തൃശൂര്‍: രാജ്യത്ത് പാചകവാതക പ്രതിസന്ധിയുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചില ചെറിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നത് സത്യമാണെന്നും എന്നാല്‍ അത് ക്ഷാമമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം തൃശൂരില്‍ വ്യക്തമാക്കി. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്ന കാര്യം ആലോചനയിലാണെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

പാചകവാതക വിതരണത്തില്‍ ഇന്ത്യയില്‍ മാത്രമല്ല നിയന്ത്രണങ്ങളുള്ളതെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. 'അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളില്‍ പോലും ഗ്യാസ് വിതരണത്തിന് കൃത്യമായ നിയന്ത്രണങ്ങളുണ്ട്. ഇത് ആഗോളതലത്തിലുള്ള വിപണന ക്രമീകരണത്തിന്റെ ഭാഗമാണ്. ഇന്ത്യയില്‍ ഒരു തരത്തിലുള്ള പ്രതിസന്ധിയും നിലവിലില്ല,' അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസവും എണ്ണക്കമ്പനികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രി പ്രതിസന്ധിയില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിപണിയില്‍ പാചകവാതക ക്ഷാമം രൂക്ഷമാകുകയാണെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. രണ്ടാഴ്ചയായി സിലിണ്ടറുകള്‍ ലഭിക്കാന്‍ വലിയ കാലതാമസമാണ് നേരിടുന്നത്. ആവശ്യത്തിന് സിലിണ്ടറുകള്‍ ലഭിച്ചില്ലെങ്കില്‍ ഭക്ഷണസാധനങ്ങളുടെ വില കൂട്ടേണ്ടി വരുമെന്നാണ് ഹോട്ടല്‍ ഉടമകളുടെ മുന്നറിയിപ്പ്. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.

ജനങ്ങളില്‍ അനാവശ്യ ഭീതി പടര്‍ത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. എണ്ണക്കമ്പനികളുമായി ചേര്‍ന്ന് വിതരണം സുഗമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പശ്ചിമേഷ്യന്‍ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇന്ത്യയിലില്ലെന്നും സുരേഷ് ഗോപി ആവര്‍ത്തിച്ചു.