കൊല്ലം: രാഹുല്‍ ഗാന്ധി ശരിയായ രാഷ്ട്രീയ നിലപാടില്ലാത്ത നേതാവാണെന്ന് മുതിര്‍ന്ന സി.പി.എം. നേതാവ് എ. വിജയരാഘവന്‍. ലോക്സഭയില്‍ പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കുന്നത് ഇടതുപക്ഷം കൂടി ഉള്‍പ്പെടുന്ന ഇന്ത്യ സഖ്യത്തിന്റെ പിന്തുണയുള്ളതുകൊണ്ടാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇക്കാര്യം മറന്ന് കേരളത്തിലെത്തി ഇടതുപക്ഷ സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമര്‍ശിക്കുന്നത് രാഹുലിന് രാഷ്ട്രീയ ബോധമില്ലാത്തതുകൊണ്ടാണെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

കുന്നത്തൂര്‍ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി കോവൂര്‍ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപ്പാക്കാനുള്ളതല്ല, മറിച്ച് ജനങ്ങളെ വഞ്ചിക്കാനുള്ള വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. ജനങ്ങളെ പറ്റിക്കുക എന്നതാണ് യു.ഡി.എഫ്. അജണ്ട. 600 രൂപ ക്ഷേമ പെന്‍ഷന്‍ 18 മാസം നല്‍കാത്തവരാണ് ഇപ്പോള്‍ അധികാരത്തില്‍ വന്നാല്‍ മാസം 3,000 രൂപ നല്‍കുമെന്ന് പറയുന്നത്. ഇത് ശുദ്ധമായ തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ ജയിലിലടക്കാത്തതിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രധാന വിഷമം. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിനെ ജയിലിലടപ്പിച്ചിട്ടും രാഹുലിനും കോണ്‍ഗ്രസിനും തൃപ്തിയായിട്ടില്ല. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരെല്ലാം ഒന്നിനുപുറകെ ഒന്നായി ബി.ജെ.പി.യില്‍ എത്തിയ ചരിത്രമാണ് ഉള്ളതെന്നും വിജയരാഘവന്‍ പരിഹസിച്ചു. രാഷ്ട്രീയമായ സ്ഥിരതയോ നിലപാടോ ഇല്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.