- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയില്‍ നിന്ന് അയ്യായിരം വോട്ടും സിപിഎമ്മില്‍ നിന്ന് പതിനായിരക്കണക്കിന് വോട്ടും ലഭിക്കുമെന്ന അവകാശവാദം കോണ്‍ഗ്രസുമായി ചേര്‍ന്ന് നടത്തിയ മുന്‍കൂര്‍ ഗൂഢാലോചന; അമ്പലപ്പുഴയില്‍ സ്വതന്ത്ര വേഷം കെട്ടി വോട്ട് പിടിക്കാനുള്ള നീക്കം രാഷ്ട്രീയ പാപ്പരത്തം; സുധാകരനെ വിമര്‍ശിച്ച് പിണറായി

ആലപ്പുഴ: മുന്‍ മന്ത്രി ജി. സുധാകരന്റെ രാഷ്ട്രീയ നിലപാടുകളെയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ അദ്ദേഹത്തിന്റെ ചുവടുമാറ്റങ്ങളെയും അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
ആലപ്പുഴയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏതെങ്കിലും വ്യക്തിയുടെ പിന്നാലെയല്ല, മറിച്ച് പ്രസ്ഥാനത്തിനൊപ്പമാണ് ഉറച്ചുനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ജീവിതത്തില്‍ സംഭവിക്കുന്ന ഇത്തരം വ്യതിയാനങ്ങള്‍ വെറും വ്യക്തിപരമായ ജീര്‍ണതയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പുന്നപ്രവയലാര്‍ സമരസേനാനികളുടെ മണ്ണായ ആലപ്പുഴ, ചരിത്രപരമായ എല്ലാ പ്രതിസന്ധികളിലും പാര്‍ട്ടിക്കൊപ്പം നിന്ന ചരിത്രമാണ് ഉള്ളതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ബിജെപിയില്‍ നിന്ന് അയ്യായിരം വോട്ടും സിപിഎമ്മില്‍ നിന്ന് പതിനായിരക്കണക്കിന് വോട്ടും ലഭിക്കുമെന്ന സുധാകരന്റെ അവകാശവാദം കോണ്‍ഗ്രസ് നേതാക്കളുമായി ചേര്‍ന്ന് നടത്തിയ മുന്‍കൂര്‍ ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ബിജെപി വോട്ടുകളെ ആശ്രയിച്ച് ജയിക്കാന്‍ കണക്കുകൂട്ടുന്നതിലൂടെ സുധാകരന് ബിജെപിയുടെ കൂടി സ്ഥാനാര്‍ത്ഥിയായി മാറിയിരിക്കുകയാണ്. എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ബിജെപിയുടെ സഹായം തേടുന്നത് കോണ്‍ഗ്രസിന്റെ ഗതികേടാണ് കാണിക്കുന്നത്. അമ്പലപ്പുഴ പോലുള്ള ഇടത് കോട്ടകളില്‍ സ്വതന്ത്ര വേഷം കെട്ടി വോട്ട് പിടിക്കാനുള്ള നീക്കം രാഷ്ട്രീയ പാപ്പരത്തമാണ്.
ഇത്തരം അവസരവാദികള്‍ക്ക് ആലപ്പുഴയില്‍ ഒരിടത്തും വോട്ട് ലഭിക്കില്ലെന്നും പാര്‍ട്ടിയെ തകര്‍ക്കാമെന്ന വ്യാമോഹം നടക്കില്ലെന്നും പിണറായി വിജയന് വ്യക്തമാക്കി. പ്രസ്ഥാനത്തിന്റെ കരുത്ത് ഇത്തരം വഞ്ചനകളെ പ്രതിരോധിക്കാന്‍ പ്രാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


