- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യുഡിഎഫ് വോട്ടുകള്‍ ബിജെപിക്കും തിരിച്ചും കൈമാറി; എല്‍ഡിഎഫ് 2010-ലേതിനേക്കാള്‍ മെച്ചപ്പെട്ടനിലയില്‍; അടിത്തറയ്ക്ക് ഒരിളക്കവുമില്ല; ഒരിക്കല്‍ തോറ്റാല്‍ എല്ലാം തോറ്റെന്നല്ല, തിരുത്തലുകള്‍ വരുത്തും; തിരിച്ചടികളെ അതിജീവിച്ച അനുഭവമുണ്ടെന്ന് എംവി ഗോവിന്ദന്‍
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് എല്‍ഡിഎഫിനുണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തും. തിരിച്ചടികളെ അതിജീവിച്ച അനുഭവം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
2010ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവുമായി തുലനംചെയ്താണ് അദ്ദേഹം തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിയത്. അന്നുണ്ടായിരുന്ന നിലയില്‍നിന്ന് സ്ഥിതി മെച്ചപ്പെടുത്താന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടുണ്ടെന്ന് ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. 2010-ല്‍ ആറ് ജില്ലാ പഞ്ചായത്തുകളിലായിരുന്നു എല്‍ഡിഎഫ് വിജയിച്ചത്. എന്നാല്‍, ഇത്തവണ അത് ഏഴാക്കി ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. 59 ബ്ലോക്ക് പഞ്ചായത്തുകളാണ് 2010-ല്‍ എല്‍ഡിഎഫിന് ലഭിച്ചത്. അന്ന് 91 ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് ആണ് വിജയിച്ചത്. ഇത്തവണ എല്‍ഡിഎഫ് 77 ബ്ലോക്ക് പഞ്ചായത്തില്‍ വിജയിച്ചെന്നും ഗോവിന്ദന്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തിലും 2010-ല്‍ യുഡിഎഫിനെ അപേക്ഷിച്ച് എല്‍ഡിഎഫ് ഏറെ പിന്നിലായിരുന്നു. ഇത്തവണ 343 പഞ്ചായത്തുകളില്‍ വിജയിക്കുകയും 70 സ്ഥലങ്ങളില്‍ തുല്യനിലയില്‍ എത്തുകയും ചെയ്തിട്ടുണ്ട്. അന്ന് മുനിസിപ്പാലിറ്റികളുടെ നിലയും ഏറെ ദയനീയമായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മെച്ചപ്പെടുത്താനും എല്‍ഡിഎഫിന് സാധിച്ചിട്ടുണ്ട്. 2010-ലെ ഫലം ചൂണ്ടിക്കാണിക്കാന്‍ കാരണം, ആ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും രണ്ട് സീറ്റുകളുടെ വ്യത്യാസത്തിലാണ് ഭരണം നഷ്ടപ്പെട്ടതെന്നതാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
2010-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെ ഫലപ്രദമായി നേരിട്ട് ജനങ്ങളില്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് പിന്നീട് എല്‍ഡിഎഫിന് മുന്നോട്ടുവരാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന്റെ അടിത്തറ നഷ്ടപ്പെട്ടുവെന്ന പ്രചാരങ്ങളോടുള്ള പ്രതികരണമെന്ന നിലയിലാണ് ഇത്രയും കാര്യങ്ങള്‍ വിശദീകരിച്ചതെന്നും അടിത്തറയ്ക്ക് യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.
വര്‍ഗീയ ശക്തികളുമായി പരസ്യവും രഹസ്യവുമായ നീക്കുപോക്കുകള്‍ ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരിച്ചത്. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിനും തിരിച്ച് യുഡിഎഫ് വോട്ടുകള്‍ ബിജെപിക്കും ലഭിച്ച നിരവധി സംഭവങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതരാഷ്ട്രവാദം ഉന്നയിക്കുന്ന ശക്തികളുമായി നല്ല യോജിപ്പിലായിരുന്നു യുഡിഎഫ് മത്സരിച്ചത്. തിരുവനന്തപുരം നഗരസഭ വിജയിക്കാനായതൊഴിച്ചാല്‍ ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട പ്രദേശം ഉള്‍ക്കൊള്ളുന്ന പന്തളം മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് വിജയിച്ചു. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ വിജയമാണ് എല്‍ഡിഎഫിന് ലഭിച്ചത്. സമാനതകളിലാത്ത നേട്ടങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്. എന്നാല്‍ ഈ നേട്ടങ്ങള്‍ എന്തുകൊണ്ട് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല എന്നതും പരിശോധിക്കേണ്ടതുണ്ട്. സംഘടനാപരമായ കാര്യങ്ങളും പോരായ്മകള്‍ സംഭവിച്ചോ എന്നതും വിശദമായി പരിശോധിക്കും. ജനങ്ങളിലേയ്ക്ക് കൂടുതല്‍ ഇറങ്ങിച്ചെന്ന് അവരുടെ കാഴ്ചപാടുകളും ചിന്തകളും മനസിലാക്കും '- എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഏറ്റവും മെച്ചപ്പെട്ടത് തന്നെയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ തോല്‍വി വിശദമായി പരിശോധിക്കും. മേയര്‍ക്കെതിരായ ഗായത്രി ബാബുവിന്റെ പോസ്റ്റിലും അദ്ദേഹം പ്രതികരിച്ചു. അത്തരം പോസ്റ്റുകളോട് ഒന്നും തനിക്ക് യോജിപ്പില്ല. എംഎം മണിയുടെ വാക്കുകളെ വളച്ചൊടിച്ചതാണ്. അദ്ദേഹം സാധാരണ ഉപയോഗിക്കുന്ന ഒരു ശൈലിയില്‍ പറഞ്ഞതാണത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തദ്ദേശസ്ഥാപനങ്ങളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നു ബിജെപിയുമായി ചേര്‍ന്ന ഭരണം പങ്കിടാന്‍ ഇപ്പോള്‍ ആലോചിച്ചിട്ടില്ല. കൊല്ലം കോര്‍പ്പറേഷനിലെ തെരഞ്ഞെടുപ്പ് പരാജയം ഞെട്ടിച്ചുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.




