്വീകരിച്ചത്. തെരഞ്ഞെടുപ്പില്‍ ബിജെപി എന്തെങ്കിലും നേട്ടം കൊയ്തിട്ടുണ്ടെങ്കില്‍ കാരണക്കാര്‍ സിപിഎമ്മിന്റെ പ്രീണനനീക്കമാണ്.'

'ജനവിധിയെ സിപിഎം വളരെ മോശമായിട്ടാണ് ആക്ഷേപിച്ചിരിക്കുന്നത്. ഭംഗിയായി ശാപ്പാട് കഴിച്ച് ഞങ്ങള്‍ക്കിട്ട് തിരിഞ്ഞുകൊത്തിയെന്നാണ് എം. എം മണി പറഞ്ഞത്. ജനങ്ങളെ പൂര്‍ണമായും അധിക്ഷേപിക്കുകയാണ് ഇവര്‍. സാമ്പത്തികമായി കേരളത്തിന്റെ ഗജനാവിനെ ഊറ്റിയെടുത്ത സര്‍ക്കാരാണ്. ഇവരുടെ ആരുടെയും വീട്ടില്‍ നിന്ന് കൊടുത്ത ഔദാര്യമായിരുന്നില്ലല്ലോ ഒന്നും.' ഇത്രയും വലിയ വിജയം സമ്മാനിച്ച ജനങ്ങളോട് കൂടുതല്‍ വിനയാന്വിതരായി പെരുമാറുകയെന്നതാണ് ഇനിയുള്ള ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

എല്ലാ വിഭാഗം ജനങ്ങളോടും യുഡിഎഫിന് കടപ്പാടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് കാരണം ടീം യുഡിഎഫാണെന്ന് വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നു. കുറെ പാര്‍ട്ടികളുടെ കൂട്ടായ്മ മാത്രമല്ല. അത് സാമൂഹിക പ്രാധാന്യമുള്ള പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമാണെന്നും സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ എംഎം മണി ജനങ്ങളെ ആക്ഷേപിച്ച് പോസ്റ്റിട്ടു. മുഖ്യമന്ത്രിയടക്കം മുതിര്‍ന്ന നേതാക്കളുടെ മനസിലിരിപ്പാണ് എം എം മണിയുടെ വിവാദ പോസ്റ്റെന്നും സതീശന്‍ കുറ്റപ്പെടുത്തി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ കുതിപ്പുമായി യുഡിഎഫ്. ആറില്‍ നാല് കോര്‍പ്പറേഷനുകളിലും യുഡിഎഫ് ഭരണം പിടിച്ചു. കൊച്ചി, തൃശ്ശൂര്‍ കോര്‍പ്പറേഷനുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് കോട്ട തകര്‍ത്ത് കൊല്ലത്ത് ചരിത്രജയമാണ് യുഡിഎഫ് നേടിയത്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണം നിലനിര്‍ത്തു.