- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരില്‍ വോട്ടര്‍മാര്‍ക്ക് ബിജെപിയുടെ 'വിഷുക്കിറ്റ്'; ഒളരിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉപരോധിച്ച് എല്‍ഡിഎഫും കോണ്‍ഗ്രസും; പോലീസ് കേസെടുത്തു

തൃശൂര്‍: തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി തൃശൂര്‍ ഒളരിയില്‍ ബിജെപി വോട്ടര്‍മാര്‍ക്ക് സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തതായി പരാതി. ഒളരി ശിവരാമപുരം ഉന്നതിയിലെ താമസക്കാര്‍ക്ക് ബിജെപി പ്രാദേശിക നേതൃത്വം സ്ലിപ്പുകള്‍ നല്‍കുകയും ഇതുപയോഗിച്ച് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കിറ്റുകള്‍ കൈപ്പറ്റുകയും ചെയ്തുവെന്നാണ് ആരോപണം. സംഭവമറിഞ്ഞ് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഫ്‌ലയിങ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തി സൂപ്പര്‍മാര്‍ക്കറ്റ് അടപ്പിച്ചു.
ഒളരി പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് സമീപത്തെ കാര്‍ത്തിക സൂപ്പര്‍മാര്‍ക്കറ്റ് കേന്ദ്രീകരിച്ചായിരുന്നു കിറ്റ് വിതരണം നടന്നത്. ബിജെപി പ്രാദേശിക നേതാവ് രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നൂറോളം സ്ലിപ്പുകള്‍ വിതരണം ചെയ്തതായും ഇതുപയോഗിച്ച് പലരും കിറ്റുകള്‍ കൈപ്പറ്റിയതായും എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു. 12 ഇനം പലവ്യഞ്ജനങ്ങള്‍ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. സൂപ്പര്‍മാര്‍ക്കറ്റിന് പിന്നിലെ ഗോഡൗണ്‍ വഴിയാണ് വിതരണം നടന്നതെന്നാണ് സൂചന.
വിവരമറിഞ്ഞ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി.എസ്. സുനില്‍ കുമാര്‍, അനൂപ് ഡേവിസ് കാട എന്നിവരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. പിന്നാലെ അയ്യന്തോള്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സൂപ്പര്‍മാര്‍ക്കറ്റിന് മുന്‍പില്‍ മുദ്രാവാക്യം വിളികളുമായി എത്തിയതോടെ പ്രദേശം യുദ്ധക്കളമായി. ബിജെപി ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുകയാണെന്ന് ഇരുവിഭാഗം നേതാക്കളും ആരോപിച്ചു.
ആര്‍ഡിഒയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇലക്ഷന്‍ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഡോ. ബിന്ദുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ വെസ്റ്റ് പോലീസ് കേസെടുത്തു. രാധാകൃഷ്ണന്‍ എന്ന വ്യക്തിയാണ് കിറ്റുകള്‍ തയ്യാറാക്കാന്‍ ഏല്‍പ്പിച്ചതെന്നും 75 കിറ്റുകള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചതില്‍ പത്തെണ്ണം വിതരണം ചെയ്തുവെന്നും സൂപ്പര്‍മാര്‍ക്കറ്റ് ഉടമ വെളിപ്പെടുത്തി. ബാക്കിയുള്ള കിറ്റുകള്‍ പോലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തും ഇതേ പ്രദേശത്ത് ബിജെപി വോട്ടിന് പണം നല്‍കിയെന്ന് പരാതി ഉയര്‍ന്നിരുന്നു. അന്ന് വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്ന കാര്യവും എല്‍ഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റ് കെ.ബി. സുമേഷ് ചൂണ്ടിക്കാട്ടി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷനും പോലീസിനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.


