പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി കേരളത്തില്‍ ഇന്ന് സന്ദര്‍ശനം നടത്താനിരിക്കെ മലയാളത്തില്‍ പോസ്റ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ പൊതു മനോഭാവം എന്‍ഡിഎയ്ക്ക് അനുകൂലമാണെന്നും എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ദുര്‍ഭരണത്തില്‍ ജനങ്ങള്‍ അതൃപ്തരാണെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ഇന്ന് വൈകിട്ട് കേരളത്തിലെ ജനങ്ങളോടൊപ്പമായിരിക്കുമെന്നും പാലക്കാട് നടക്കുന്ന റാലിയില്‍ പ്രസംഗിക്കുകയും തൃശൂരില്‍ റോഡ്ഷോയില്‍ പങ്കെടുക്കുകയും ചെയ്യുമെന്നും മോദി എഴുതി.

'ഇന്ന് വൈകിട്ട് കേരളത്തിലെ ജനങ്ങളോടൊപ്പമായിരിക്കാന്‍ ഉറ്റുനോക്കുന്നു. പാലക്കാട് നടക്കുന്ന റാലിയില്‍ പ്രസംഗിക്കുകയും തുടര്‍ന്ന് തൃശൂരില്‍ ഒരു റോഡ്ഷോയില്‍ പങ്കെടുക്കുകയും ചെയ്യും. കേരളത്തിന്റെ പൊതുവായ മനോഭാവം എന്‍ഡിഎയ്ക്ക് അനുകൂലമാണ്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ദുര്‍ഭരണത്തില്‍ ജനങ്ങള്‍ അതൃപ്തരാണ്', എസ്‌ക് പോസ്റ്റില്‍ മോദി കുറിച്ചു.

പാലക്കാട് എത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്കു 2ന് ശേഷം കോട്ടമൈതാനത്ത് എന്‍ഡിഎ തിരഞ്ഞെടുപ്പു സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളും മുന്നണി നേതാക്കളും പങ്കെടുക്കും. അരലക്ഷം പേര്‍ സമ്മേളനത്തിനെത്തും. പകല്‍ 12 മുതല്‍ സമ്മേളന നഗരിയിലേക്കു പ്രവര്‍ത്തകരെ പ്രവേശിപ്പിച്ചു തുടങ്ങും. അഞ്ചുവിളക്കിനു സമീപത്തുനിന്നു കോട്ടയ്ക്ക് എതിര്‍വശത്തുള്ള ഗേറ്റ് വഴിയും സുരക്ഷാ പരിശോധനകള്‍ക്കു ശേഷമാണു സമ്മേളന നഗരിയിലേക്കു പ്രവേശിപ്പിക്കുക.

റോഡ് ഷോയ്ക്കായി തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രിയെ കുട്ടനെല്ലൂര്‍ സി.അച്യുതമേനോന്‍ ഗവ.കോളജിലെ ഹെലിപ്പാഡില്‍ സ്വീകരിക്കുക കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണ്. ഇന്ന് വൈകിട്ട് 4.10ന് പ്രധാനമന്ത്രി ഇവിടെ ഇറങ്ങുമെന്നാണ് വിവരം. അവിടുന്ന് റോഡ് മാര്‍ഗം സ്വരാജ് റൗണ്ടിലേക്ക്. റൗണ്ടില്‍ ജില്ലാ ജനറല്‍ ആശുപത്രി പരിസരം മുതല്‍ ബിനി ഹെറിറ്റേജ് വരെ 900 മീറ്റര്‍ റോഡ് ഷോ. ജനങ്ങളെ 5 വരികളിലായി നിരത്തും. വിവിധ കലാരൂപങ്ങള്‍, കുമ്മാട്ടിക്കളി, പുലികളി, മാര്‍ഗംകളി, കഥകളി തുടങ്ങിയവ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ഒരുക്കും.

സ്ഥാനാര്‍ഥികള്‍ക്കൊപ്പം വാഹന റാലിയില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയെ കാണാന്‍ എത്തുന്നവര്‍ കുടയോ ബാഗുകളോ കുടിവെള്ളമോ നാണയമോ ഒപ്പമെടുക്കാന്‍ അനുവദിക്കില്ല. അഞ്ചരയോടെ പ്രധാനമന്ത്രി പാലക്കാട്ടേക്ക് പോകും.

നിയമസഭ തിരഞ്ഞെടുപ്പിന് 11 ദിവസം ബാക്കി നില്‍ക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും നാളെ കേരളത്തിലെത്തും. നാളെ ഉച്ചക്ക് അടൂര്‍ മുതല്‍ പന്തളം വരെ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയുണ്ട്. റാന്നിയിലും ആറന്‍മുളയിലും രാഹുല്‍ ഗാന്ധിയെത്തും. പ്രധാനമന്ത്രി ഉള്‍പ്പടെ ദേശീയ നേതാക്കള്‍ സംസ്ഥാനത്തേക്ക് എത്തുന്നത് പ്രചാരണം കൊഴുപ്പിക്കും.