മലപ്പുറം: എസ്ഡിപിഐ ബന്ധത്തെ ചൊല്ലി യുഡിഎഫ് എല്‍ഡിഎഫ് നേതൃത്വങ്ങള്‍ തമ്മില്‍ വാക്‌പോര് മുറുകുന്നു. എസ്ഡിപിഐയെ എല്‍ഡിഎഫ് തങ്ങളുടെ അപ്രഖ്യാപിത ഘടകകക്ഷിയാക്കി മാറ്റിയിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എം. ഷാജി രംഗത്തെത്തി. വേങ്ങരയിലെ ഇടത് സ്ഥാനാര്‍ത്ഥിക്കും എസ്ഡിപിഐ സ്ഥാനാര്‍ത്ഥികള്‍ക്കും ഒരേ ചിഹ്നമായ 'കത്രിക' ലഭിച്ചത് ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്ന് അദ്ദേഹം പരിഹസിച്ചു. പരസ്യമായി പിന്തുണ പ്രഖ്യാപിക്കരുതെന്നു എസ്ഡിപിഐ നേതൃത്വത്തോട് എല്‍ഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. അണികള്‍ ഇപ്പോള്‍ തന്നെ പ്രകോപിതരായതിനാല്‍ പരസ്യ പ്രഖ്യാപനം വേണ്ടെന്നാണ് എല്‍ഡിഎഫ് പറഞ്ഞത്. അതിനാലാണ് എല്‍ഡിഎഫിനുള്ള പിന്തുണ എസ്ഡിപിഐ പ്രഖ്യാപിക്കാത്തതെന്ന് കെ എം ഷാജി ആരോപിച്ചു.

എസ്ഡിപിഐ ചിഹ്നം ഉള്‍പ്പെടെ വേങ്ങരയില്‍ സ്വീകരിക്കാമെന്നു എല്‍ഡിഎഫ് നേതാക്കള്‍ എസ്ഡിപിഐയോട് പറഞ്ഞിട്ടുണ്ട്. അഴീക്കോട് രണ്ടു തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയോട് പരസ്യമായി വോട്ട് വാങ്ങിയവരാണ് എല്‍ഡിഎഫ്. എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫിനെ തോല്‍പ്പിക്കുകയാണെങ്കില്‍ തോല്‍പിക്കട്ടെ. ഇത്തരം ഗ്രുപ്പുകളോട് കോംപ്രമൈസ് ചെയ്തു പോയിരിക്കാന്‍ മാത്രം വലിയ സംഭവമല്ല നിയമസഭ. പ്രഖ്യാപിത നിലപാടില്‍ ഒത്തു തീര്‍പ്പിനില്ലെന്നും കെ എം ഷാജി പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുടെ പേരില്‍ സിപിഎം - ലീഗ് നേതാക്കള്‍ തമ്മിലുള്ള വാക്‌പോര് തുടരുന്നതിനിടെയാണ് എല്‍ഡിഎഫിന് എസ്ഡിപിഐ പിന്തുണ എന്ന ആരോപണം കെ എം ഷാജി ഉയര്‍ത്തിയത്. ജമാഅത്തെ ഇസ്ലാമിയെ തൃപ്തിപ്പെടുത്താനാണ് കെ എം ഷാജിക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ച ഷുവര്‍ സീറ്റ് നല്‍കിയതെന്ന എ കെ ബാലന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെ എം ഷാജി ആദ്യം രംഗത്ത് എത്തി. എ കെ ബാലന്‍ വക്കു പൊട്ടിയ കോടാലി ആണെന്ന് കെ എം ഷാജി പരിഹസിച്ചു. രാഷ്ട്രീയം പറയാതെ ചര്‍ച്ചകളെ വഴി തിരിച്ചു വിടാനുള്ള ടൂള്‍ ആയിട്ടാണ് അദ്ദേഹത്തെ പിണറായി നിയോഗിച്ചിരിക്കുന്നത്. സ്വന്തമായി അഭിപ്രായം പറയാന്‍ ഇല്ലാത്തയാളെയേ ഇങ്ങനെ നിയോഗിക്കൂ. വേങ്ങര അങ്ങാടിയില്‍ വന്നു എസ്ഡിപിഐയെ കുറിച്ച് നാല് വര്‍ത്തമാനം പറയാന്‍ ബാലനെ വെല്ലുവിളിക്കുന്നുവെന്നും കെ എം ഷാജി പറഞ്ഞിരുന്നു.