മലപ്പുറം: മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി മുതിര്‍ന്ന നേതാവും മുന്‍ എം.എല്‍.എയുമായ അബ്ദുറഹിമാന്‍ രണ്ടത്താണി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കും. ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയ രണ്ടത്താണിയെ താനൂരിലോ തിരൂരിലോ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം നടത്തുന്നത്. ഇതിനോട് രണ്ടത്താണി അനുകൂലമായി പ്രതികരിച്ചതായാണ് സൂചനകള്‍.

താനൂരില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി പ്രഖ്യാപിക്കപ്പെട്ട മന്ത്രി വി. അബ്ദുറഹിമാന്‍ ഇതുവരെ പ്രചാരണം ആരംഭിച്ചിട്ടില്ലാത്തതും, തിരൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതും ഈ രാഷ്ട്രീയ നീക്കത്തിന് ആക്കം കൂട്ടുന്നു. വി. അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറാന്‍ സന്നദ്ധത അറിയിച്ചാല്‍ രണ്ടത്താണി താനൂരില്‍ ഇടത് സ്ഥാനാര്‍ത്ഥിയായേക്കും. കൂടാതെ, താനൂരിലെ ലീഗ് നേതാവ് മുത്തുക്കോയ തങ്ങളുമായും സിപിഎം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

തിരൂരങ്ങാടിയില്‍ പി.എം.എ. സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ഫേസ്ബുക്കിലൂടെ രൂക്ഷവിമര്‍ശനമുന്നയിച്ചാണ് രണ്ടത്താണി ലീഗ് നേതൃത്വവുമായി ഇടഞ്ഞത്. അര്‍ഹതപ്പെട്ടവരെ അവഗണിച്ച് നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താല്‍പ്പര്യങ്ങള്‍ക്കായി സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

തിരൂരങ്ങാടിയില്‍ ഇടത് സ്ഥാനാര്‍ത്ഥിയാകാന്‍ അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും സിപിഐ അവിടെ മാറ്റത്തിന് തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് സിപിഎം രണ്ടത്താണിയെ നേരിട്ട് ബന്ധപ്പെട്ടത്. മുന്‍പ് രണ്ട് തവണ താനൂരിനെ പ്രതിനിധീകരിച്ച രണ്ടത്താണിയുടെ വരവ് മലപ്പുറത്ത് വലിയ രാഷ്ട്രീയ അട്ടിമറികള്‍ക്ക് വഴിയൊരുക്കുമെന്നാണ് ഇടത് ക്യാമ്പിന്റെ പ്രതീക്ഷ.