- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എട്ടുകാലി മമ്മൂഞ്ഞ് കളി സഹിക്കാം, പക്ഷേ ക്യാപ്ഷന്‍ കോപ്പിയടി ഗതികേടാണ്'; പരിഹാസവുമായി വി ടി ബല്‍റാം; 'അസ്ഥികൂടമൊക്കെ റെഡിയാണ്' എന്ന് മന്ത്രി എംബി രാജേഷിന്റെ മറുപടി; തൃത്താലയില്‍ ഫെയ്‌സ്ബുക്ക് പോരുമായി ഇടത് വലത് സ്ഥാനാര്‍ത്ഥികള്‍

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടേറുന്നതിനിടെ തൃത്താലയില്‍ ഫെയ്‌സ്ബുക്ക് പോരുമായി എംബി രാജേഷും വി ടി ബല്‍റാമും. ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരമില്ലാതെയാണ് പ്രഖ്യാപനങ്ങളും ഉദ്ഘാടന പ്രഹസനങ്ങളും നടത്തുന്നതെന്ന് മന്ത്രി എംബി രാജേഷ് സമ്മതിച്ചുവെന്ന വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും ഇതിനുള്ള മന്ത്രി രാജേഷിന്റെ മറുപടി പോസ്റ്റുമാണ് ചര്‍ച്ചയാകുന്നത്.
അംഗീകാരമില്ലെങ്കിലെന്താ, ലോകോത്തര നിലവാരത്തിലുള്ള അസ്ഥികൂടമൊക്കെ റെഡിയാണെന്നും രോഗികളെ കാത്തിരിക്കുന്ന ഇരുമ്പുകട്ടിലുകള്‍ തണുപ്പിക്കാന്‍ ഫാനൊക്കെ ഇപ്പോഴേ ഇട്ടുവച്ചിട്ടുമുണ്ടെന്നും ചിത്രമുള്‍പ്പടെ പോസ്റ്റ് ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ഥി ബല്‍റാം പരിഹസിച്ചിരുന്നു. കഴിഞ്ഞ കാലത്തെ പദ്ധതികളുടെ പിതൃത്വമേറ്റെടുക്കാനുള്ള എട്ടുകാലി മമ്മൂഞ്ഞ് ശ്രമം പിന്നെയും സഹിക്കാം, പക്ഷേ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ക്യാപ്ഷന്‍ പോലും കോപ്പിയടിക്കുന്നതൊക്കെ എന്തൊരു ഗതികേടാണെന്ന് കൂടി ബല്‍റാം ട്രോളി. അതിനെല്ലാം മറുപടിയെന്നോണമാണ് മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പുമായെത്തിയത്.
കേരള സര്‍ക്കാരിന്റേയും, ആരോഗ്യ സര്‍വകലാശാലയുടേയും, കേരള നഴ്‌സിംഗ് കൗണ്‍സിലിന്റേയും മിനിമം സ്റ്റാന്‍ഡേര്‍ഡ് ഓഫ് റിക്വയര്‍മെന്റ്‌സും (MSR) ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ മിനിമം സ്റ്റാന്‍ഡേര്‍ഡ് ഓഫ് റിക്വയര്‍മെന്റ്‌സും ഒന്നാണെന്ന കാര്യം വിടി ബല്‍റാമിന് അറിയില്ലെന്നാണ് മന്ത്രി എംബി രാജേഷ് പരിഹസിച്ചത്. ഇക്കാര്യം അറിയില്ലെന്ന് നാട്ടുകാരെ ബോദ്ധ്യപ്പെടുത്തിയതിന് അഭിനന്ദനങ്ങള്‍ നേരുകയാണെന്നും പരിഹാസരൂപേണ അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'അസ്ഥികൂടങ്ങള്‍ പലതരമുണ്ട്. മെഡിക്കല്‍ കോളേജിലും നഴ്‌സിംഗ് കോളേജിലും ഉള്ളവ പഠനസഹായികളായി ആര്‍ക്കെങ്കിലും ഉപകാരമുള്ളവയാണ്. എന്നാല്‍ ജനങ്ങളുടെ പണം ഉപയോഗിച്ച് ആര്‍ക്കും ഉപകാരമില്ലാതെ കിടക്കുന്ന കോണ്‍ക്രീറ്റ് അസ്ഥികൂടങ്ങള്‍ കൂറ്റനാട് ടേക്ക് എ ബ്രേക്കായും,പിലാക്കാട്ടിരി അംഗനവാടിയായും, പട്ടിത്തറ സ്‌ക്കൂളായുമൊക്കെ നാട്ടില്‍ ഇഷ്ടം പോലെയുണ്ട്. തൃത്താലക്ക് അതൊരു 'ഹാബിറ്റാ'യിരുന്ന കാലമുണ്ടായിരുന്നു.
കേരള സര്‍ക്കാരിന്റേയും, ആരോഗ്യ സര്‍വകലാശാലയുടേയും, കേരള നഴ്‌സിംഗ് കൗണ്‍സിലിന്റേയും അംഗീകാരങ്ങള്‍ ലഭിച്ചാല്‍ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നത് വെറും സാങ്കേതിക നടപടിക്രമം മാത്രമാണ് എന്നത് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ജൂണില്‍ തുടങ്ങുന്ന അദ്ധ്യയന വര്‍ഷത്തില്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കും. ഇങ്ങനെത്തന്നെയാണ് സര്‍ക്കാര്‍ മേഖലയിലെ എല്ലാ നഴ്‌സിംഗ് കോളേജുകളും ആരംഭിച്ചിട്ടുള്ളത്. തൃത്താലക്ക് മുമ്പ് പ്രഖ്യാപിച്ച കൊട്ടാരക്കര നഴ്‌സിംഗ് കോളേജിലും ക്ലാസുകള്‍ ആരംഭിച്ചത് ഇങ്ങനെത്തന്നെയായിരുന്നു.
സാധാരണക്കാരുടെ കൈയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ ഡൊണേഷന്‍ വാങ്ങി നഴ്‌സിംഗ് സ്ഥാപനങ്ങള്‍ നടത്തുന്ന പലര്‍ക്കും അത് നഷ്ടമാകുന്നതിന്റെ ദുഖമാണോ ഈ പ്രതികരണങ്ങള്‍ക്ക് പുറകില്‍ എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാകില്ല'. മന്ത്രി കുറിച്ചു.


