- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം പ്രസിഡന്റിനെ പുറത്താക്കാന്‍ സിപിഎമ്മിന്റെ അവിശ്വാസപ്രമേയം; യുഡിഎഫിനെ കൂട്ടുപിടിച്ചു; ഇത്തവണ സിപിഎമ്മും സിപിഐയും ഏറ്റുമുട്ടി; രാമങ്കരി പിടിച്ചെടുത്ത് യുഡിഎഫ്; ഒരു സീറ്റുമില്ലാതെ സിപിഐ
ആലപ്പുഴ: ഒട്ടേറെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച രാമങ്കരി പഞ്ചായത്തില്‍ ഇടത് മുന്നണിയെ പുറത്താക്കി ഭരണം പിടിച്ച് യുഡിഎഫ്. 2020-ല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഇവിടെ സിപിഎം ഭരണം തുടങ്ങിയത്. എന്നാല്‍ വിഭാഗീയത മൂര്‍ച്ഛിച്ചതോടെ സ്വന്തം പ്രസിഡന്റിനെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു പുറത്താക്കിയാണ് രാമങ്കരി ശ്രദ്ധ നേടിയത്. ഇത്തവണ സിപിഎമ്മും സിപിഐയും പരസ്പരം ഏറ്റുമുട്ടിയതോടെ ഭരണം നഷ്ടമായി. അന്ന് സഹായിക്കാനെത്തിയ യുഡിഎഫ് ആകട്ടെ ഭരണം പിടിക്കുകയും ചെയ്തു.
പഞ്ചായത്തിലെ ആറ് വാര്‍ഡുകളിലാണ് സിപിഐയും സിപിഎമ്മും നേരിട്ട് ഏറ്റുമുട്ടിയത്. ഫലം വന്നപ്പോള്‍ ആകെയുള്ള 14 വാര്‍ഡുകളില്‍ സിപിഎം നാല് വാര്‍ഡുകളിലേക്ക് ഒതുങ്ങി. സിപിഐക്കാകട്ടെ ഒരു വാര്‍ഡില്‍ പോലും ജയിക്കാനുമായില്ല. എല്‍ഡിഎഫിന്റെ കുത്തക എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന രാമങ്കരി ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തു.
നാല്, അഞ്ച്, ആറ്, എട്ട്, 13, 14 എന്നീ വാര്‍ഡുകളിലാണ് രാമങ്കരി പഞ്ചായത്തില്‍ സിപിഎമ്മും സിപിഐയും നേരിട്ട് ഏറ്റുമുട്ടിയത്. ഇതില്‍ നാല്, ആറ്, 13 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചപ്പോള് അഞ്ചാം വാര്‍ഡ് ബിജെപി പിടിച്ചെടുത്തു. എട്ടാം വാര്‍ഡിലും 14-ാം വാര്‍ഡിലും സിപിഎമ്മിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു. എട്ടാം വാര്‍ഡിലെ സിപിഐയുടെ സ്വതന്ത്ര സ്ഥാനാര്‍ഥി ഒഴികെ ബാക്കി എല്ലായിടത്തും സിപിഎമ്മും സിപിഐയും പാര്‍ട്ടി ചിഹ്നത്തിലാണ് മത്സരിച്ചത്.
എല്‍ഡിഎഫിലെ ഒന്നും രണ്ടും കക്ഷികളായ സിപിഎമ്മും സിപിഐയും തമ്മിലടിച്ചതാണ് രാമങ്കരിയില്‍ യുഡിഎഫിന് ഗുണം ചെയ്തത്. കൂടാതെ ചരിത്രത്തിലാദ്യമായി ഇത്തവണ രാമങ്കരിയില്‍ മൂന്ന് സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിക്കുകയും ചെയ്തു. യുഡിഎഫിന്റെ ആറ് സീറ്റില്‍ അഞ്ചും കോണ്‍ഗ്രസിനാണ്. ശേഷിക്കുന്ന ഒരു സീറ്റില്‍ കേരളാ കോണ്‍ഗ്രസാണ് വിജയിച്ചത്.
പഞ്ചായത്തിലെ ഒരുവാര്‍ഡില്‍ കോണ്‍ഗ്രസിന്റെ വിമത സ്ഥാനാര്‍ഥിയും വിജയിച്ചിട്ടുണ്ട്. ഈ സ്ഥാനാര്‍ഥിയുടെ പിന്തുണകൂടി ഉറപ്പാക്കുന്നതോടെ ഏഴ് സീറ്റുകളുമായി യുഡിഎഫിന് ഇക്കുറി രാമങ്കരി ഭരിക്കാം.
കഴിഞ്ഞ തവണ വിഭാഗീയത മൂര്‍ച്ഛിച്ചതോടെ പ്രസിഡന്റായിരുന്ന രാജേന്ദ്രകുമാറിനെതിരെ സിപിഎം തന്നെ അവിശ്വാസപ്രമേയം കൊണ്ടുവരികയായിരുന്നു. അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്കെടുക്കുന്നതിന് മുമ്പ് രാജേന്ദ്രകുമാര്‍ രാജിവെച്ചു. തുടര്‍ന്ന്, സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ടിനും രാമങ്കരി സാക്ഷിയായി. സ്വന്തംചിഹ്നത്തില്‍ ജയിച്ച പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പുറത്താക്കാന്‍ ചിരവൈരികളായ യുഡിഎഫുമായി ചങ്ങാത്തമുണ്ടാക്കിയത് രാമങ്കരിയെ ശ്രദ്ധേയമാക്കി.




