ഹരിപ്പാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തില്‍ ഹരിപ്പാട് മണ്ഡലത്തില്‍ രാഷ്ട്രീയപ്പോര് പുതിയ തലത്തിലേക്ക്. കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമാകുകയും മുതിര്‍ന്ന നേതാക്കള്‍ രമേശ് ചെന്നിത്തലയ്ക്കായി വാദിക്കുകയും ചെയ്യുന്നതിനിടെയാണ്, ഹരിപ്പാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സന്ദീപ് വാചസ്പതി അപ്രതീക്ഷിതമായി എത്തിയത്. ഇതോടെ മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.

ചെന്നിത്തലയെ പ്രതിരോധത്തിലാക്കാന്‍ എസ്. ഹരീഷിന്റെ 'മീശ' നോവലുമായി ബന്ധപ്പെട്ട പഴയ വിവാദങ്ങള്‍ വീണ്ടും ചര്‍ച്ചയാക്കുകയാണ് ബിജെപി ക്യാമ്പ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന 'മീശ' എന്ന നോവലിലെ ചില പരാമര്‍ശങ്ങള്‍ വിശ്വാസികളെ അപമാനിക്കുന്നതാണെന്ന പേരില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അമ്പലത്തില്‍ പോകുന്ന സ്ത്രീകളെക്കുറിച്ച് നോവലിലുണ്ടായിരുന്ന വിവാദ പരാമര്‍ശങ്ങള്‍ ഹൈന്ദവ സംഘടനകളുടെ കടുത്ത എതിര്‍പ്പിന് കാരണമായിരുന്നു. എന്നാല്‍, പ്രതിഷേധത്തെത്തുടര്‍ന്ന് മാതൃഭൂമി പ്രസിദ്ധീകരണം നിര്‍ത്തിവെച്ച നോവല്‍, തന്റെ മകന്റെ പബ്ലിഷിങ് കമ്പനിയായ 'ശ്രേഷ്ഠ പബ്ലിക്കേഷന്‍' വഴി പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് അന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

ഇക്കാര്യം അദ്ദേഹം ഹരീഷിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. വിശ്വാസികളെ അപമാനിക്കുന്ന നോവലിന് ചെന്നിത്തല നല്‍കിയ ഈ പിന്തുണയാണ് ഇപ്പോള്‍ സന്ദീപ് വാചസ്പതി പ്രചാരണ ആയുധമാക്കുന്നത്.'മറക്കാനാകുമോ ഈ അപമാനം?' എന്ന തലക്കെട്ടോടെയുള്ള പോസ്റ്ററുകള്‍ മണ്ഡലത്തില്‍ വ്യാപകമാവുകയാണ്. അമ്പലത്തില്‍ പോകുന്ന പെണ്‍കുട്ടികള്‍ ലൈംഗികബന്ധത്തിന് തയ്യാറാണെന്ന് അബോധപൂര്‍വ്വമായി പ്രഖ്യാപിക്കുകയാണെന്ന നോവലിലെ വരികള്‍ വിശ്വാസികള്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്.



മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാട്ടപ്പെടുന്ന നേതാവ് ഇത്തരമൊരു നോവലിനെ പിന്തുണച്ചത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നാണ് എന്‍ഡിഎയുടെ ആരോപണം.ഹരിപ്പാട്ടെ ഈ വോട്ടുകച്ചവട ആരോപണങ്ങളും 'മീശ' വിവാദവും ചെന്നിത്തലയുടെ വിജയസാധ്യതയെ ബാധിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. മണ്ഡലം നിലനിര്‍ത്താന്‍ ചെന്നിത്തല കഠിനപ്രയത്‌നം നടത്തുമ്പോള്‍, വിവാദങ്ങള്‍ വോട്ടാക്കി മാറ്റാനാണ് സന്ദീപ് വാചസ്പതിയുടെ നീക്കം.

ഇടതുപക്ഷവും മണ്ഡലത്തില്‍ ശക്തമായ സാന്നിധ്യമായതോടെ ഹരിപ്പാട് ഇക്കുറി ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രവചിക്കുക അസാധ്യമായിരിക്കുന്നു. തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ 'മീശ' വീണ്ടും ചര്‍ച്ചയാക്കുകയാണ് ബിജെപി.