കോട്ടയം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ നിര്‍ണ്ണായക ശക്തിയാകുമെന്ന് മനോരമ ന്യൂസ്-സി വോട്ടര്‍ മെഗാ ഇലക്ഷന്‍ സര്‍വേ ഫലം. സംസ്ഥാനത്തെ പ്രമുഖ മാധ്യമം ഇതാദ്യമായാണ് ഇത്രയധികം സീറ്റുകളില്‍ ബിജെപിക്ക് വ്യക്തമായ ജയസാധ്യത പ്രവചിക്കുന്നത്. സംസ്ഥാനത്താകെ ഒന്നു മുതല്‍ അഞ്ച് സീറ്റുകള്‍ വരെ എന്‍ഡിഎ നേടിയേക്കാമെന്നാണ് സര്‍വേ നല്‍കുന്ന സൂചന. തിരുവനന്തപുരം ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളിലും തൃശൂര്‍, മഞ്ചേശ്വരം എന്നിവിടങ്ങളിലും ബിജെപി കരുത്ത് തെളിയിക്കുമെന്ന് സര്‍വേ വ്യക്തമാക്കുന്നു.

തലസ്ഥാന ജില്ലയിലെ രാഷ്ട്രീയ ചിത്രം മാറുമെന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് വിജയിക്കുമെന്നാണ് സര്‍വേയുടെ പ്രവചനം. ശക്തമായ ത്രികോണ മത്സരം നടക്കുന്നുണ്ടെങ്കിലും ഇവിടെ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന് കഴക്കൂട്ടം മണ്ഡലത്തില്‍ നേരിയ വിജയസാധ്യത സര്‍വേ കല്‍പ്പിക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ എന്‍ഡിഎ ഒന്നു മുതല്‍ മൂന്ന് സീറ്റുകള്‍ വരെ നേടിയേക്കാമെന്നാണ് പ്രവചനം. വട്ടിയൂര്‍ക്കാവിലും ബിജെപി ശക്തമായ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്.

വടക്കന്‍ കേരളത്തില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപിക്ക് വിജയസാധ്യതയുണ്ടെന്ന് സര്‍വേ പറയുന്നു. കാസര്‍കോട് ജില്ലയില്‍ എന്‍ഡിഎയ്ക്ക് പൂജ്യം മുതല്‍ ഒരു സീറ്റ് വരെയാണ് പ്രവചിക്കുന്നത്. തൃശൂര്‍ ജില്ലയിലും ബിജെപി അക്കൗണ്ട് തുറക്കാനുള്ള സാധ്യത സര്‍വേ തള്ളിക്കളയുന്നില്ല. തൃശൂരിലെ 13 മണ്ഡലങ്ങളില്‍ ഒരിടത്ത് എന്‍ഡിഎയ്ക്ക് ജയസാധ്യതയുണ്ട്. ബിജെപി വലിയ പ്രതീക്ഷ വെച്ചിരുന്ന പാലക്കാട് ഇക്കുറിയും എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കമുണ്ടെന്നാണ് സര്‍വേ ഫലം.

എന്‍ഡിഎയ്ക്ക് ഇവിടെ വിജയസാധ്യത പ്രവചിക്കുന്നില്ല. അതുപോലെ തന്നെ പൂഞ്ഞാര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലും ബിജെപിക്ക് നില മെച്ചപ്പെടുത്താനാവില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മുന്നണി നില ഇങ്ങനെ:

സംസ്ഥാനത്ത് മൊത്തത്തില്‍ യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചുവരുമെന്നാണ് സര്‍വേ പറയുന്നത്.

യുഡിഎഫ്: 69 - 81 സീറ്റുകള്‍

എല്‍ഡിഎഫ്: 57 - 69 സീറ്റുകള്‍

എന്‍ഡിഎ: 01 - 05 സീറ്റുകള്‍

പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളില്‍ ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. എന്നാല്‍ വോട്ട് വിഹിതത്തില്‍ പലയിടത്തും ബിജെപി നിര്‍ണ്ണായകമായ വര്‍ദ്ധനവ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. 140 മണ്ഡലങ്ങളില്‍ നിന്നായി തൊണ്ണൂറായിരത്തോളം സാമ്പിളുകള്‍ ശേഖരിച്ചാണ് മനോരമ ഈ വിപുലമായ സര്‍വേ പൂര്‍ത്തിയാക്കിയത്. കേരളത്തിലെ പ്രധാനപ്പെട്ട ഒരു മാധ്യമ സ്ഥാപനം ബിജെപിക്ക് അഞ്ച് സീറ്റുകള്‍ വരെ പ്രവചിക്കുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.