കോഴിക്കോട്: വടകരയില്‍ രാഷ്ട്രീയ പോരാട്ടം കടുക്കുന്നതിനിടെ യുഡിഎഫ് പിന്തുണയ്ക്കുന്ന ആര്‍എംപിഐ സ്ഥാനാര്‍ത്ഥി കെ കെ രമയ്‌ക്കെതിരെ വ്യാപകമായ സൈബര്‍ - രാഷ്ട്രീയ അതിക്രമങ്ങള്‍. വടകര വെള്ളികുളങ്ങരയില്‍ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചുമരെഴുത്തിന് മീതെ കരിഓയില്‍ പ്രയോഗം നടന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. തിങ്കളാഴ്ച രാവിലെയാണ് ടൗണിലെ മതില്‍ പൂര്‍ണ്ണമായും വികൃതമാക്കിയ നിലയില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പരാജയഭീതി പൂണ്ട ഇടതുപക്ഷമാണ് ഈ ഹീനകൃത്യത്തിന് പിന്നിലെന്ന് ആര്‍എംപിഐ ആരോപിച്ചു. സംഭവത്തില്‍ ചോമ്പാല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

രാഷ്ട്രീയമായ കടന്നാക്രമണങ്ങള്‍ക്ക് പുറമെ സോഷ്യല്‍ മീഡിയ വഴി കെ കെ രമയെ ലക്ഷ്യമിട്ട് വ്യക്തിഹത്യയും അശ്ലീല പ്രചാരണങ്ങളും നടക്കുന്നതായും പരാതിയുണ്ട്. സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ നവമാധ്യമങ്ങളില്‍ വ്യാജവിവരങ്ങളും അശ്ലീല ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നടത്തുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രമ റൂറല്‍ എസ്പിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മാന്യത തകര്‍ക്കുന്ന ഇത്തരം നീക്കങ്ങള്‍ ബോധപൂര്‍വ്വമാണെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

ചോമ്പാല്‍ ഹാര്‍ബറില്‍ പ്രചാരണത്തിനെത്തിയ സ്ഥാനാര്‍ത്ഥിയെ പൊതുജനങ്ങള്‍ തടഞ്ഞുവെച്ചു എന്ന രീതിയിലുള്ള കൃത്രിമ വീഡിയോ (AI Generated) പ്രചരിപ്പിച്ചതാണ് മറ്റൊരു പ്രധാന വിവാദം. യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിക്കുകയാണെന്നും കെ കെ രമ പരാതിയില്‍ ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു വനിതാ സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തുന്ന ഈ വ്യാജ പ്രചാരണം വടകരയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

വടകരയിലെ ആവേശകരമായ പോരാട്ടത്തിനിടയില്‍ ഇത്തരം സംഭവങ്ങള്‍ ജനാധിപത്യത്തിന് കളങ്കമാണെന്ന് യുഡിഎഫ് നേതൃത്വം പ്രതികരിച്ചു. കെ കെ രമയ്ക്ക് ലഭിക്കുന്ന ജനപിന്തുണയില്‍ വിറളിപൂണ്ടവരാണ് ഇരുട്ടിന്റെ മറവില്‍ ചുമരെഴുത്ത് നശിപ്പിക്കാനും സൈബര്‍ ഇടങ്ങളില്‍ അധിക്ഷേപം ചൊരിയാനും മുതിരുന്നത്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് ആര്‍എംപിഐയുടെ ആവശ്യം. വരും ദിവസങ്ങളില്‍ വടകരയിലെ രാഷ്ട്രീയ അന്തരീക്ഷം കൂടുതല്‍ പ്രക്ഷുബ്ധമാകാന്‍ ഈ സംഭവങ്ങള്‍ കാരണമായേക്കും.