- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്യൂരിറ്റി ജീവനക്കാരന്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കായി വീട്ടിലേക്ക് പോയ സമയത്ത് ആസൂത്രിത ആക്രമണം; ലാപ്‌ടോപ്പും പ്രിന്ററും തകര്‍ത്തു; ഫ്ലക്സുകള്‍ വലിച്ചുകീറി; എം.വിന്‍സെന്റിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തതില്‍ പരാതിയുമായി യുഡിഎഫ്

തിരുവനന്തപുരം: കോവളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം. വിന്‍സെന്റിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനുനേരെ അജ്ഞാതരുടെ ആക്രമണം. ബാലരാമപുരത്തിന് സമീപം ഉച്ചക്കടയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഓഫീസാണ് ഞായറാഴ്ച രാവിലെ അക്രമിസംഘം തകര്‍ത്തത്. ഇലക്ഷനുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പും പ്രിന്ററും അക്രമികള്‍ പൂര്‍ണ്ണമായും നശിപ്പിച്ചു. ഇതിന് പുറമെ ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന വലിയ ഫ്‌ലെക്‌സ് ബോര്‍ഡുകളും വലിച്ചുകീറിയ നിലയിലാണ് കണ്ടെത്തിയത്. ഓഫീസിന് കാവലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ രാവിലെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി വീട്ടിലേക്ക് പോയ സമയത്താണ് ആക്രമണം നടന്നതെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പ്രചാരണം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിനില്‍ക്കുന്ന വേളയിലുണ്ടായ ഈ അക്രമം മണ്ഡലത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
ഓഫീസിനുള്ളിലെ കമ്പ്യൂട്ടര്‍, പ്രിന്റര്‍, ലാപ്‌ടോപ്പ്, ലൈറ്റുകള്‍ എന്നിവ പൂര്‍ണ്ണമായും അടിച്ചുതകര്‍ത്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പ് നശിപ്പിക്കപ്പെട്ടത് യുഡിഎഫ് ക്യാമ്പിന് വലിയ ആഘാതമായിട്ടുണ്ട്. ഓഫീസിന് പുറത്ത് സ്ഥാപിച്ചിരുന്ന കമാനം, വന്‍തോതിലുള്ള ഫ്‌ലെക്‌സ് ബോര്‍ഡുകള്‍, പ്രചാരണ വാഹനങ്ങള്‍ എന്നിവയും അക്രമികള്‍ നശിപ്പിച്ചു. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നതെന്ന് കരുതപ്പെടുന്നു. ഓഫീസിന് കാവലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കായി പുറത്തുപോയ തക്കം നോക്കിയാണ് അക്രമികള്‍ അകത്തുകയറിയത്. പിന്നീട് പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് ഓഫീസ് തകര്‍ക്കപ്പെട്ട വിവരം പുറംലോകമറിയുന്നത്. വിവരമറിഞ്ഞ് സ്ഥാനാര്‍ഥി എം. വിന്‍സെന്റ് നേരിട്ടെത്തി ഓഫീസ് പരിശോധിച്ചു. രാഷ്ട്രീയമായ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ഒരു ജനാധിപത്യ പ്രക്രിയയുടെ ഭാഗമായ തിരഞ്ഞെടുപ്പ് ഓഫീസ് തകര്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രവര്‍ത്തകര്‍ പ്രതികരിച്ചു.
സംഭവത്തില്‍ ബാലരാമപുരം പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ തിരിച്ചറിയുന്നതിനായി പ്രദേശത്തെയും ഓഫീസിന് സമീപത്തെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ ഇതുവരെ യുഡിഎഫ് പരസ്യമായി ആരോപണം ഉന്നയിച്ചിട്ടില്ലെങ്കിലും, നിഷ്പക്ഷമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അന്തരീക്ഷം കലുഷിതമാക്കാനുള്ള ശ്രമമാണോ ഇതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.


