കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ എം കെ മുനീറിനെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയാക്കാതിരുന്നത് ജമാഅത്തെ ഇസ്ലാമി ഇടപെടല്‍ മൂലമെന്ന് സിപിഎം നേതാവ് എളമരം കരീം. ജമാഅത്തെ ഇസ്ലാമിയോടുള്ള ആശയപരമായ വിയോജിപ്പ് എം കെ മുനീര്‍ തുറന്നു പ്രകടിപ്പിച്ചതാണ് ഇതിന് കാരണം. മല്‍സരിപ്പിക്കാത്തത് അനാരോഗ്യം കൊണ്ട് മാത്രമെന്ന വാദത്തില്‍ കഴമ്പില്ലെന്നും എളമരം കരീം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പാര്‍ട്ടിയാണ്. ജമാഅത്തിനോട് ആശയപരമായ വിയോജിപ്പ് മുനീര്‍ പ്രകടിപ്പിച്ചതാണ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയം സംബന്ധിച്ച് അദ്ദേഹം ഒരു പുസ്തകം തന്നെ എഴുതിയിരുന്നു. ആര്‍എസ്എസിനെ പോലെ മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയമാണ് ജമാഅത്തെ ഇസ്ലാമിയുടേത്. അതുകൊണ്ടാണ് കൊണ്ടാണ് മുനീറിന് സീറ്റ് നല്‍കാതിരുന്നത്. അവര്‍ ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പമാണ്. ലീഗിലെ സമുന്നത നേതാക്കള്‍ നേരത്തെ തന്നെ അതിനെതിരെ ആദര്‍ശപരമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. മുനീറിനെ സാമ്പത്തിക തകര്‍ച്ചയിലേക്ക് എത്തിച്ചത് ലീഗ് നേതൃത്വം തന്നെയാണെന്നും എളമരം കരീം പറഞ്ഞു.

അതേ സമയം എളമരം കരീമിന്റെ പ്രസ്താവനക്കെതിരെ എം.കെ മുനീര്‍ രംഗത്ത് വന്നു. . ആരെങ്കിലും പറയുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയല്ല മുസ്ലിം ലീഗ് എന്ന് അദ്ദേഹം പ്രതികരിച്ചു. എളമരം കരീമിന്റെ ആക്ഷേപം എന്തിന്റെ അടിസ്ഥാനത്തില്‍ എന്നറിയില്ല. ജമാഅത്തെ ഇസ്ലാമി വിചാരിച്ചാല്‍ തന്നെ മാറ്റി നിര്‍ത്താന്‍ കഴിയില്ല. ലീഗ്, ജമാഅത്തെ ഇസ്ലാമിയുടെ പിടിയില്‍ അല്ല. ആരുടെയെങ്കിലും ഇംഗിതത്തിന് അനുസരിച്ചല്ല ലീഗ് സ്ഥാനര്‍ഥികളെ തീരുമാനിക്കുന്നത്. ജമാഅത്തെ ഇസ്ലാമി മുന്നണിയുടെ ഭാഗമല്ല. അവര്‍ക്ക് ആരെയും പിന്തുണക്കാമെന്നും മുനീര്‍ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെ ചൊല്ലി ലീഗ് - സിപിഎം വാക്‌പോര് തുടരുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലാണ് മുസ്ലിം ലീഗെന്ന സിപിഎം നേതാവ് എ കെ ബാലന്റെ ആരോപണത്തിന് മറുപടിയുമായി പിഎംഎ സലാമും കെ എം ഷാജിയും രംഗത്തെത്തി. എ കെ ബാലന്റേത് ആടിനെ പട്ടിയാക്കുന്ന പ്രചാരവേലയാണെന്ന് പിഎംഎ സലാം പ്രതികരിച്ചു. നട്ടാല്‍ മുളയ്ക്കാത്ത പച്ചക്കള്ളം പറയുന്നത് എ കെ ബാലന്റെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും സ്വഭാവമാണ്. തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന വിഭ്രാന്തിയാണ്. വായില്‍ വരുന്നത് കോതയ്ക്ക് പാട്ട് പോലെയാണ് ബാലന്റെ കാര്യം. പറയുന്ന ഒന്നിനും അടിസ്ഥാനമില്ലെന്ന് മാത്രമല്ല തെളിയിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുമില്ല. ലീഗിന് ജമാഅത്തെ ഇസ്ലാമിയുമായി ഒരു ബന്ധവുമില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയുമായിട്ടാണ് ബന്ധമെന്നും പി എം എ സലാം പറഞ്ഞു.

എ കെ ബാലന്‍ വക്കു പൊട്ടിയ കോടാലി ആണെന്ന് കെ എം ഷാജി പരിഹസിച്ചു. രാഷ്ട്രീയം പറയാതെ ചര്‍ച്ചകളെ വഴി തിരിച്ചു വിടാനുള്ള ടൂള്‍ ആയിട്ടാണ് അദ്ദേഹത്തെ പിണറായി നിയോഗിച്ചിരിക്കുന്നത്. സ്വന്തമായി അഭിപ്രായം പറയാന്‍ ഇല്ലാത്തയാളെയേ ഇങ്ങനെ നിയോഗിക്കൂ. വേങ്ങര അങ്ങാടിയില്‍ വന്നു എസ് ഡി പി ഐ യെ കുറിച്ച് നാല് വര്‍ത്തമാനം പറയാന്‍ ബാലനെ വെല്ലുവിളിക്കുന്നു. താന്‍ പറഞ്ഞത് പോലെ എസ് ഡി പി ഐ വോട്ട് വേണ്ടന്നൊന്നും പറയണ്ട. ബാലന്റെ പുറത്തു നട്ടെല്ലുണ്ടെങ്കില്‍ വേങ്ങരയില്‍ വന്നു എസ് ഡി പി ഐയെ തള്ളി പറയണം. എന്നിട്ട് മതി ബാലന്റെ മതേതര ഗീര്‍വാണ പ്രസംഗമെന്നും കെ എം ഷാജി പ്രതികരിച്ചു.