കോഴിക്കോട്: മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂര്‍ബിന റഷീദിന്റെ രാജിയിലേക്കും തുടര്‍ന്നുള്ള അച്ചടക്ക നടപടികളിലേക്കും നീങ്ങിയതോടെ പ്രതികരണവുമായി ലീഗ് നേതൃത്വം. നൂര്‍ബിനയുടെ രാജിയും പാര്‍ട്ടി നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങളും കടുത്ത അച്ചടക്കലംഘനമാണെന്ന് ലീഗ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. നൂര്‍ബിനയ്ക്ക് പാര്‍ട്ടി എല്ലാ പരിഗണനയും നല്‍കിയിട്ടുണ്ടെന്നും അവരുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.

മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂര്‍ബിന റഷീദിന് മത്സരിക്കാന്‍ അവസരം നല്‍കിയിരുന്നുവെന്ന് സാദിഖലി തങ്ങള്‍ ഓര്‍മ്മിപ്പിച്ചു. നൂര്‍ബിനയുടെ എല്ലാ പരാമര്‍ശങ്ങള്‍ക്കും മറുപടി നല്‍കാനില്ലെന്നും എല്ലാവരുമായും കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിലെ സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയ ഹരിതയിലും എംഎസ്എഫിലും സജീവമായി പ്രവര്‍ത്തിച്ചു വന്ന വ്യക്തിയാണ്. വനിതാ ലീഗിലെ രണ്ടുപേരെ സ്ഥാനാര്‍ത്ഥികളായി പരിഗണിച്ചിരുന്നുവെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. നൂര്‍ബിനയുടെ രാജിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് അഖിലേന്ത്യ നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നൂര്‍ബിന റഷീദിന്റേത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. പാര്‍ട്ടി വേദികളില്‍ പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലാണ് നൂര്‍ബിന വിളിച്ചുപറഞ്ഞത്. ഇതിനോടകം തന്നെ അവര്‍ക്ക് വിശദീകരണ നോട്ടീസ് അയച്ചിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് പാര്‍ട്ടി നീങ്ങും. വനിതാ ലീഗിന്റെ പൊതുനിലപാടല്ല നൂര്‍ബിനയുടേതെന്നും സലാം വ്യക്തമാക്കി.

അതേസമയം, പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ എല്‍ഡിഎഫ് നടത്തുന്നത് നെറികെട്ട വര്‍ഗ്ഗീയ പ്രചാരണമാണെന്നും പി.എം.എ സലാം ആരോപിച്ചു. വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തിന് സമാനമായ രീതിയിലാണ് സിപിഎം പേരാമ്പ്രയിലും നീങ്ങുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയേക്കാള്‍ വര്‍ഗ്ഗീയത പറയുന്നത് സിപിഎമ്മാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സീറ്റ് ലഭിക്കാത്തതിലല്ല, മറിച്ച് വനിതാ ലീഗിനോട് കാണിക്കുന്ന അവഗണനയിലാണ് താന്‍ പ്രതിഷേധിക്കുന്നതെന്ന് നൂര്‍ബിന റഷീദും പ്രതികരിച്ചു. ഫാത്തിമ തഹ്ലിയയെ സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി തനിക്ക് ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് ഇപ്പോഴത്തെ തീരുമാനം. കല്ലും മുള്ളും താണ്ടിയാണ് വനിതാ ലീഗിനെ കെട്ടിപ്പടുത്തത്. താന്‍ വ്യക്തിക്ക് വേണ്ടിയല്ല, മറിച്ച് ആദര്‍ശങ്ങള്‍ക്കും നിലപാടുകള്‍ക്കും വേണ്ടിയാണ് സംസാരിക്കുന്നത്. പുതിയ തലമുറയ്ക്ക് ഒരു നിയമവും പഴയ തലമുറയ്ക്ക് മറ്റൊരു നിയമവും എന്നത് അംഗീകരിക്കാനാവില്ലെന്നും നൂര്‍ബിന വ്യക്തമാക്കി. ലൈംഗിക ആരോപണക്കേസുകള്‍ പിന്‍വലിച്ചതിനെ പരാമര്‍ശിച്ച് പുതിയ തലമുറ വഴിതെറ്റാന്‍ പാടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വോട്ടെടുപ്പ് അടുത്തിരിക്കെ ലീഗ് കോട്ടകളിലുണ്ടായ ഈ പൊട്ടിത്തെറി യുഡിഎഫ് ക്യാമ്പിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.