- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്ലാവര്‍ക്കും സ്വന്തം നാട്ടില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടാകില്ലേ; തിരൂരിന്റെ വികസനമാണ് ലക്ഷ്യം'; ഒടുവില്‍ വി. അബ്ദുറഹിമാന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സിപിഎം; കൊണ്ടോട്ടിയില്‍ ഡോ. പി ജിജിയും കോട്ടയ്ക്കലില്‍ കെ പ്രീതിയും മത്സരിക്കും

മലപ്പുറം: താനൂര്‍ നിയോജക മണ്ഡലത്തില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച മന്ത്രി വി. അബ്ദുറഹിമാന്‍ തിരൂരില്‍ മത്സരിക്കും. വി. അബ്ദുറഹിമാന്റെ ആവശ്യത്തിനുമുന്നില്‍ സിപിഎം ഒടുവില്‍ വഴങ്ങിയെന്നാണ് വിവരം. 'എല്ലാവര്‍ക്കും സ്വന്തം നാട്ടില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടാകില്ലേ' എന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അബ്ദുറഹിമാന്റെ പ്രതികരണം. പെരുന്നാള്‍ കഴിഞ്ഞാല്‍ പ്രചരണത്തിനിറങ്ങുമെന്നും ഒരു തിരൂര്‍ക്കാരന്‍ എന്നനിലയില്‍ തിരൂരിന്റെ വികസനമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിനുശേഷമാണ് വി. അബ്ദുറഹിമാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങായിരുന്നു ഇത്.
''ഞങ്ങളുടെ നാട് എന്നും പിന്നാക്കമാണ്. നിരവധി എംഎല്‍എമാര്‍ വന്നു, മന്ത്രിമാര്‍ വന്നു, എന്നിട്ടും വികസനമുണ്ടായില്ല. മലപ്പുറം ജില്ലയിലെ എല്ലാ മണ്ഡലങ്ങളും നല്ലരീതിയില്‍ വികസിച്ചു. പക്ഷേ, തിരൂര്‍ പിന്നോട്ടുപോയി. ആ പ്രദേശത്തെ ആളെന്നനിലയില്‍ അത് മാറ്റുകയെന്നതാണ് ദൗത്യം. തിരൂരിന്റെ വികസനമാണ് ഞങ്ങളുടെ ലക്ഷ്യം. അതാണ് ഒരു തിരൂര്‍ക്കാരന്‍ എന്നനിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നത്'', വി. അബ്ദുറഹിമാന്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച സിപിഎം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ വി. അബ്ദുറഹിമാനെ താനൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായാണ് വീണ്ടും പ്രഖ്യാപിച്ചത്. എന്നാല്‍, സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞിട്ടും ഇതുവരെ അബ്ദുറഹിമാന്‍ പ്രചാരണത്തിനിറങ്ങിയില്ല. ഇതോടെയാണ് വി. അബ്ദുറഹിമാന്റെ നീരസം ചര്‍ച്ചയായത്. നേരത്തേ സ്വന്തം നാടായ തിരൂരില്‍ മത്സരിക്കണമെന്ന് ആഗ്രഹം വി. അബ്ദുറഹിമാന്‍ സിപിഎം നേതൃത്വത്തോട് പങ്കുവെച്ചിരുന്നതായാണ് വിവരം.
എന്നാല്‍, 2016-ല്‍ ലീഗില്‍നിന്ന് താനൂര്‍ മണ്ഡലം പിടിച്ചെടുക്കുകയും 2021-ല്‍ അവിടെ വിജയം ആവര്‍ത്തിക്കുകയുംചെയ്ത അബ്ദുറഹിമാനെ സിപിഎം വീണ്ടും താനൂരില്‍ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. സിപിഎം കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച പട്ടികയില്‍ തിരൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല. വി. അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറുന്നതോടെ ഇനി താനൂരില്‍ പുതിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരാകുമെന്നതിലും ആകാംക്ഷ തുടരുകയാണ്.
അതേ സമയം കൊണ്ടോട്ടിയില്‍ ഡോ. പി ജിജിയും കോട്ടയ്ക്കലില്‍ കെ പ്രീതിയും മത്സരിക്കും. സിപിഐ എം മഞ്ചേരി ഏരിയാ കമ്മിറ്റിയംഗവും മഹിളാ സംസ്ഥാന കമ്മിറ്റിയംഗവുമാണ് ഡോ. പി ജിജി. കലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്സണും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായിരുന്നു. വിദ്യാര്‍ഥി സമരത്തിന്റെ ഭാഗമായി 16 ദിവസം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവമാണ്. കലിക്കറ്റ് സര്‍വകലാശാലയില്‍ ബോട്ടണിയില്‍ പിഎച്ച്ഡി നേടി. 2021ല്‍ വേങ്ങരയില്‍ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചിട്ടുണ്ട്.
മലപ്പുറം കുറ്റിപ്പുറം പേരശന്നൂര്‍ സ്വദേശിയായ കെ പ്രീതി പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയംഗവും പ്രവാസി വനിതാ കുടുംബവേദിയുടെ സംസ്ഥാന കണ്‍വീനറുമാണ്. 2026ലെ ലോക കേരള സഭാംഗമാണ്. നിലവില്‍ സിപിഐ എം കുറ്റിപ്പുറം ലോക്കല്‍ കമ്മിറ്റിയംഗവും കര്‍ഷകസംഘം വളാഞ്ചേരി ഏരിയാ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവുമാണ്. പേരശന്നൂര്‍ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.


