കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ബേപ്പൂര്‍ മണ്ഡലത്തില്‍ പോരാട്ടം വ്യക്തിഹത്യയിലേക്ക് നീങ്ങുന്നുവെന്ന് ആരോപണം. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി. അന്‍വറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ്. സ്ഥാനാര്‍ത്ഥി പി.എ. മുഹമ്മദ് റിയാസിനെയും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് അന്‍വര്‍ തുടര്‍ച്ചയായി നടത്തുന്ന അധിക്ഷേപങ്ങള്‍ക്കെതിരെയാണ് പരാതി. അതേ സമയം തന്നെ കൊള്ളക്കാരനെന്ന് വിളിച്ചെന്ന് ആരോപിച്ച് മുഹമ്മദ് റിയാസിനെതിരെ പി വി അന്‍വര്‍ പൊലീസില്‍ പരാതി നല്‍കി

രാഷ്ട്രീയമായ വിയോജിപ്പുകള്‍ക്ക് പകരം 'മരുമോനിസം', 'പിണറായിസം' തുടങ്ങിയ പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് വ്യക്തിപരമായ കടന്നാക്രമണമാണ് പി.വി. അന്‍വര്‍ നടത്തുന്നതെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ് ഇതെന്നും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നല്‍കും.

തനിക്കെതിരെ ഉയരുന്ന അധിക്ഷേപങ്ങളോട് ശക്തമായ ഭാഷയിലാണ് മുഹമ്മദ് റിയാസ് പ്രതികരിച്ചത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളോട് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അവരെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ താന്‍ ഇതുവരെ മുതിര്‍ന്നിട്ടില്ലെന്ന് റിയാസ് പറഞ്ഞു. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നിലപാടുകള്‍ ജനം കാണുന്നുണ്ട്.

'ചിലരുടെയൊക്കെ ധാരണ പണത്തിന് മീതെ തിരഞ്ഞെടുപ്പില്‍ പരുന്തും പറക്കില്ലെന്നാണ്. എന്നാല്‍ പണത്തിന് മീതെ ബേപ്പൂര്‍ പറക്കുമെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കും,' - റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവനകള്‍ കൃത്യമായി രേഖപ്പെടുത്തിയവയാണെന്നും അത് ജനങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ തന്നെ തന്റെ മത്സരം 'പിണറായിസത്തിനും മരുമോനിസത്തിനും' എതിരാണെന്ന് പി.വി. അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. മണ്ഡലത്തില്‍ തരംഗം സൃഷ്ടിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആരോപണ പ്രത്യാരോപണങ്ങളാല്‍ ബേപ്പൂര്‍ മണ്ഡലം രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. മൂന്ന് മുന്നണികളും വോട്ടര്‍മാരെ നേരില്‍ കണ്ട് കളം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ്.