- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പറവൂര്‍ എനിക്ക് എന്റെ കുടുംബം പോലെ; അത്രമാത്രം ഹൃദയബന്ധം ഉള്ള സ്ഥലമാണ്; യുഡിഎഫ് പരാജയപ്പെട്ടാല്‍ വനവാസത്തിന് പോകുമെന്ന് വെറുതെ പറഞ്ഞതല്ല'; മണ്ഡലത്തില്‍ പ്രചാരണമാരംഭിച്ച് വി. ഡി സതീശന്‍; ആവേശമായി റോഡ് ഷോ

കൊച്ചി: പറവൂര്‍ മണ്ഡലത്തില്‍ പ്രചാരണമാരംഭിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പറവൂര്‍ തനിക്ക് കുടുംബമാണ്. ഉടന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എറണാകുളത്ത് 14 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. പറവൂരിലെ ജനങ്ങള്‍ എല്ലാ കാലത്തും എനിക്ക് കൂടുതല്‍ കൂടുതല്‍ ഭൂരിപക്ഷം തരാറുണ്ട്. ഞാന്‍ അങ്ങനെ ഒരു ഭൂരിപക്ഷം അവകാശപ്പെടാറില്ല. പറവൂര്‍ എനിക്ക് എന്റെ കുടുംബം പോലെയാണ്. അത്രമാത്രം ഹൃദയബന്ധം ഉള്ള സ്ഥലമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ഏറ്റവും മികച്ച സംഘടനാ സംവിധാനമുള്ള സ്ഥലമാണ് പറവൂരെന്ന് വിഡി സതീശന്‍ പറഞ്ഞു. എറണാകുളം ജില്ലയില്‍ വന്‍ വിജയം നമുക്ക് ഉണ്ടാകും. പതിനാലില്‍ പതിനാല് സീറ്റുകളാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്. അത് പിടിക്കാന്‍ പറ്റുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് പരാജയപ്പെട്ടാല്‍ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് വെറുതെ അല്ലെന്നും വിഡി സതീശന്‍ പറഞ്ഞു. സ്ഥാനാര്‍ഥി പട്ടിക വൈകുന്നത് ഒരു തരത്തിലും പ്രചരണത്തിന്റെ ശോഭ കെടുത്തിയിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. എം പി മാര്‍ മത്സരിക്കണമോ എന്നതില്‍ തനിക്ക് അഭിപ്രായമുണ്ട്. എന്നാല്‍, അതെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ല. എംപിമാര്‍ മത്സരിക്കേണ്ടെന്നത് ഹൈക്കമാന്‍ഡ് തീരുമാനമായിരുന്നു. മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തില്‍ പോയതിനേക്കാള്‍ 50 മടങ്ങ് താന്‍ പറവൂരില്‍ വന്നിട്ടുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.
പറവൂരിലെ റോഡ്‌ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു വിഡി സതീശന്‍. ഇന്ന് ഡല്‍ഹിയില്‍ നിന്ന് എത്തിയശേഷം വിഡി സതീശന്‍ സ്വന്തം മണ്ഡലമായ പറവൂരിലേക്കാണ് ആദ്യം പോയത്. തുടര്‍ന്ന് വൈകിട്ട് നടന്ന റോഡ് ഷോയോട് കൂടി മണ്ഡലത്തിലെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടുകയായിരുന്നു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുത്തത്.


