കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം മുറുകവെ ഗുരുതര ആരോപണവുമായി ബിജെപി കര്‍ണാടക ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ ശോഭ കരന്തലജെ. കേരളത്തില്‍ ലൗ ജിഹാദ് മാത്രമല്ല ബിസിനസ് ജിഹാദും ലാന്‍ഡ് ജിഹാദും ഉണ്ട് ഉണ്ട് എന്നാണ് ശോഭ കരന്തലജെ പറഞ്ഞത്. എഫ്സിആര്‍എ വിഷയത്തില്‍ നിയമപരമായി വിദേശത്തുനിന്ന് പണം കൊണ്ടുവരുന്നവര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ല എന്നും ശോഭ കരന്തലജെ പറഞ്ഞു. അനധികൃതമായി പണം എത്തിക്കുന്നവര്‍ക്ക് മാത്രമാണ് പ്രശ്‌നമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

വിദേശ ധനസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, കൃത്യമായ രേഖകളില്ലാതെ പണം കൈപ്പറ്റുന്നവര്‍ക്ക് മാത്രമാണ് നടപടികള്‍ ഭയപ്പെടേണ്ടതെന്ന് എറണാകുളത്ത് ഓര്‍മ്മിപ്പിച്ചു. എറണാകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി പി.ആര്‍ ശിവശങ്കറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖയും ലവ് ജിഹാദ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരുന്നു. താന്‍ പോലീസ് ഉദ്യോഗസ്ഥയായിരുന്ന കാലത്ത് നേരിട്ട അവഗണനകളും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും വിവരിച്ച ശ്രീലേഖ, ഒരു മന്ത്രിയുടെ ഭാര്യ പോലും വീടിനുള്ളില്‍ തടങ്കലിലായപ്പോള്‍ പോലീസിന് നിസ്സഹായരായി നില്‍ക്കേണ്ടി വന്നുവെന്ന ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചത്. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ കേരളം പിന്നോട്ടാണെന്ന വാദമാണ് ബിജെപി ക്യാമ്പ് ഉയര്‍ത്തുന്നത്.

ഒരു പൊലീസ് ഉദ്യോഗസ്ഥയായ തനിക്ക് പോലും ദുരനുഭവമുണ്ടായി. അന്ന് ഡിജിപി പോലും കൂടെ നിന്നില്ല. രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലേ ഡിജിപിക്ക് തന്റെ കൂടെ നില്‍ക്കാനാവൂ. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി. സ്വന്തം വീട്ടില്‍ മന്ത്രി ഭാര്യയെ പൂട്ടിയിട്ടു. പൊലീസിന്റെ പരാതി സെല്ലില്‍ നേരിട്ട് വിളിച്ചിട്ട് പോലും സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്നും ഇതാണ് കേരളത്തിന്റെ അവസ്ഥയെന്നുമാണ് ശ്രീലേഖ പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു ശ്രീലേഖയുടെ പ്രസംഗം.

അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ അടച്ചിട്ടപ്പോള്‍ അവര്‍ 112ല്‍ വിളിച്ചു. എന്നിട്ടും സഹായം ലഭിച്ചില്ല. കാരണം എതിര്‍ഭാഗത്ത് നില്‍ക്കുന്നത് മന്ത്രിയായതുകൊണ്ടാണെന്നും അവര്‍ ആരോപിച്ചിരുന്നു. ഇവിടെ രാഷ്ട്രീയത്തിനാണ് വില, അതില്‍ കവിഞ്ഞ ഒന്നുമില്ല എന്നുള്ള സ്ഥിതി വന്നിരിക്കുന്നതുകൊണ്ട് സ്ത്രീകള്‍ക്ക് അരക്ഷിതാവസ്ഥ ഉണ്ട്. വട്ടിയൂര്‍ക്കാവില്‍ എംഎല്‍എ ആയാല്‍ തന്റെ 33 വര്‍ഷത്തെ പ്രവൃത്തിപരിചയം കൊണ്ടും നിയമത്തിലുള്ള അറിവുകൊണ്ടും സ്ത്രീ സംരക്ഷണത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തിരുന്നു.

അതേസമയം, ആവേശക്കൊടുമുടിയേറ്റാന്‍ പ്രധാനമന്ത്രി ഇന്നെത്തും. വൈകിട്ട് നാലുമണിക്കാണ് എത്തുക. 3 .30 ന്ന് പെരുന്ന ചടട കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍ ഇറങ്ങും. തിരുവല്ലയിലെ ബിജെപി സ്ഥാനാര്‍ഥി അനൂപ് ആന്റണി അടക്കം 11 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ പങ്കെടുക്കും. ബി ജെ പിക്ക് വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് തിരുവല്ല. വന്‍ സുരക്ഷാ ക്രമീകരണമാണ് തിരുവല്ല നഗരത്തിലെങ്ങും . പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു. തിരുവല്ലയിലെ പൊതുസമ്മേളനത്തിനു ശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് പോകും

എന്‍ഡിഎയ്ക്കു പുറമെ എല്‍ഡിഎഫും യുഡിഎഫും പ്രചാരണത്തിന്റെ അവസാന ലാപ്പിലാണ്. മുഖ്യമന്ത്രിയേയും ഇടത് മുന്നണിയേയും കടന്നാക്രമിച്ചായിരുന്നു ആലപ്പുഴയില്‍ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. എല്‍ഡിഎഫിനെ ഇപ്പോള്‍ ഇടതുപക്ഷം എന്ന് വിളിക്കാനാകില്ല. ഇടതില്‍ ഇപ്പോള്‍ രണ്ട് തരം നേതാക്കളാണുള്ളത്. നരേന്ദ്ര മോദിക്കും പിണറായി വിജയനും ധാര്‍ഷ്ട്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാ ദിവസവും ക്ഷേത്രങ്ങളെക്കുറിച്ച് പറയുന്ന മോദിക്ക് കേരളത്തിലെത്തുമ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ളയെപ്പറ്റി പറയുന്നതില്‍ മൗനമാണ്. പിണറായി വിജയനെ സഹായിക്കുന്നതിനാണ് ഈ മൗനം.

മുഖ്യമന്ത്രിയേയോ കുടുംബത്തേയോ മോദി എന്തെങ്കിലും പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. പാര്‍ലമെന്റില്‍ വനിതകള്‍ എഴുന്നേറ്റാല്‍ മോദിക്ക് ഭയമാണ്. കേരളത്തില്‍ കരിങ്കൊടി കാണിക്കുന്നവരെ പിണറായി തല്ലിച്ചതയ്ക്കും. രണ്ടുപേരും അധികാരം കൊണ്ട് മത്തുപിടിച്ചവരാണെന്നും രാഹുലിന്റെ പരിഹാസം. സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് രണ്ടാംഘട്ട പ്രചാരണത്തിനിറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്കല്‍ കമ്മിറ്റികളിലെ പൊതുപരിപാടികള്‍ ഇന്നും നാളെയുമായി മുഖ്യമന്ത്രി പങ്കെടുക്കും. നുണകള്‍ അതിവേഗം പ്രചരിക്കുന്ന ഇക്കാലത്ത് സത്യത്തിന്റെ വക്താക്കളാവാന്‍ ഓരോരുത്തരും മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു