- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാമനപുരം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്: മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകന്‍ രതീഷ് അനിരുദ്ധനും പരിഗണനയില്‍; സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ കോട്ടയായി അറിയപ്പെടുന്ന വാമനപുരം മണ്ഡലം തിരിച്ചുപിടിക്കാന്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ തേടി കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ക്കൊപ്പം പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രതീഷ് അനിരുദ്ധന്റെ പേരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ സജീവമായി പരിഗണിക്കപ്പെടുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ പരിചിതനായ ഒരു പുതുമുഖത്തെ അണിനിരത്തി സര്‍പ്രൈസ് വിജയം നേടാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആലോചന.
ദീര്‍ഘകാലമായി മാധ്യമരംഗത്ത് സജീവമായ രതീഷ് അനിരുദ്ധന്‍ കെ എസ് യുവില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. നിലമേല്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. മണ്ഡലത്തിലെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ കൃത്യമായ ധാരണയുള്ള ഒരു വ്യക്തി എന്ന നിലയില്‍ രതീഷിനെ മത്സരിപ്പിക്കുന്നത് യുവാക്കളുടെയും നിഷ്പക്ഷ വോട്ടര്‍മാരുടെയും പിന്തുണ ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. സമുദായ സമവാക്യങ്ങളും പ്രാദേശിക ബന്ധങ്ങളും രതീഷിന് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍. വാമനപുരത്ത് രമണി പി നായര്‍, പാലോട് രവി, ആനാട് ജയന്‍ എന്നിവരുടെ പേരും പരിഗണനയിലുണ്ട്. ശരത് ചന്ദ്രപ്രസാദും എംഎം ഹസനും സാധ്യതാ പട്ടികയിലുണ്ട്. അതിനിടെ സീറ്റ് ആര്‍ എസ് പിയ്ക്ക് നല്‍കുന്നതും ചര്‍ച്ചയാണ്.
രതീഷ് അനിരുദ്ധന്റെ പേര് ചര്‍ച്ചകളില്‍ ഉണ്ടെങ്കിലും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മണ്ഡലത്തിനായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. കെ.പി.സി.സി ഭാരവാഹികളും മുന്‍ ജനപ്രതിനിധികളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. വാമനപുരത്ത് കഴിഞ്ഞ തവണയുണ്ടായ വോട്ട് ചോര്‍ച്ച പരിഹരിക്കാന്‍ പാര്‍ട്ടി സംവിധാനത്തെ ഒന്നിപ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി വേണമെന്ന നിര്‍ദ്ദേശമാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുവെക്കുന്നത്. മുതിര്‍ന്ന നേതാക്കളുടെ പരിചയസമ്പത്തോ അതോ രതീഷ് അനിരുദ്ധനെപ്പോലെയുള്ളവരുടെ പുതുമയോ ഏതാണ് വോട്ടര്‍മാര്‍ സ്വീകരിക്കുക എന്നതിലാണ് ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുന്നത്.
വര്‍ഷങ്ങളായി എല്‍.ഡി.എഫ് തുടരുന്ന ആധിപത്യം തകര്‍ക്കാന്‍ ഇത്തവണ 'സോഷ്യല്‍ എന്‍ജിനീയറിങ്' പരീക്ഷിക്കാനാണ് യു.ഡി.എഫ് നീക്കം. സര്‍ക്കാരിനെതിരായ വികാരം വോട്ടാക്കി മാറ്റാന്‍ കഴിവുള്ള, ജനകീയനായ ഒരാളെ അണിനിരത്തുക എന്നതാണ് ലക്ഷ്യം. രതീഷ് അനിരുദ്ധനെപ്പോലെയുള്ള മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് മണ്ഡലത്തില്‍ പുതിയൊരു ആവേശം സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. സ്ഥാനാര്‍ത്ഥി പട്ടിക ചുരുക്കുന്നതിനായി സ്‌ക്രീനിംഗ് കമ്മിറ്റി വരും ദിവസങ്ങളില്‍ യോഗം ചേരും.


